17 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 49 കോടി 50 ലക്ഷത്തിന് മുകളിൽ ഗ്രോസ് കളക്ഷൻ നേടി മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ ചിത്രമാകുമെന്ന് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്ന് ഇതുവരെ 33 കോടിക്ക് മുകളിലാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. കർണാടകയിൽ നിന്ന് 8 കോടി. 17 ദിവസം കൊണ്ട് മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ ഗ്ലോബൽ കളക്ഷനെ മഞ്ഞുമ്മൽ പിന്നിലാക്കി. 139.5 കോടിയായിരുന്നു പുലിമുരുകൻ ഗ്ലോബൽ കളക്ഷൻ ഇതിനെയാണ്
140 കോടി നേടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018ന്റെ വേൾഡ് വൈഡ് കളക്ഷനാണ് ഇനി മഞ്ഞുമ്മലിന് മറികടക്കാനുള്ളത്. ഇതോടെ മലയാളത്തിലെ ഏറ്റവും ഉയർന്ന വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറി. ഇന്ത്യയിൽ നിന്ന് 92 കോടി 60 ലക്ഷവും ഓവർ സീസ് റിലീസിലൂടെ 54 കോടിയും ചിത്രം നേടിയെന്നാണ് ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
146 കോടിക്ക് മുകളിലാണ് ശനിയാഴ്ച വരെയുള്ള കളക്ഷൻ. തിയറ്റർ പ്രദർശനം അവസാനിച്ചപ്പോൾ 175.60 കോടിയായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ഗ്രോസ് കളക്ഷൻ. 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമാകാനുള്ള 2018ന്റെ സാധ്യത നഷ്ടപ്പെടുത്തിയത് റിലീസിന് മുമ്പ് ഒടിടി റിലീസ് കരാറിൽ ഏർപ്പെട്ടതാണെന്ന് പിന്നീട് ചില വിതരണക്കാർ അഭിപ്രായപ്പെട്ടിരുന്നു.
2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിനെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിൽ സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്. വ്യാഴാഴ്ച റിലീസായെത്തിയ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം 3 കോടി മുപ്പത് ലക്ഷവും രണ്ടാം ദിനം 3 കോടി 25 ലക്ഷവുമാണ് ഗ്രോസ് നേടിയത്. എട്ട് ദിവസം കൊണ്ട് 26 കോടി 35 ലക്ഷം കേരളത്തിൽ നിന്ന് മാത്രം ഗ്രോസ് കളക്ഷനായി നേടി.
ഏറ്റവും വേഗത്തിൽ ഗ്രോസ് കളക്ഷൻ നൂറ് കോടി പിന്നിട്ട മലയാള ചിത്രമെന്ന റെക്കോർഡിന് പിന്നാലെ 17 ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയർന്ന വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രവുമായി 2018 മാറിയിരുന്നു. 137.60 കോടി രൂപയാണ് 17 ദിവസം കൊണ്ട് സിനിമ ഗ്രോസ് കളക്ഷനായി നേടിയത്. 22ാം ദിനത്തിൽ 150 കോടിക്ക് മുകളിൽ കളക്ഷൻ പിന്നിട്ടു. 2018 എന്ന സിനിമ പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയതായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആദ്യമായി വെളിപ്പെടുത്തിയ ക്യു സ്റ്റുഡിയോ അഭിമുഖത്തിലായിരുന്നു.
സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ എന്നിവരുടെ നേതൃത്വത്തിൽ പറവ ഫിലിംസും ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മുവീസും ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. 4.5 കോടി മുടക്കുമുതലിലാണ് ചിത്രത്തിനായി പെരുമ്പാവൂരിൽ ഗുണ കേവ് സെറ്റ് ഒരുക്കിയത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും റിലീസിന് പിന്നാലെ ട്രെൻഡ് സെറ്ററായിരുന്നു. ഷൈജു ഖാലിദാണ് ക്യാമറ. സുഷിൻ ശ്യാം മ്യൂസിക്കും അജയൻ ചാലിശേരി പ്രൊഡക്ഷൻ ഡിസൈനും വിവേക് ഹർഷൻ എഡിറ്റിംഗും.
2018 ആകെ ബിസിനസിൽ 200 കോടി ക്ലബിൽ
2018 എന്ന സിനിമ തിയറ്ററിൽ പ്രദർശനം തുടരവേ ഒടിടി റിലീസ് ചെയ്തതിൽ തിയറ്ററുടമകൾ സമരം തുടരുമ്പോൾ ചിത്രം 200 കോടി ക്ലബിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പ്രഖ്യാപിച്ചിരുന്നു. വേൾഡ് വൈഡ് കളക്ഷനും സിനിമയുടെ ഒടിടി, ഓവർസീസ്, സാറ്റലൈറ്റ് ഉൾപ്പെടെ ടോട്ടൽ ബിസിനസും ചേർത്താണ് സിനിമ 200 കോടി കടന്നത്. മലയാളത്തിൽ 200 കോടി നേടുന്ന ആദ്യ ചിത്രവുമായി 2018. തിയറ്ററിൽ നിന്ന് മാത്രമായി 170 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തിരുന്നു. 34 ദിവസം കൊണ്ടാണ് ചിത്രം 200 കോടി നേടിയിരിക്കുന്നത്. മെയ് 5 ന് പുറത്തിറങ്ങിയ ചിത്രം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമാവുകയും പുലിമുരുകന് ഏഴ് വര്‍ഷം മുന്‍പ് ബോക്സ് ഓഫീസില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സോണി ലിവ് ജൂൺ 7മുതൽ 2018 സ്ട്രീം ചെയ്ത് തുടങ്ങിയിട്ടുണ്ട്.