വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനവുമായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. ദക്ഷിണേന്ത്യയിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായ കെ.ജി.എഫ് സെക്കന്‍ഡ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജാണ്. കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ ദ ക്യു അഭിമുഖത്തിലും കെ.ജി.എഫ് എന്ന സിനിമയോടുള്ള ഇഷ്ടം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. കെ.ജി.എഫിന്റെ ആരാധകനാണ് താനെന്നും റിലീസ് പ്രഖ്യാപിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പൃഥ്വിരാജ് സുകുമാരന്‍.
പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു
കെ.ജി.എഫ് ഫ്രാഞ്ചെസിയുടെ കടുത്ത ആരാധകനാണ് ഞാന്‍. കെ.ജി.എഫുമായി ബന്ധപ്പെട്ട എല്ലാത്തിനോടുമുണ്ട് ഈ ആരാധന. ലൂസിഫറിന് ശേഷം ഏതെങ്കിലും നിലക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സമീപിച്ചിരുന്നു. രാജ്യമൊന്നാകെ കാത്തിരിക്കുന്ന ഒരു സിനിമയെ കേരളത്തില്‍ അവതരിപ്പിക്കാനുള്ള നിയോഗമായാണ് ആ കൂട്ടുകെട്ട് സാധ്യമായത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഭിമാനപൂര്‍വമാണ് കെ.ജി.എഫ് കേരളത്തിലെത്തിക്കുന്നത്. റോക്കിയുടെ കഥ കേള്‍ക്കാന്‍ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്.
കന്നഡ നടന്‍ യാഷ് ആണ് കെ.ജി.എഫിലെ നായകന്‍. പ്രശാന്ത് നീല്‍ സംവിധാനവും. യാഷിന് സൂപ്പര്‍താര പദവി നേടിക്കൊടുത്ത ചിത്രവുമാണ് കെ.ജി.എഫ്. ഇക്കുറി അധീര എന്ന പ്രതിനായകനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഭിമാനപൂര്‍വമാണ് കെ.ജി.എഫ് കേരളത്തിലെത്തിക്കുന്നത്. റോക്കിയുടെ കഥ കേള്‍ക്കാന്‍ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്.പൃഥ്വിരാജ് സുകുമാരന്‍
കൊവിഡ് ലോക്ക് ഡൗണിന് ശേഷം 2020 ഒക്ടോബറിലാണ് കെ.ജി.എഫ് സെക്കന്‍ഡ് ചിത്രീകരണത്തിനായി യഷ് ജോയിന്‍ ചെയ്തത്. ലോക്ക് ഡൗണിന് പിന്നാലെ കെ.ജി.എഫ് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഓഗസ്റ്റിലാണ് പ്രകാശ് രാജിനെയും മാളവികയെയും ഉള്‍പ്പെടുത്തി ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്. 2018 ഡിസംബര്‍ 21ന് പുറത്തുവന്ന കെ.ജി.എഫ് ആദ്യഭാഗം ദക്ഷിണേന്ത്യയില്‍ വമ്പന്‍ വിജയമായി മാറി. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്
Prithviraj Productions to distribute KGF: Chapter 2 in Kerala