Film Events

എന്തൊരു വിരോധാഭാസം, ആ പാവം മനുഷ്യന്‍ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല, ഡെന്നിസ് ജോസഫിനെക്കുറിച്ച് ഭദ്രന്‍

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ഭദ്രന്‍. ''ആ പാവം മനുഷ്യന്‍ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല!, മരിച്ചുകഴിഞ്ഞപ്പോള്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കുന്നു.

എന്തൊരു വിരോധാഭാസം!.'' എന്നാണ് ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഡെന്നിസ് ജോസഫ് സിനിമയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കാരണമായത് ''വിഴുങ്ങിയാല്‍ തൊണ്ടയില്‍ മുഴക്കുന്ന സിനിമകളുടെ പുറകെ ഫാഷന്‍ പരേഡ് നടത്തുന്ന ഹീറോ സങ്കല്പത്തോട് ആ മഹാരഥന്‍ വിഘടിച്ചിരിക്കാമെന്നും ഭദ്രന്‍.

ഡെന്നിസ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ ഡെന്നീസ് ജോസഫ് നമ്മെ വിട്ടുപോകുന്നതിനു ഏതാണ്ട് പത്തു ദിവസം മുൻപ് വിട്ട ഒരു Whatsapp Pic. ഒപ്പം ഒരു അടിക്കുറിപ്പും ഉണ്ട്.

"ഈ പരാക്രമികളെ ഓർമ്മ ഉണ്ടോ?"

ആ പ്രയോഗം എനിക്ക് നന്നേ ഇഷ്ടപെട്ടതുകൊണ്ട് കുറെ നേരം ചിരിച്ചുപോയി.

അത് ജോഷിയും ഞാനും ഡെന്നിസും ആയിരുന്നു .

ആ ചങ്ങാതി അങ്ങനെയാണ്.മുഖപക്ഷം നോക്കാതെ മനസ്സിൽ വരുന്നത് വെട്ടിത്തുറന്ന് പറയും.അന്നേ തോന്നിയിരുന്നു ഈ ഫോട്ടോ സൂക്ഷിക്കപെടേണ്ടതാണെന്ന്.

ഇന്ന് ആ വേർപാട് ഒരു നൊമ്പരം ആയി മനസ്സിൽ കെട്ടിക്കിടക്കുന്നു.

എൻ്റെ വിരലുകൾക്കിടയിൽ പുകയാതെ നിൽക്കുന്ന 555 സിഗരറ്റ് കണ്ടു അനവധി ആൾക്കാർ വിളിക്കുകയുണ്ടായി.

"അപ്പോൾ പണ്ട് പണ്ട് പുകവലിക്കാരൻ ആയിരുന്നു അല്ലേ ?".

സത്യത്തിൽ, ഡെന്നീസിന്റെ പോക്കറ്റിലെ പാക്കറ്റിൽ നിന്ന് അനുവാദമില്ലാതെ കരസ്ഥമാക്കിയ ഒരു സിഗരറ്റ് ആയിരുന്നു അത്.അതിൽ കുത്തി നിറച്ച ടുബാക്കോ കത്തുന്നതിനു മുൻപുള്ള ഗന്ധത്തിനു ഒരു മാസ്മരികത അനുഭവപ്പെടുമായിരുന്നു. അത്രേയൊള്ളൂ ,പുക വലി എനിക്ക് ശീലമായിരുന്നില്ല.

പിൽക്കാലത്തു, എല്ലാം ഉപേക്ഷിച്ച ഒരു സ്വാത്വികൻ ഡെന്നിസും ആയിട്ടായിരുന്നു എനിക്ക് കൂടുതൽ ചങ്ങാത്തം.

വരും കാലത്തിനു ഇങ്ങനെയൊരു സ്ക്രീൻ റൈറ്ററുടെ പിറവി ഉണ്ടാവില്ല.

മുപ്പതു വയസിനു മുൻപേ, മലയാള സിനിമയിൽ പിറക്കുന്ന സിനിമകളുടെ ഛായാചിത്രം മാറ്റിക്കുറിച്ചു അയാൾ.

