സര്‍ഗാത്മക ദാഹം തീര്‍ക്കുന്നതിന് വേണ്ടി സിനിമ ചെയ്യില്ലെന്ന് സംവിധായകന്‍ പാ രഞ്ജിത്. താന്‍ വളര്‍ന്നുവന്ന കാലം മുതല്‍ നേരിട്ട ജാതി വിവേചനവും തുല്യതാനിഷേധവും സിനിമയിലൂടെ പറയാനാണ് ആഗ്രഹമെന്ന് 'കാലാ' സംവിധായകന്‍ പറഞ്ഞു. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തല്‍ മറക്കണമെന്ന് പറയുന്നത് കുറ്റകൃത്യമാണ്. അത് ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരം നല്‍കണമെന്നും പാ രഞ്ജിത് വ്യക്തമാക്കി. 'ദ ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തമിഴ് സംവിധായകന്റെ പ്രതികരണം.
11-ാം നൂറ്റാണ്ടിലെ ചോള ചക്രവര്‍ത്തി രാജ രാജ ചോളനെതിരെയുള്ള പരാമര്‍ശങ്ങള്‍ രഞ്ജിത്ത് ആവര്‍ത്തിച്ചു. ദളിതര്‍ക്കെതിരെയുള്ള വേര്‍തിരിവ് ഏറ്റവും ശക്തമായിരുന്നത് രാജരാജചോളന്റെ കാലത്തായിരുന്നു എന്ന് പ്രസ്താവിച്ചതിന് രഞ്ജിത്തിനെതിരെ കേസുണ്ടായി. വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം നേടിയ സംവിധായകന്‍ സംഭവത്തെ 'പുതു അനുഭവം' എന്നാണ് വിശേഷിപ്പിച്ചത്.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍
ജീവിതത്തില്‍ നിന്നും പഠിച്ചത് എനിക്ക് രേഖപ്പെടുത്തണം. ജീവിതത്തില്‍ ഞാന്‍ നേരിട്ടത് എന്താണെന്ന് എന്റെ ആവിഷ്‌കാരങ്ങളിലൂടെയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഞാന്‍ പറയേണ്ടതുണ്ട്. ആഹ്ലാദിച്ചപ്പോഴാകട്ടെ, ദുഖിച്ചപ്പോഴാകട്ടെ, കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ വളര്‍ന്നുവന്ന കാലത്തെല്ലാം ജാതി എന്ന വിഷയം എന്നെ പിന്തുടര്‍ന്നു. അതുകൊണ്ട് ഒരു സംവിധായകന്‍ ആയിത്തീരുമ്പോള്‍ എനിക്ക് അതിനേക്കുറിച്ച് പറയേണ്ടതുണ്ട്. സര്‍ഗാത്മക ദാഹം തീര്‍ക്കാന്‍ മാത്രമായി സിനിമ ചെയ്യാന്‍ എനിക്ക് കഴിയുകയേ ഇല്ല.
ഒരു മരം ഉദാഹരണമായെടുക്കാം, അല്ലെങ്കില്‍ ഒരു കിണര്‍, അല്ലെങ്കില്‍ ഒരു മൈതാനം. എന്റെ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും അവ മനോഹരമായ, സന്തോഷത്തിന്റേതായ ഇടങ്ങളായാണ് കണ്ടിട്ടുള്ളത്. പക്ഷെ എനിക്ക് അങ്ങനെയല്ലായിരുന്നു. കാരണം സമൂഹം അവയെന്റേതല്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. ദളിതനായ ഞാന്‍ മരം കയറരുതെന്നോ കിണര്‍ ഉപയോഗിക്കതരുതെന്നോ പറയും. ഞാന്‍ ആലോചിക്കുമായിരുന്നു: 'എല്ലാവരും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്ന് എനിക്ക് ലഭ്യമാകാത്തത് എന്താണ്?' അതുകൊണ്ട് ഞാനിന്ന് ഒരു മരമോ കിണറോ ചിത്രീകരിക്കുമ്പോള്‍ ഒരു ആര്‍ടിസ്റ്റിന്റെ മാത്രം കണ്ണില്‍ അവയെ കാണാനാകില്ല. അത് എനിക്ക് തരുന്നത് മറ്റൊരു കഥയാണ്. ആ കഥ പറയുന്ന ഫിലിംമേക്കര്‍ ആകാനാണ് എനിക്ക് ആഗ്രഹം.
രാഷ്ട്രീയം എന്റെ ജീവിതശൈലിയുടെ ഭാഗമായിരുന്നു. അയല്‍വാസിയുടെ മകന്‍ എനിക്ക് ഗ്ലാസില്‍ വെള്ളം തന്ന രീതി അങ്ങനെയായിരുന്നു. അല്ലെങ്കില്‍ കടയുടമ ബാക്കി പണം കൈയില്‍ തരാതെ കൗണ്ടറില്‍ വെച്ചപ്പോള്‍. അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. എന്നെ എപ്പോഴും വേട്ടയാടിയത ഈ ചോദ്യമാണ്?: 'എന്തുകൊണ്ടാണ് ഞങ്ങള്‍ ദളിതര്‍ സമൂഹത്തിന്റെ അകത്ത് അല്ലാത്തത്?'. മറ്റുള്ളവര്‍ക്ക് അത് അത് നിസാരകാര്യമായിരിക്കാം, പക്ഷെ ഇത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
ചെറുപ്പത്തില്‍ ഞാന്‍ അനുഭവിച്ചതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇപ്പോഴത്തെ അവസ്ഥ. ഒരു ഹെഡ്മിസ്ട്രസ് കുട്ടികളോട് ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ പറഞ്ഞത് നമ്മള്‍ കേട്ടതേയുള്ളൂ. ഇളവരശന്റെ മരണം ഒരു ആത്മഹത്യാണെന്ന കോടതിവിധിയും. കാര്യങ്ങള്‍ മാറിയെന്ന് എങ്ങനെ നമുക്ക് പറയാന്‍ കഴിയും? സംവരണം പോലും പലര്‍ക്കും ദഹിക്കുന്നില്ല, പക്ഷെ, നമ്മള്‍ 'പുതിയ ലോകം, ജാതി മറക്കാം, തുല്യരാകാം' എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തല്‍ മറക്കണമെന്ന് പറയുന്നത് ഹിംസയാണ്. അത് നാം ചര്‍ച്ച ചെയ്യണം. അതിന് നഷ്ടപരിഹാരം കൊടുക്കണം. അത് ചെയ്യാത്തിടത്തോളം കാലം നമുക്ക് കാര്യങ്ങള്‍ മാറിയെന്ന് പറയാനാകില്ല.
ഞാന്‍ വളര്‍ന്നുവന്ന ചുറ്റുപാടുകളിലെ സ്ത്രീകള്‍ തൊഴിലാളി വര്‍ഗത്തില്‍ പെട്ടവരായിരുന്നു. സിനിമയില്‍ ഭര്‍ത്താവിന്റെ പുറകില്‍ പതുങ്ങി നില്‍ക്കുന്ന സ്ത്രീകളെ ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ മാതാപിതാക്കളേയും അടുത്തുള്ള സ്ത്രീകളേയുമെല്ലാം ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അത്തരം കഥാപാത്രങ്ങളെ തമിഴ് സിനിമ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായ കഥാപാത്രങ്ങള്‍ എഴുതുന്നത്. അവര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ടാല്‍ അവര്‍ക്ക് സമൂഹത്തെ നവീകരിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു. കാരണം, അവരാണ് കുട്ടികളെ വളര്‍ത്തുന്നത്, ആരോടൊക്കെ എങ്ങനെ ഇടപെടണമെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃതമായ ഒന്നു രണ്ട് ആശയങ്ങള്‍ എന്റെ പക്കലുണ്ട്. സ്ത്രീയുടെ വീക്ഷണത്തില്‍ മാത്രം പറയുന്ന ഒരു പ്രണയകഥയുണ്ട്. വണ്ടര്‍ വുമന്‍ പോലെ ഒരു സൂപ്പര്‍ ഹീറോ സ്‌റ്റോറിയും ഒരിക്കല്‍ ചെയ്യാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
കൊമേഴ്‌സ്യല്‍ സിനിമയാണ് ഭൂരിപക്ഷത്തോട് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇവിടെത്തന്നെയുള്ളത്. പക്ഷെ, ആളുകള്‍ സത്യസന്ധമായ ഉളളടക്കങ്ങളെ പ്രശംസിക്കുന്നുണ്ട്. എന്റെ സിനിമകളിലൂടെ എന്റെ പ്രേക്ഷകരുമായി ഒരു ആശയവിനിമയം തുറക്കാനായെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്.