ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ അഹല്യ ഹോസ്പിറ്റലിനെ മോശമായി ചിത്രീകരിച്ചതില്‍ ഫെയ്‌സ്ബുക്കിലൂടെയും ഖേദമറിയിച്ച് നടന്‍ പൃഥ്വിരാജ്. കഥയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഹോസ്പിറ്റലിനെ മോശമായി പരാമര്‍ശിക്കുകയുണ്ടായി. പരാമര്‍ശിക്കപ്പെട്ട സീനുകളില്‍ അഭിനയിക്കുമ്പോഴോ ഡബ്ബ് ചെയ്യുമ്പോഴോ ആ പേരില്‍ ഒരു സ്ഥാപനം ഉണ്ടെന്ന് വ്യക്തിപരമായി തനിക്ക് അറിയില്ലായിരുന്നുവെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
സിനിമയിലെ പരാമര്‍ശങ്ങള്‍ മനപൂര്‍വമല്ല. അഹല്യ ഗ്രൂപ്പിന്റെ ഉടമസ്ഥതര്‍ക്കും, സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റുളളവര്‍ക്കും വിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും നടന്‍ വിശദീകരിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് ഹൈക്കോടതി മുന്‍പാകെ ഖേദം പ്രകടിപ്പിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ച് നടത്തുന്ന ഡയലോഗാണ് പരാതിക്ക് കാരണമായത്. ചിത്രത്തില്‍ ഈ ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നത്. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അഹല്യ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു
പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ മോശമായി പരാമര്‍ശിക്കുക ഉണ്ടായി. ഈ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്‍പികം മാത്രമാണെന്ന് പറഞ്ഞുകൊള്ളട്ടെ. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍സിനും വലിയ രീതിയില്‍ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങള്‍ക്കും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരോടും അവിടെ ചികിത്സ തേടിയിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പ് ചോദിക്കുന്നു.