Videos

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന രാജ്യങ്ങളാണ് ആഫ്രിക്കയിലേത്. ഇവിടേക്കുള്ള യാത്രക്കിടെ 13 കിണറുകള്‍ നിര്‍മിച്ച് കുടിവെള്ളം എത്തിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയാണ് യൂട്യൂബര്‍ ദില്‍ഷാദ് യാത്രാ ടുഡേ. ടാന്‍സാനിയയിലെ ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ കിണര്‍ കുഴിച്ചതും ടാങ്ക് നിര്‍മിച്ച് സ്‌കൂളില്‍ വെള്ളമെത്തിച്ചതും മറക്കാനാവില്ലെന്ന് ദില്‍ഷാദ് പറയുന്നു. ടാന്‍സാനിയയില്‍ ഒരു കിണര്‍ നിര്‍മിക്കുന്നതിനിടെ അടുത്ത ഗ്രാമത്തിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളും എത്തി ഒരു കിണര്‍ കുഴിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഒന്നര കിലോമീറ്റര്‍ നടന്നുപോയി പെണ്‍കുട്ടികളായിരുന്നു ആ സ്‌കൂളില്‍ വെള്ളം എത്തിച്ചിരുന്നത്. പിന്നീട് 25 ദിവസത്തോളം ചെലവിട്ടാണ് ആ സ്‌കൂളിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചത്. പൈപ്പ് ലൈനില്‍ വെള്ളമെത്തിയപ്പോള്‍ ആ കുട്ടികള്‍ ഓടിയെത്തി. ആ സംഭവത്തോടെ തന്റെ യാത്ര പൂര്‍ണ്ണമായതായി തോന്നിയെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ദില്‍ഷാദ് പറഞ്ഞു.

ദില്‍ഷാദ് പറഞ്ഞത്

മുംബാസയിലാണ് ആദ്യത്തെ കിണര്‍ ചെയ്തത്. അത് ഞാന്‍ തന്നെ കുഴിച്ച കിണറാണ്. ഞാന്‍ തന്നെ പണിക്കിറങ്ങി, കാട്ടില്‍ പോയി മരം വെട്ടിക്കൊണ്ടുവന്നിട്ട് നാട്ടില്‍ ചെയ്യാറുള്ളതു പോലെ രണ്ടു വശത്തും കാല്‍ നാട്ടി, കപ്പിയും കയറുമിട്ട്, അങ്ങനെ തുടങ്ങിയതാണ്. അതിന്റെയൊരു വീഡിയോയാണ് ആദ്യം ചെയ്തത്. പത്തു കിണറും എനിക്ക് തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. വീഡിയോ ചെയ്തിട്ടതോടെ വലിയ പ്രതികരണമാണ് ലഭിച്ചത്. പലയാളുകളും ഇത് ആഗ്രഹിക്കുന്നുണ്ട്. നമ്മള് അതിനൊരു കാരണമാകുകയാണെങ്കില്‍ അവരുടെ കാര്യം നടന്നോട്ടെ, ഏതായാലും യാത്രയിലാണ് ഇവിടെ. അതു മുതലാണ് സ്റ്റാര്‍ട്ട് ചെയ്തത്. അതു കഴിഞ്ഞ് ടാന്‍സാനിയയില്‍ ഒരു ഗ്രാമത്തില്‍ മൂന്ന് കിണര്‍ ഒരുമിച്ച് ചെയ്തു. നമ്മള്‍ തന്നെ ചെയ്ത് പൂര്‍ത്തീകരിക്കണമെന്ന് തോന്നിയത് ഒരു സ്‌കൂളില്‍ ഒരു കിണര്‍ ചെയ്തു കൊടുത്തു.

