മോഹന്‍ലാലിനൊപ്പം മുപ്പതിലേറെ സിനിമകളില്‍ ചെറുറോളുകളിലെത്തിയിരുന്നു ആന്റണി പെരുമ്പാവൂര്‍. പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന 'ബ്രോ ഡാഡി'യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. ദൃശ്യം രണ്ട് പതിപ്പുകളിലും പൊലീസ് റോളിലായിരുന്നു ആന്റണി പെരുമ്പാവൂര്‍.
ശരിക്കും പൊലീസില്‍ എടുത്തോ എന്ന കാപ്ഷനോടൊപ്പമാണ് മോഹന്‍ലാല്‍ ആന്റണിയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ജനുവരി 26നാണ് ഹോട്ട്‌സ്റ്റാറില്‍ ബ്രോ ഡാഡി പ്രിമിയര്‍ ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മോഹന്‍ലാല്‍ അച്ഛനായും പൃഥ്വിരാജ് മകനായും എത്തുന്ന ചിത്രം എന്റര്‍ടെയിനറാണ്.
കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. അഭിനന്ദന്‍ രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ് കലാസംവിധാനം അഖിലേഷ് മോഹന്‍ എഡിറ്റര്‍. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്. ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ്. കോസ്റ്റിയൂംസ് സുജിത് സുധാകരന്‍.
ജോണ്‍ കാറ്റാടിയെ മോഹന്‍ലാലും മകന്‍ ഈശോ ജോണ്‍ കാറ്റാടിയുടെ റോളില്‍ പൃഥ്വിരാജും എത്തുന്നു. മീനയാണ് അമ്മയുടെ റോളില്‍.
ബ്രോ ഡാഡി എന്ന ചിത്രം ചെയ്യാനുള്ള കാരണം അടുത്തിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അത് തന്നെയാണ് സിനിമ ചെയ്യാനുണ്ടായ പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സാധാരണയായി കഥ കേൾക്കുമ്പോൾ നോ പറയാനുള്ള ഒരു സ്പേസ് അഭിനേതാക്കൾ ഇടാറുണ്ട്. എന്നാൽ ബ്രോ ഡാഡിയുടെ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പൃഥിരാജ് സംവിധാനം ചെയ്യുവാൻ താത്പര്യപ്പെട്ടതെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീജിത്ത്. എന്‍. ദ ക്യുവിനോട് പറഞ്ഞു. പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമ ചെയ്താലോയെന്ന ആശയം ഓൾഡ്മോങ്ക്സിലെ സിനിമാ ചർച്ചകളിൽ ഉണ്ടായി. അങ്ങനെയാണ് ബ്രോ ഡാഡിയുടെ കഥ ഉണ്ടായതെന്നും ശ്രീജിത്ത് പറഞ്ഞു.