നടി മാലാ പാര്‍വതിയും ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹസീബ് ഹനീഫും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ന്നു. അമ്മയുടെയും ഫെഫ്കയുടെയും പ്രൊഡ്യൂസര്‍ അസോസിയേഷന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമുണ്ടായത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും ബാബുരാജും ഉണ്ണി ശിവപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ആന്റോ ജോസഫ്, രഞ്ജിത്ത്, സിയാദ് കോക്കര്‍ എന്നിവരും ഫെഫ്കയ്ക്കായി ബി ഉണ്ണികൃഷ്ണനും എത്തി. തെറ്റിദ്ധാരമൂലമുണ്ടായ പ്രശ്‌നമാണെന്ന് ഇരുവുരം തുറന്നു പറഞ്ഞു. സംഭവത്തിലെ നിയമനപടികള്‍ അവസാനിപ്പിക്കാനും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലെത്തി.
ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അപമാനം നേരിട്ടതായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാപാര്‍വതി ഫേസ്ബുക്ക് പോസ്റ്റടുകയായിരുന്നു. ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെണ്‍കുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവില്‍ കാരവന്‍ എടുക്കേണ്ടി വന്നതായും മാലാ പാര്‍വതി വെളിപ്പെടുത്തിയിരുന്നു. നിര്‍മ്മാതാവിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനില്‍ കാരവന്‍ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാന്‍സ് വിഭാഗത്തിലുള്ള സഞ്ജയ് പാല്‍ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് മാലാ പാര്‍വതി ഹാപ്പി സര്‍ദാര്‍ ലൊക്കേഷനിലെ ദുരനുഭവം വിവരിച്ചത്.
നായികയ്ക്കും നായകനും കാരവന്‍ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവന്‍ വേണം എന്നും മാലാപാര്‍വതിയെ സഞ്ജയ് പരിഹസിക്കുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാല്‍ സ്വന്തം കാശിന് കാരവാന്‍ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പാര്‍വതി വ്യക്തമാക്കി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തതെന്നും നടി തുറന്നടിച്ചിരുന്നു.
അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങള്‍. 19,200 രൂപ കാരവന്‍ വാടകയായി നല്‍കിയ ബില്ലും മാലാ പാര്‍വതി പുറത്തുവിട്ടിരുന്നു. സുധീപ് ജോഷിയും ഗീതികാ സുധീപും ചേര്‍ന്നാണ് ഹാപ്പി സര്‍ദാറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോള്‍ നിര്‍മ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാര്‍വതി പറഞ്ഞിരുന്നു.ഹാപ്പി സര്‍ദാര്‍ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയില്‍ നടക്കുമ്പോഴായിരുന്നു സംഭവം. സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായിട്ടുണ്ട്.