മക്കാജിമാപിയ എന്നൊരു വില്ലേജാണ് അത്. ടാന്‍സാനിയയുടെ വെസ്റ്റ് ഭാഗം. ആ ഗ്രാമത്തില്‍ 500 കുടുംബങ്ങളെങ്കിലുമുണ്ട്. തൊട്ടപ്പുറത്തുള്ള ഒരു വില്ലേജില്‍ ഒരു കിണര്‍ ചെയ്യുന്ന സമയത്ത് ഈ സ്‌കൂളിലെ ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളും എന്റെയടുത്ത് എത്തി. ഞാന്‍ ഈ കിണറിന്റെ ഫൈനല്‍ വര്‍ക്കില്‍ നില്‍ക്കുന്ന സമയത്ത് എന്റെയടുത്ത് വന്നിട്ട് സ്‌കൂളില്‍ കിണര്‍ ചെയ്തു തരുമോന്ന് ചോദിച്ചു. ഗവണ്‍മെന്റ് സ്‌കൂളാണ്. ഗവണ്‍മെന്റ് സ്‌കൂളില്‍ അറ്റ്‌ലീസ്റ്റ് വെള്ളത്തിന് എന്തെങ്കിലും ഒരു സോഴ്‌സ് കൊടുക്കുമല്ലോ. പൈപ്പ് ലൈനെങ്കിലും, എന്തെങ്കിലും ഒരു സംവിധാനം കൊടുക്കുമല്ലോ. അങ്ങനത്തെ രീതിയൊന്നും അവിടെയില്ല. പിന്നെ പറയുകയാണെങ്കില്‍ രാജ്യത്തിന്റെ കുറ്റം പറച്ചിലായിപ്പോകും. അങ്ങനെ ഞാന്‍ സ്‌കൂളില്‍ ചെന്നു. എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു ഇവര്‍ക്ക് വെള്ളം കൊടുക്കാന്‍ പറ്റുമെന്ന്. സ്‌കൂള്‍ കുറച്ച് ഉയരം കൂടിയ സ്ഥലത്താണ്. അവിടെ ഒരു ചര്‍ച്ചിന് കീഴില്‍ ഒരു കിണര്‍ തുടങ്ങിവെച്ചിട്ടുണ്ട്.

കുഴല്‍ കിണറാണ്. വെള്ളം കിട്ടാതെ പാതിവഴിക്കിട്ടിട്ട് കയ്യൊഴിഞ്ഞ് പോയതാ. അവര് കുറേ പരിശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാ ഞാന്‍ അവിടെ ചെല്ലുന്നത്. കുട്ടികളെല്ലാവരും എന്റെ മുഖത്തു നോക്കി നില്‍ക്കുകയാണ്. ഒരു പ്രതീക്ഷയും അവര്‍ക്ക് കൊടുക്കാന്‍ പറ്റില്ലല്ലോ, ഞാന്‍ ചെയ്തു തരാമെന്നോ, എങ്ങനെ ചിന്തിച്ചിട്ടും ഒരു ഐഡിയയിലേക്ക് എത്താന്‍ പറ്റുന്നില്ല. ഈ സ്‌കൂള്‍ നില്‍ക്കുന്നതിന് താഴെ ഒരു 200-250 മീറ്റര്‍ താഴെയുള്ള സ്ഥലമുണ്ട്. അവിടെ കൃഷിയൊക്കെ ചെയ്യുന്നുണ്ട്. അവിടെ വാഴയൊക്കെ ഉണ്ടാവുന്നുണ്ട്. വെള്ളമുള്ള ഏരിയയാണെന്ന് മനസിലായി. മലയുടെ താഴെഭാഗമല്ലേ? ഞാന്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററോട് പറഞ്ഞു ഒരു കിണര്‍ കുഴിച്ചു നോക്കാം, ഒരു പത്തു മീറ്ററെങ്കിലും കുഴിക്കാം. പ്രതീക്ഷയുണ്ടെങ്കില്‍ ഞാനത് കംപ്ലീറ്റ് ചെയ്ത് തരാമെന്ന് പറഞ്ഞു. പക്ഷേ, ഈ കിണര്‍ കുഴിക്കുക എന്ന് പറഞ്ഞാല്‍ അത് വലിയൊരു പ്രൊജക്ടാകും. വലിയൊരു കിണര്‍ കുഴിക്കണം, നല്ല മോട്ടോര്‍ വേണം, ടാങ്ക് വേണം, സ്‌കൂളിന്റെ പദ്ധതിയേറ്റെടുക്കുക എന്ന് പറഞ്ഞാല്‍. സ്‌കൂളിനാണെങ്കില്‍ വലിയൊരു പദ്ധതിയേറ്റെടുക്കാനുള്ള ഫണ്ടൊന്നുമില്ല.

