ജോണ്‍ വിക്ക് മൂന്നാം പതിപ്പിനും ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡിന്റെ സാംസ്‌കാരിക കത്രികയുടെ പിടില്‍ നിന്ന് രക്ഷയില്ല. സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി അഡല്‍റ്റ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടും ഒരുപാട് വെട്ടിനിരത്തലാണ് സിബിസി ചെയ്തത്. ജോണ്‍വിക്ക് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന നീക്കമാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ആസ്വാദകര്‍ പറയുന്നത്.
സംസ്‌കാരത്തിന്റെ പേര് പറഞ്ഞ് ഭാഗങ്ങള്‍ കട്ട് ചെയ്ത് കളയുന്നതിലൂടെ ഒരു പരിഹാസ്യ കഥാപാത്രമാവുകയാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്. സി ബി എഫ് സി വെബ്‌സൈറ്റ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷവും ഭാഗങ്ങള്‍ നീക്കം ചെയ്തത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.
ഇത്രയും ഭാഗം കളഞ്ഞിട്ടും പിന്നെയും എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് എന്നാണ് ആരാധരുടെ ചോദ്യം. ബ്ലര്‍, സംഭാഷണം മ്യൂട്ട് ചെയ്യല്‍, പുകവലി വിരുദ്ധ ലേബല്‍, എന്നിവയ്‌ക്കൊക്ക പുറമെയാണ് ഒരുപാട് ഭാഗം സിനിമയില്‍ നിന്ന് ഒഴിവാക്കിയത്.
ഗ്രാഫിക് വയലന്‍സ് എന്ന് പറഞ്ഞു കളഞ്ഞത് തന്നെ ഏകദേശം മൂന്നു മിനിറ്റോളം ഫൂട്ടേജ് ആണ്. ജോണ്‍വിക്ക് ചാപ്റ്റര്‍ 3 പാരബെല്ലം എന്ന സിനിമയുടെ അന്തര്‍ദേശീയ റണ്ണിങ് ടൈം 131 മിനിറ്റാണ്. എന്നാല്‍ ഇന്‍ഡ്യയിലെ സെന്‍സറിങ് കഴിഞ്ഞുള്ള റണ്ണിങ് ടൈം 129 മിനിറ്റായി.
2017 ല്‍ പുറത്തിറങ്ങിയ ജോണ്‍ വിക്ക് രണ്ടും ചോരയും വയലന്‍സും കാണിക്കുന്നു എന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് വന്‍ തോതില്‍ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ജോണ്‍വിക്ക് ആദ്യഭാഗത്തിന് ഇന്ത്യയില്‍ രണ്ടു റിലീസുകള്‍ ഉണ്ടായിരുന്നു. ഒരു അണ്‍കട്ട് എ റേറ്റഡ് റിലീസും ജനറല്‍ ഓഡിയന്‌സിന് വേണ്ടി ഒരു കട്ട് ചെയ്ത യു/എ റിലീസും ആയിരുന്നു ഇവ.
ഇന്നാണ് ഇന്ത്യയില്‍ ജോണ്‍ വിക് 3 പാരബെല്ലം എന്ന പേരില്‍ കേനു റീവ്‌സ് നായകനാകുന്ന സിനിമ പുറത്തിറങ്ങിയത്. എന്നാല്‍ സംസ്‌കാരം സൂക്ഷിക്കാന്‍ സെന്‍സര്‍ബോര്‍ഡ് കളഞ്ഞ ഭാഗങ്ങളില്ലാതെ സിനിമ കാണുന്നത് ടിക്കറ്റ് പൈസ കളയുന്നതിന് സമാനമാണെന്ന് ചില ജോണ്‍ വിക് ആരാധകര്‍ പറയുന്നു.