ഞാൻ ചോദിച്ചിട്ടുണ്ട് എപ്പോഴോ "ഡെന്നിസെ നമുക്ക് ചേർന്ന് ഒരു സിനിമ ചെയ്യണം.ഉത്തരം മുഖത്തടിക്കും പോലെ വന്നു .

"അസാധ്യം...”

"താൻ വേറെ ലെവൽ ആണ്. നമ്മൾ ഒത്തുചേർന്നാൽ ഭൂകമ്പം ഉറപ്പ് ".

അത് അദ്ദേഹത്തിന്റെ പച്ചയായ ഭാഷയാണ്.എന്നോട് സഹകരിക്കാനുള്ള ഇഷ്ടക്കേടുകൊണ്ടോ ഒഴിവാക്കാനോ ഒന്നുമായിരുന്നില്ല.എന്റെ ചിന്തകളെ എന്നും ആയിരം നാവുകളോടെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.

"അയ്യർ ദി ഗ്രേറ്റ് " നെ ഒരു അത്ഭുതമായി പറയാറുണ്ടായിരുന്നു.

മലയാള സിനിമയിലെ രണ്ടു മഹാരഥന്മാരുടെ വ്യത്യസ്ത സിനിമകൾ മുഴുവനും തന്നെ ഡെന്നിസിന്റെ സംഭാവനകൾ ആയിരുന്നില്ലേ?

ഉപേക്ഷിച്ചു തള്ളിയ മൂലക്കല്ലിനെ സ്വർണ ഗോപുരം ആക്കാനും "ന്യൂ ഡൽഹി"ക്കു കഴിഞ്ഞു വിൻസെന്റ് ഗോമസിനെ മലയാളിയുടെ ചക്രവർത്തിയാക്കി.

എത്രയെത്ര വ്യത്യസ്ത കഥകൾ ഇവർക്കായി ജനിച്ചു.എന്നിട്ടുമെന്തേ അയാൾ അന്തർമുഖനായി?

സിനിമാലോകം കണ്ടെത്തേണ്ട ഉത്തരമാണ്...

വിഴുങ്ങിയാൽ തൊണ്ടയിൽ മുഴക്കുന്ന സിനിമകളുടെ പുറകെ ഫാഷൻ പരേഡ് നടത്തുന്ന ഹീറോ സങ്കല്പത്തോട് ആ മഹാരഥൻ വിഘടിച്ചിരിക്കാം.

അവസാന ഘട്ടത്തിൽ എപ്പോഴോ ഒരു ഓട്ടോ റിക്ഷയിൽ പ്രൊഡ്യൂസർ ആയ തോംസൺ ഗ്രൂപ്പിലെ ബാബുവിന്റെ വീട്ടിൽ ഡെന്നിസ് പോവുകയുണ്ടായി. മകളുടെ admission recommendationനുമായി.മടക്കം ഓട്ടോറിക്ഷയിൽ കയറുന്നതു കണ്ട് കാറിൽ വിട്ടു തരാം എന്ന് ബാബു പറഞ്ഞപ്പോൾ ഡെന്നിസ് ചിരിച്ചുകൊണ്ട്

"ഞാൻ ഓട്ടോയിൽ വന്നു ഓട്ടോയിൽ പോട്ടെ. ഞാൻ ഇപ്പോൾ സാധാരണക്കാരൻ ആണ്.”

ഡെന്നിസിന്റെ മരണശേഷം ബാബു എന്നോട് ഇത് ഷെയർ ചെയ്തപ്പോൾ മനസ്സിൽ ഒരു ഭാരം തോന്നി.

ആ പാവം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല!, മരിച്ചുകഴിഞ്ഞപ്പോൾ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കുന്നു.

എന്തൊരു വിരോധാഭാസം!.

ആ നല്ല മനുഷ്യൻ ഉയരങ്ങളിലേ സ്വർഗത്തിലേക്ക് ചിറകടിച്ചു ഉയരുന്നത് ഞാൻ കാണുന്നു.

മാലാഖാമാർക്കായി ഒരു തിരക്കഥ എഴുതാൻ...

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT