സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും സല്‍മാന്‍ ഖാന്‍ ചിത്രം ഭാരത് റെക്കോര്‍ഡ് ആദ്യ ദിനകളക്ഷന്‍ നേടി. സല്‍മാന്‍ ഖാന്റെ ഇതുവരെയുള്ള ഈദ് റിലീസുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് സിനിമയുടേതെന്ന് ബോക്‌സ് ഓഫീസ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്. പ്രേം രത്തന്‍ ധന്‍ പായോ നേടിയ 40.35 കോടി കളക്ഷന്‍ റെക്കോര്‍ഡാണ് ഭാരത് ് മറികടന്നത്. ആദ്യ ദിനകളക്ഷനില്‍ സല്‍മാന്റെ മികച്ച ഓപ്പണിംഗ് ആയിരുന്നു പ്രേം രത്തന്‍ ധന്‍ പായോ. ഈദ് റിലീസുകളില്‍ സല്‍മാന്റെ മികച്ച കളക്ഷനായിരുന്നു സുല്‍ത്താനെയും സിനിമ പിന്നിലാക്കി. 42 കോടി 30 ലക്ഷമാണ് സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷനെന്ന് തരണ്‍ ആദര്‍ശ്.
ദക്ഷിണ കൊറിയന്‍ ചിത്രമായ ഓഡ് ടു മൈ ഫാദറിന്റെ ഹിന്ദി റീമേക്കാണ് ഭാരത്. ടി സീരീസിനൊപ്പം ചേര്‍ന്ന് സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചിത്രവുമാണ്. വേള്‍ഡ് വൈഡ് റിലീസായി 6000 സ്‌ക്രീനുകളിലാണ് സിനിമയെത്തിയത്. ഇന്ത്യയില്‍ മാത്രം 4700 സ്‌ക്രീനുകളിലും.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം നിരാശപ്പെടുത്തിയെന്ന നിരൂപണമാണ് ബോളിവുഡിലെ മുന്‍ നിര ക്രിട്ടിക്കുകള്‍ നല്‍കിയിരിക്കുന്നത്. അസഹ്യമായ ദൈര്‍ഘ്യവും ബോറടിയുമാണ് സിനിമയെന്നാണ് രാജീവ് മസന്ദ് ന്യൂസ് 18 റിവ്യൂ ഷോയില്‍ പറഞ്ഞത്. ട്യൂബ് ലൈറ്റ്, റേസ് ത്രീ തുടങ്ങിയ പൊളിപ്പടങ്ങള്‍ക്കൊപ്പമാണ് രാജീവ് മസന്ദ് ഭാരതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കത്രീനാ കൈഫ് ആണ് ഭാരതിലെ നായിക. തബു, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തിലുണ്ട്. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ സല്‍മാനൊപ്പം കൈകോര്‍ത്ത ചിത്രവുമാണ് ഭാരത്. പ്രഭുദേവയുടെ സംവിധാനത്തില്‍ ദബാങ്ങ് ത്രീയുടെ ചിത്രീകരണത്തിലാണ് സല്‍മാന്‍.