Entertainment

‘അവിസ്മരണീയം’; ചോലയുടെ ടോക്യോ ഫിലിമെക്‌സ് പ്രദര്‍ശനത്തേക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍

THE CUE

ചോലയുടെ ജപ്പാന്‍ സ്‌ക്രീനിങ്ങ് അവിസ്മരണീയ അനുഭവമായിരുന്നെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരിക്കലും മറക്കാനാകാത്ത ഒരു വൈകുന്നേരം നല്‍കിയതിന് ടോക്യോ ഫിലിമെക്‌സ് ചലച്ചിത്ര മേളയ്ക്ക് വലിയ നന്ദി പറയുകയാണെന്ന് സനല്‍ പറഞ്ഞു. സ്‌ക്രീനിങ്ങും ചോദ്യോത്തരവേളയും മനോഹരമായിരുന്നു. അതിര്‍ത്തികള്‍ ഭേദിക്കാന്‍ സിനിമയ്ക്ക് ശക്തിയുണ്ടെന്ന തന്റെ വിശ്വാസം ശരിയാണെന്ന് മേള തെളിയിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തിന് ശേഷമാണ് സനലിന്റെ പ്രതികരണം.

നിമിഷ സജയന്‍, ജോജു ജോര്‍ജ്, അഖില്‍ വിശ്വനാഥ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഡിസംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോലയുടെ പ്രമേയം. ചിത്രത്തിലെ അഭിനയം കൂടി പരിഗണിച്ചായിരുന്നു നിമിഷാ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് പരിഗണിച്ചിരുന്നത്. നിമിഷയെയും ജോജുവിനെയും കൂടാതെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അഖിലിനെ ഓഡിഷന്‍ നടത്തി 700 ഓളം പേര്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം 'എസ് ദുര്‍ഗ'യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ചോല'. കെ വി മണികണ്ഠനും സനല്‍ കുമാര്‍ ശശിധരനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ്. സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസേഴ്‌സ്. ചിത്രം വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ചോല ഐഎഫ്എഫ്‌കെയുടെ ഈ വര്‍ഷത്തെ മത്സര വിഭാഗത്തില്‍ ഇടം നേടിയില്ലെങ്കിലും കാലെഡോസ്‌കോപ് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് സനല്‍ കുമാര്‍ ശശിധരന്‍ സിനിമ പിന്‍വലിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഒഴിവുദിവസത്തെ കളി' മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT