മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 104 കോടി പിന്നിട്ടതായി അറിയിച്ചു
മമ്മൂട്ടി നായകനായി വിഷു സീസണില്‍ എത്തിയ മധുരരാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി നിര്‍മ്മാതാവ്. 104 കോടി പിന്നിട്ടതായും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 104 കോടി പിന്നിട്ടതായി അറിയിച്ചു. 27 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ മധുരരാജ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരിരാജയുടെ തുടര്‍ച്ചയാണ് മധുരരാജ. പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കില്‍ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.
രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബ്ബ് കടത്തിയ മലയാള സംവിധായകനായിരിക്കുകയാണ് വൈശാഖ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 100 കോടി നേടിയത്. 150 കോടി കടന്ന ആദ്യ ചിത്രവും പുലിമുരുകന്‍ തന്നെ.
മമ്മൂട്ടിയുടെ നൂറ് കോടി കടക്കുന്ന ആദ്യ ചിത്രവുമാണ് മധുരരാജ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 21 ദിവസം കൊണ്ട് 150 കോടി പിന്നിട്ടിരുന്നു. ലൂസിഫര്‍ നിലവില്‍ കളക്ഷന്‍ 200 കോടി പിന്നിട്ടുവെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
പോക്കിരിരാജയുടെ രചയിതാക്കള്‍ സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് ആയിരുന്നു. ഉദയകൃഷ്ണയാണ് മധുരരാജയുടെ രചയിതാവ്. തമിഴ് നടന്‍ ജയ്, നരേന്‍, ജഗപതി ബാബു, അനുശ്രീ, നെടുമുടി വേണു,സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മാ രാജന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.
ബോളിവുഡ് താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ഷാജി ക്യാമറയും ഗോപിസുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിച്ച സിനിമ വിതരണം ചെയ്തത് ഉദയകൃഷ്ണയുടെ നേതൃത്വത്തിലുള്ള യു കെ സ്റ്റുഡിയോസ് ആണ്