തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രം മഹര്‍ഷി തട്ടുപൊളിപ്പന്‍ മാസ് സിനിമ എന്ന നിലയ്ക്കാണ് സ്വീകരിക്കപ്പെട്ടതെങ്കിലും സിനിമ മുന്നോട്ട് വച്ചആശയത്തെ കാമ്പയിനാക്കുകയാണ് ആരാധകര്‍. ലോകോത്തര മള്‍ട്ടിനാഷനല്‍ കമ്പനി സിഇഒ ആയ നായകന്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ പ്രാധാന്യവും കര്‍ഷകരോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് കൃഷിയിലേക്ക് തിരിയുന്നതായിരുന്നു സിനിമയുടെ പ്രമേയം.
കര്‍ഷകരെ അവഗണിച്ച് മുന്നോട്ട് പോകാനാകില്ല എന്ന സന്ദേശവുമായി എത്തിയ സിനിമയ്ക്ക് പിന്നാലെ അഗ്രിക്കള്‍ച്ചര്‍ ചലഞ്ചുമായി വന്നിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
ടെക്കികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും പ്രചാരം നേടിയ വീക്കെന്‍ഡ് അഗ്രിക്കള്‍ച്ചര്‍ എന്ന ആഴ്ചയില്‍ ഒരു ദിവസം കൃഷിക്ക് എന്ന ആശയത്തെ പ്രചരിപ്പിക്കാനാണ് ആരാധകരുടെ നീക്കം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വാരാന്ത്യത്തില്‍ കര്‍ഷകരെ സഹായിച്ച് പാടത്ത് ഇറങ്ങിയ വീഡിയോ ഷെയര്‍ ചെയ്ത് മഹേഷ് ബാബുവും ചലഞ്ചിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സിനിമ വന്‍വിജയമാകുന്നത് എല്ലായ്‌പ്പോഴും പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും എന്നാല്‍ സിനിമയുടെ സന്ദേശം ആളുകള്‍ക്ക് പ്രചോദനമാകുന്നതാണ് ആഹ്ലാദകരമാണെന്ന് മഹേഷ് ബാബു. പുതുഭാവിയിലേക്കുള്ള മികച്ച തുടക്കമെന്നാണ് മഹേഷ് ഇതിനെ വിശേഷിപ്പിച്ചത്.
വംശി പെയ്ടിപ്പള്ളി സംവിധാനം ചെയ്ത മഹര്‍ഷി മെയ് 9നാണ് റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. മഹേഷ് ബാബുവിനൊപ്പം അല്ലാരി നരേഷ്, പൂജാ ഹെഗ്‌ഡേ, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവര്‍ അഭിനയിച്ച ചിത്രവുമാണ് മഹര്‍ഷി. കെ യു മോഹനന്‍ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍.
കര്‍ഷകര്‍ ഭക്ഷ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നാണ് സിനിമയുടെ തീം. മഹേഷ് ബാബു ട്വിറ്ററിലൂടെ വീക്കെന്‍ഡ് അഗ്രികള്‍ച്ചര്‍ ചലഞ്ച് കൃഷിക്കാരനാണ് രാജാവ് എന്നര്‍ത്ഥമുള്ള farmerisking ഹാഷ് ടാഗോടെ വൈറലാക്കിയിട്ടുണ്ട്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ ഫോട്ടോകള്‍ റീട്വീറ്റ് ചെയ്താണ് മഹേഷ് ബാബു സിനിമയിലെ ആശയം ജനങ്ങളിലെത്തിക്കുന്നത്.
ശ്രീമന്തുഡു എന്ന സിനിമയുടെ വിജയവേളയില്‍ ഗ്രാമത്തെ ദത്തെടുത്ത മഹേഷ് ബാബു മഹര്‍ഷിക്ക് പിന്നാലെ കുടുംബത്തോടൊപ്പം ഫാം ടൂറിന് പോകുമെന്നാണ് ടോളിവുഡ് പേജ് ത്രീ മാധ്യമങ്ങളുടെ പ്രചരണം.