അമ്മ സംഘടനയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് വൈസ് പ്രസിഡന്റും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. താരസംഘടനയോട് അസൂയയുള്ളവരാണ് അമ്മ പിരിച്ചുവിടണമെന്ന് പറയുന്നതെന്ന മുകേഷിന്റെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. അമ്മയെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കണം. അത് ഏത് ഭാഗത്ത് നിന്ന് വന്നാലും. കൊച്ചി കലൂരില്‍ താരസംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗണേഷിന്റെ പ്രതികരണം.
അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെയും മുഖവിലക്കെടുക്കേണ്ട. ചില ആളുകള്‍ക്കൊരു സ്വഭാവമുണ്ട്. ഉയരമുള്ള മരത്തിന്റെ മുകളിലാണ് ഉച്ചഭാഷിണി വച്ചു കെട്ടുന്നത്. അതിലൂടെ അസഭ്യം പറഞ്ഞാല്‍ നാട് മുഴുവന്‍ കേള്‍ക്കും. അമ്മ ഒരു ഉയരമുള്ള വൃക്ഷമാണ്. ആ വൃക്ഷത്തിന്റെ മുകളില്‍ നിന്ന് ചിലര്‍ അമ്മയെ അധിക്ഷേപിക്കാറുണ്ടെന്നും ഗണേഷ് കുമാര്‍. സംഘടനയ്ക്ക് ഇരട്ടപ്പേര് ഇടാന്‍ വരെ പോയവരുണ്ട്. അമ്മയെ ഇല്ലാത്താക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കണം. അത് ഏത് ഭാഗത്ത് നിന്ന് വന്നാലും. അതും മുകേഷ് പറഞ്ഞത് പോലെ അസൂയ മാത്രമാണെന്നും ഗണേഷ് കുമാര്‍.
പത്ത് കോടി ചെലവില്‍ കലൂര്‍ ദേശാഭിമാനി റോഡില്‍ താരസംഘടന സജ്ജീകരിച്ച കെട്ടിടം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. അമ്മയുടെ ജനറല്‍ ബോഡി, എക്‌സിക്യുട്ടീവ് യോഗങ്ങള്‍ ഇനി ഹോട്ടലുകള്‍ക്ക് പകരം ആസ്ഥാന മന്ദിരത്തിലായിരിക്കും. ട്വന്റി ട്വന്റി മാതൃകയില്‍ അമ്മ നേതൃത്വം നല്‍കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.