പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്നത് പ്രഖ്യാപിച്ചത് ആസ്വാദകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. മുരളി ഗോപിയുടെ രചനയില്‍ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ 200 കോടി പിന്നിട്ട സിനിമയെന്ന ഖ്യാതിയുമായി മുന്നേറുമ്പോള്‍ ടീം ലൂസിഫര്‍ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ആദ്യ ഭാഗം പ്രഖ്യാപിച്ച മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ വച്ചാണ് എമ്പുരാന്‍ എന്ന സിനിമ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുമെന്ന് റിയിച്ചത്. 2020 ആദ്യപകുതിയോടെ ചിത്രീകരണം തുടങ്ങും. 2021ല്‍ സിനിമ പ്രേക്ഷകരിലെത്തും.
ലൂസിഫര്‍ എന്ന സിനിമയില്‍ ആരാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള ടെയില്‍ എന്‍ഡ് സോംഗ് എന്‍പുരാനേ എന്ന് തുടങ്ങുന്നത് ആയിരുന്നു. ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ രചനയിലായിരുന്നു ഈ ഗാനം. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരന്‍ അബ്രാം ഖുറേശിയെന്ന റഷ്യയില്‍ വേരുകള്‍ ഉള്ള ഡോണ്‍ ആണെന്ന് വെളിപ്പെടുത്തുന്ന ഗാനം. നായകനെ വിശേഷിപ്പിക്കുന്ന ഈ വരികളില്‍ നിന്നാണ് ലൂസിഫര്‍ സീക്വലിന്റെ പേരിന്റെ പിറവി. എമ്പുരാന്‍ എന്ന പേര് മുരളിയില്‍ നിന്ന് വന്നതാണെന്ന് പൃഥ്വിരാജ് സുകുമാരന്‍. തമ്പുരാനും ദൈവത്തിനും ഇടയിലുള്ള ആള്‍ എന്നാണ് എമ്പുരാന്‍ എന്ന വാക്കിന് പൃഥ്വി നല്‍കുന്ന നിര്‍വചനം.
ലൂസിഫര്‍ എന്ന സിനിമയുടെ കഥാതുടര്‍ച്ച മാത്രമായിരിക്കില്ല സീക്വല്‍. ഇപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പ് നടന്ന കഥയും ഇപ്പോള്‍ കണ്ട കഥയുടെ തുടര്‍ച്ചയുമായിരിക്കും രണ്ടാം ഭാഗമെന്നും പൃഥ്വിരാജ് സുകുമാരന്‍.
ലൂസിഫര്‍ രണ്ടാം ഭാഗം പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വിവിധ ലൊക്കേഷനുകള്‍ ഉണ്ടെന്നും എങ്കിലും പ്രധാന ലൊക്കേഷന്‍ കേരളം ആയിരിക്കുമെന്നും പൃഥ്വിരാജ് സുകുമാരന്‍.
ലൂസിഫര്‍ ആദ്യഭാഗത്തില്‍ ദൈര്‍ഘ്യമുള്ള അതിഥി താരമായാണ് പൃഥ്വിരാജ് എത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലംകയ്യായ സയീദ് മസൂദിനെയാണ് പൃഥ്വി അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ തന്റേത് ദൈര്‍ഘ്യമേറിയ റോളായിരിക്കുമെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു.
സിനിമ എവിടെ ചിത്രീകരിക്കണമെന്നതും എങ്ങനെ ഷൂട്ട് ചെയ്യണമെന്നും ധാരണയുണ്ട്. പക്ഷേ എപ്പോഴേക്ക് കൃത്യമായി റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്. ചില സ്ഥലങ്ങളില്‍ ഷൂട്ടിംഗ് അനുമതി വേണം. അവിടെ ചിത്രീകരിക്കാന്‍ വലിയൊരു യൂണിറ്റ് പോകേണ്ടിവരും. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയാകണം ഈ സിനിമയിലേക്ക് കടക്കാന്‍.
ലൂസിഫറിനെക്കാള്‍ വലിയ പ്രൊജക്ടായിരിക്കും എമ്പുരാന്‍. സിനിമയുടെ ബജറ്റ് പ്രഖ്യാപിച്ചിട്ടില്ല. 25 കോടിയോളം മുതല്‍മുടക്കിലാണ് ലൂസിഫര്‍ ചിത്രീകരിച്ച്. മോഹന്‍ലാല്‍ മുമ്പ് താമസിച്ചിരുന്ന തേവരയിലെ വീട്ടിലാണ് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്നത്.
ലൂസിഫറില്‍ കണ്ടത്ര ചെറിയ കഥാപാത്രമല്ല സയിദ് മസൂദ് സ്റ്റീഫന്റെയും ഖുറേഷിയുടെയും ജീവിതത്തില്‍. അത് കൂടി വെളിപ്പെടുന്ന സിനിമയായിയിരിക്കും എമ്പുരാന്‍ എന്ന് പൃഥ്വി
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവരുടെ സാന്നിധ്യത്തിലാണ് എമ്പുരാന്‍ പ്രഖ്യാപിച്ചത്. ലോഞ്ച് ടീസറും ഇതിനൊപ്പം പ്രദര്‍ശിപ്പിച്ചു.