Entertainment

‘വാര്‍ത്ത നേരാകാന്‍ സെന്റ് ജോര്‍ജ്ജ് പള്ളീപ്പോയി പ്രാര്‍ത്ഥിക്കാം’, രജനീകാന്തിന് വില്ലനായി ചെമ്പന്‍ അല്ല

THE CUE

രജിനികാന്ത് നായകനായ ദര്‍ബാര്‍ എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ് വില്ലനാകുന്നുവെന്ന് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ബോളിവുഡിലെ മുതല്‍ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ വാര്‍ത്ത ഏറ്റുപിടിച്ചു. ദര്‍ബാറില്‍ 25 വര്‍ഷത്തിന് ശേഷം കാക്കിയിട്ട് രജിനികാന്ത് എത്തുമ്പോള്‍ വില്ലനാകുന്നതിന്റെ ആവേശത്തിലാണോ എന്ന ചോദ്യവുമായി ചെമ്പന്‍ വിനോദ് ജോസിനെ ദ ക്യു സമീപിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ

ബ്രദര്‍, ഈ വാര്‍ത്ത എവിടെ നിന്ന് വന്നതാണെന്ന് എനിക്ക് അറിയില്ല, പലരും വിളിക്കുന്നുണ്ട്. ദര്‍ബാറിന്റെ ഒരു ഫാന്‍മേയ്ഡ് പോസ്റ്റ് ഷെയര്‍ കുറച്ച് ദിവസം മുമ്പ് ചെയ്തിരുന്നു. ഞാനും ഈ രജനി ചിത്രത്തിനായി കട്ട വെയ്റ്റിംഗിലാണ്. ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണെന്ന് കണ്ട് ഞാന്‍ ഫേസ്ബുക്കില്‍ നിന്ന് ആ പോസ്റ്റര്‍ ഡിലീറ്റ് ചെയ്തതുമാണ്. ഇതാണ് ദര്‍ബാര്‍ എന്ന സിനിമയുമായി എനിക്കുള്ള ബന്ധം. ഇതുവരെ ആ സിനിമയിലേക്ക് ആരും വിളിച്ചിട്ടില്ല. പക്ഷേ വിളിച്ചാല്‍ അപ്പോ ഇറങ്ങാന്‍ റെഡിയായിരിക്കുകയാണ്. ഏതായാലും ഈ വാര്‍ത്ത നേരാകാന്‍ സെന്റ് ജോര്‍ജ്ജ് പള്ളീപ്പോയി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ് (ചിരിക്കുന്നു). എങ്ങനേലും നേരാകട്ടെ ഈ വാര്‍ത്ത.
ചെമ്പന്‍ വിനോദ് ജോസ്

ബോളിവുഡ് ലൈഫ്, ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളിലും ചെമ്പന്‍ സിനിമയില്‍ ജോയിന്‍ ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. ഗോലി സോഡാ സെക്കന്‍ഡ് ആണ് ചെമ്പന്‍ അഭിനയിച്ച തമിഴ് ചിത്രം. ബോളിവുഡ് താരം പ്രതീക് ബബ്ബര്‍ ആണ് ദര്‍ബാറില്‍ വില്ലന്‍. നയന്‍താരയാണ് ദര്‍ബാറിലെ നായിക. ഏ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദര്‍ബാര്‍ രജിനിയുടെ 167ാമത്തെ സിനിമയാണ്.

25 വര്‍ഷത്തിന് ശേഷം രജിനികാന്ത് കാക്കിയിലെത്തുന്ന സിനിമയുടെ ആദ്യഷെഡ്യൂള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്. സിനിമയിലെ ഗാനരംഗത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സന്തോഷ് ശിവനാണ് ക്യാമറ. മലയാളി നായിക നിവേദാ തോമസാണ് രജിനികാന്തിന്റെ മകളുടെ റോളില്‍. രണ്ട് ഗെറ്റപ്പില്‍ രജിനികാന്ത് എത്തുന്ന ചിത്രവുമാണ് ദര്‍ബാര്‍ എന്നാണ് സൂചന. അജിത്ത്,വിജയ്, സൂര്യ എന്നിവര്‍ക്ക് ബോക്സ് ഓഫീസില്‍ വന്‍ വഴിത്തിരിവ് തീര്‍ത്ത സിനിമകള്‍ സമ്മാനിച്ച മുരുഗദോസ് രജിനിക്കൊപ്പം ആദ്യമായി കൈകോര്‍ത്ത ചിത്രവുമാണ് ദര്‍ബാര്‍.

വിജയ് ചിത്രം സര്‍ക്കാര്‍ വിജയമായതിന് പിന്നാലെ മുരുഗദോസ് ഒരുക്കുന്ന സിനിമയുമാണ് ദര്‍ബാര്‍. യെന്തിരന്‍ രണ്ടാം ഭാഗമായി ടു പോയിന്റ് ഒ നിര്‍മ്മിച്ച ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ദര്‍ബാറിന്റെ നിര്‍മ്മാതാക്കള്‍. അനിരുദ്ധ് സംഗീത സംവിധാനവും, ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസാണ് സിനിമ. പ്രകാശ് രാജ്, യോഗി ബാബു, ജെയിന്‍ സര്‍ണ എന്നിവരും സിനിമയിലുണ്ട്.

ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ്

പൂഴിക്കടകന്‍ ആണ് ചെമ്പന്‍ വിനോദ് ജോസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ടിലും പ്രധാന റോളില്‍ ചെമ്പനുണ്ട്. ഇ മ യൗ എന്ന സിനിമയില്‍ ചെമ്പന്റെ പ്രകടനത്തിന് ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT