ഭര്‍ത്താവിനെ കാണാനില്ലെന്ന ആശങ്ക പങ്കുവെച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നത് താനല്ലെന്നും 'എവിടെ' സിനിമയിലെ കഥാപാത്രമായ ജെസ്സിയാണെന്നും നടി ആശാ ശരത്. വീഡിയോയുടെ അവസാനം പോസ്റ്റര്‍ ഇടുകയും അതില്‍ ഫിലിം പ്രമോഷന്‍ ആണെന്ന് എഴുതുകയും ചെയ്തിരുന്നെന്ന് നടി പറഞ്ഞു. സില്ലി മങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആശാ ശരത്തിന്റെ പ്രതികരണം.
അത് ഞാനല്ല, ജെസ്സി എന്ന കഥാപാത്രമാണ്. പ്രമോഷണല്‍ വീഡിയോ എന്ന് നമ്മള്‍ അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. അത് സിനിമ കണ്ടാല്‍ അറിയാല്ലോ. അതിന്റകത്ത് (വീഡിയോ) പറയുന്നുമുണ്ട് സക്കറിയ എന്നാണ് ഭര്‍ത്താവിന്റെ പേരെന്നും ഡ്രമ്മര്‍ ആണെന്നും.ആശാ ശരത്
ജെസ്സിയെന്ന കഥാപാത്രം കാണാതെ പോയ ഭര്‍ത്താവിനെ അന്വേഷിക്കുന്നതാണ് ‘എവിടെ’യുടെ പ്രമേയം.
പ്രമോഷന് വേണ്ടി ചെയ്ത വീഡിയോ യതാര്‍ത്ഥ ജീവിതത്തിലേതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതോടെ വിവാദമുണ്ടായിരുന്നു. നടിയുടെ ഭര്‍ത്താവ് ശരത്തിനെ കാണാതെ പോയെന്ന് പലരും കരുതി. പ്രമോഷന്‍ ആണെന്ന് അറിഞ്ഞതോടെ രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം ഫേസ്ബുക്ക് യൂസര്‍മാര്‍ രംഗത്തെത്തി. ആശാ ശരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ കടുത്ത അധിക്ഷേപവും അസഭ്യവര്‍ഷവും നടത്തുന്നുണ്ട്.
സംഭവത്തില്‍ നടിക്കെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീഡിയോ കണ്ട് തെറ്റിദ്ധരിക്കപ്പെട്ടെന്നും പൊലീസ് വകുപ്പിനെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
കെ കെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെയില്‍ മനോജ് കെ ജയനാണ് ആശാ ശരത്തിന്റെ നായകന്‍. സക്കറിയ എന്ന തബലിസ്റ്റിനെയാണ് മനോജ് കെ ജയന്‍ അവതരിപ്പിക്കുന്നത്. തിരക്കഥ ബോബി-സഞ്ജയ്.