ഏറ്റവും വേഗത്തിൽ നൂറ് കോടി ക്ലബ്ബ് കയറുന്ന മലയാള ചിത്രമായി പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം'. പ്രദർശനത്തിനെത്തി വെറും ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് ബ്ലെസി ചിത്രം ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവൺ ഈസ് ഹീറോ' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ഇതോടെ ആടുജീവിതം മറികടന്നത്. പതിനൊന്ന് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ 2018 നൂറ് കോടി നേടിയത്. പിന്നാലെ ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' 12 ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ നൂറ് കോടി നേടുന്ന ആറാമത്തെ മലയാള ചിത്രമായും ആടുജീവിതം മാറി. ചിത്രം നൂറ് കോടി നേടിയ വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.
''ഈ അത്ഭുത പൂർവ്വമായ വിജയത്തിന് നന്ദി'' എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് അറിയിച്ചത്. റിലീസ് ചെയത് ഒമ്പത് ദിവസത്തിൽ 53.5 കോടി രൂപ ഇന്ത്യയിൽ നിന്നും, 46.5 കോടി രൂപ വിദേശത്ത് നിന്നും ആടുജീവിതം നേടി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന് ചിത്രം മുമ്പ് 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു. എന്നാൽ പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമാണ് ആടുജീവിതം. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമെന്ന് ഖ്യാതിയും സ്വന്തമാക്കിയിരുന്നു.
അതേസമയം 2024 ലെ മൂന്നാമത്തെ 100 കോടി ക്ലബ് കയറുന്ന ചിത്രമാണ് ആടുജീവിതം. പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ലൂസിഫർ എന്നിവയാണ് ആടുജീവിതത്തിന് മുമ്പ് നൂറ് കോടി കടന്ന ചിത്രങ്ങൾ.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫിസിക്കൽ ട്രാൻസ്ഫോമേഷനും അഭിനയത്തിനും വലിയ തരത്തിലുള്ള അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.