വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന മള്‍ട്ടി സ്റ്റാര്‍ സൂപ്പര്‍ഹീറോ ഹോളിവുഡ് ചിത്രം അവഞ്ചെഴ്സ് എന്‍ഡ്ഗെയിം അഡ്വാന്‍സ് ബുക്കിങ്ങില്‍ ചരിത്രം സൃഷ്ട്ടിക്കുന്നു. ബുക്കിംഗ് തുടങ്ങിയത് മുതല്‍ ബുക്ക് മൈ ഷോ പോലുള്ള വെബ്സൈറ്റുകള്‍ നിരവധി തവണയാണ് ക്രാഷ് ആയത്. കണക്കുകള്‍ അനുസരിച്ച് ബുക്ക്മൈ ഷോയില്‍ സെക്കന്റില്‍ 18 ടിക്കറ്റുകള്‍ വെച്ചാണ് വിറ്റുപോയിരിക്കുന്നത്. ബുക്കിംഗ് തുടങ്ങിയ ആദ്യ ദിവസം മാത്രം പത്ത് ലക്ഷത്തില്‍പ്പരം ടിക്കറ്റുകള്‍ വിറ്റുപോയതായി കണക്കാക്കുന്നു.
പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതാണ്ട് ആദ്യ ദിവസം മുഴുവന്‍ 24x7 ഷോകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മറ്റേത് ഇന്ത്യന്‍ ഭാഷ സിനിമകളെക്കാളും അഭൂതപൂര്‍വമായ തിരക്കാണ് അവഞ്ചെഴ്സ് എന്‍ഡ്ഗെയിമിന് ഉള്ളതെന്ന് തീയറ്റര്‍ ഉടമകള്‍ അവകാശപ്പെടുന്നു. അര്‍ധരാത്രിയ്ക്ക് ശേഷം സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൂടാ എന്ന് ഇന്ത്യയില്‍ നിയമം ഉണ്ടെങ്കിലും പ്രത്യേക അനുമതിയിലൂടെയാണ് ഇന്ത്യയില്‍ പലയിടത്തും പുലര്‍ച്ചെ ഷോകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. അവഞ്ചെഴ്സ് എന്‍ഡ്ഗെയിം ഇന്ത്യയില്‍ 2500 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ചരിത്രം സൃഷ്ടിച്ച മുന്‍കൂര്‍ ബുക്കിംഗ് വെച്ചു നോക്കുമ്പോള്‍ ചിത്രം ആദ്യദിനം 50കോടിയും മൊത്തത്തില്‍ 300 കോടിയോളവും ഇന്ത്യയില്‍ നിന്ന് നേടുമെന്ന് ബോക്സ് ഓഫീസ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആദ്യ ദിനം 32 കോടിയോളം നേടിയ അവഞ്ചെഴ്സ് ഇന്‍ഫിനിറ്റി വാര്‍ ആണ് അവഞ്ചെഴ്സ് എന്‍ഡ്ഗെയിമിന്് മുന്നിലുള്ളത്. ചിത്രം ഇന്ത്യയില്‍ ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,തെലുങ്ക് എന്നിങ്ങനെ നാല് ഭാഷകളിലായാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
അവഞ്ചെഴ്സ് എന്‍ഡ്ഗെയിമിനായി വമ്പന്‍ മുന്നോരുക്കങ്ങളാണ് നിര്‍മ്മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോസ് ഇന്ത്യയില്‍ നടത്തിയത്. ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്ത എന്‍ഡ്ഗെയിം ആന്തം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.ചിത്രത്തിന്റെ തമിഴ് പതിപ്പിനായി സംഭാഷണം ഒരുക്കുന്നത് ഹിറ്റ് സംവിധായകന്‍ മുരുഗദോസ് ആണ്. തമിഴ് പതിപ്പില്‍ അയണ്‍മാന് ശബ്ദം നല്കുന്നത് വിജയ് സേതുപതിയും ബ്ലാക്ക് വിഡോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നന്നത് ആന്‍ഡ്രിയയുമാണ്. തെലുഗ് പതിപ്പില്‍ നടന്‍ റാണ ദാഗ്ഗുബട്ടി താനോസിനു ശബ്ദം നല്കുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി സംവിധായകന്‍ ജോ റൂസ്സോ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മാര്‍വലിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സിനിമകളുടെ ഒരു കഥാന്ത്യം കൂടിയാണ് അവഞ്ചെഴ്സ് എന്‍ഡ്ഗെയിം.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റൂസ്സോ സഹോദരന്മാരാണ്.റോബര്‍ട്ട് ഡൌണി ജൂനിയര്‍,ക്രിസ് ഇവാന്സ്്,ക്രിസ് ഹെംസ്വര്‍ത്ത്,സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍,മാര്‍ക്ക് റൂഫല്ലോ, ജെറമി റണ്ണര്‍,ജോഷ് ബ്രോലിന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. അവഞ്ചെഴ്സ് എന്‍ഡ്ഗെയിം ഏപ്രില്‍ 26ന് റിലീസ് ചെയ്യുന്നു