എഴ് വർഷം മുമ്പ് മോഹൻലാൽ ചിത്രം 'പുലിമുരുകൻ' ബോക്സ് ഓഫീസിൽ തീർത്ത കളക്ഷൻ റെക്കോർഡുൾപ്പെടെ കടപുഴക്കി പ്രദർശനം തുടരുന്ന '2018' എന്ന സിനിമ ബോക്സ് ഓഫീസിൽ 200 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമാകുമോ എന്ന് വരും ദിനങ്ങളിൽ കണ്ടറിയാം. പ്രദർശനം പൂർത്തിയാക്കുമ്പോഴാണ് പുലിമുരുകൻ 145 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്. 22 ദിവസം കൊണ്ടാണ് ആഗോള കളക്ഷനിൽ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' 150 കോടിക്ക് മുകളിലെത്തിയത്. തിയറ്ററുകളിൽ നിന്ന് 150 കോടി ഗ്രോസ് കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയുമായി 2018. നാലാം വാരത്തിലേക്ക് കടക്കുമ്പോൾ കളക്ഷൻ ഡ്രോപ്പ് ഉണ്ടാകുമെങ്കിലും പ്രേക്ഷകരുടെ തിരക്കിൽ സ്ഥിരത തുടർന്നാൽ ഒടിടി റിലീസിന് മുമ്പായി '2018' 200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാകുമെന്നാണ് വിലയിരുത്തൽ.
തെലുങ്ക്, തമിഴ് പതിപ്പുകളിൽ റിലീസ് ചെയ്ത '2018 'രണ്ട് ദിവസം കൊണ്ട് 2 കോടി 70 ലക്ഷമാണ് തെലുങ്ക് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 80 കോടി 11 ലക്ഷമാണ് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രമായി 25 ദിവസം കൊണ്ട് '2018' വാരിക്കൂട്ടിയത്. ബോക്സ് ഓഫീസ് കളക്ഷനിൽ പുലിമുരുകനാണ് രണ്ടാമത്, 78 കോടി 50 ലക്ഷമാണ് പുലിമുരുകൻ ഗ്രോസ് കളക്ഷൻ.
ടൊവിനോ തോമസ്, ആസിഫ് അലി, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, തൻവി റാം എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് നിർമ്മാണം. മലയാളത്തിലെ ഏറ്റവും ഉയർന്ന തിയറ്റർ കളക്ഷനുള്ള ചിത്രമെന്ന നിലക്കാണ് നിലവിൽ 2018 ഇടം നേടിയിരിക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് 100 കോടി നേടിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്.
അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ : മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.