അങ്ങനെ ഞാന്‍ സോഷ്യല്‍ മീഡിയയിലും കുറച്ച് സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ കുഴപ്പമില്ല നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. യൂട്യൂബ് റവന്യൂ 25-ാം തിയതിയൊക്കെയാണ് ഏകദേശം വരിക. അതിന്റെ പകുതി ഇതിലേക്ക് വെക്കാമെന്ന് കരുതി. അങ്ങനെ പണി ആരംഭിച്ച് ആറ് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നനഞ്ഞ മണ്ണ് കിട്ടാന്‍ തുടങ്ങി. അതോടെ പ്രതീക്ഷയായി. ഞാന്‍ എന്റെ വിസ എക്‌സറ്റെന്‍ഡ് ചെയ്തു. വിസയ്ക്ക് ഒരു മാസമേ കാലാവധിയുണ്ടായിരുന്നുള്ളു. വിസയെനിക്ക് നീട്ടിക്കിട്ടി, അങ്ങനെ കിണറിന്റെ പണി തുടര്‍ന്നു. 25 അടി, 30 അടിയൊക്കെ ആയപ്പോള്‍ നല്ല വെള്ളം കണ്ടു തുടങ്ങി. അടുത്ത ടാസ്‌ക് ഈ വെള്ളം സ്‌കൂളില്‍ എത്തിക്കണം. അത്രയും ദൂരം നടന്നു വന്നിട്ട് വേണം വെള്ളം സ്‌കൂളിലേക്ക് എത്താന്‍. ദൂരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഒന്നര കിലോമീറ്റര്‍ അപ്പുറം പോയിട്ട് കുട്ടികള്‍ വെള്ളം കൊണ്ടുവരുണം. ഓരോ ദിവസവും ഓരോ ക്ലാസുകാര്‍ക്കാണ് വെള്ളം കൊണ്ടുവരാനുള്ള ചുമതല.

പെണ്‍കുട്ടികളാണ് വെള്ളം കൊണ്ടുവരേണ്ടത്. അതിപ്പോ നാട്ടുംപ്രദേശത്താണെങ്കിലും അങ്ങനെതന്നെയാണ്. പെണ്ണുങ്ങള്‍ക്കാണ് വെള്ളം കൊണ്ടുവരാനുള്ള ഡ്യൂട്ടി. ആണുങ്ങളിങ്ങനെ വെള്ളമടിച്ച് കിടക്കും. അവര്‍ക്കിതൊന്നും അറിയേണ്ട കാര്യമില്ല. മക്കളെ പോറ്റണം. 200 മീറ്റര്‍ ദൂരത്തില്‍ ഒരു 150 മീറ്റര്‍ ദൂരത്തിനുള്ളില്‍ ടാങ്ക് കൊടുക്കാമെന്ന ഐഡിയയില്‍ ഞാനെത്തി. പ്ലംബിങ്ങിന്റെ പണിയൊന്നും അറിയില്ല. ആ സമയത്ത് ഇങ്ങനെ തോന്നുകയാണ്. നല്ലൊരു ഐഡിയയായിരിക്കുമെന്ന്. സ്‌കൂളിലേക്ക് വെള്ളം ഒറ്റയടിക്ക് എത്തിക്കാനുള്ള മോട്ടോര്‍ അവിടെ വാങ്ങാന്‍ കിട്ടില്ല. ഉയത്തിലേക്ക് പോകണം വെള്ളം. ഇടയില്‍ ടാങ്ക് കൊടുത്താല്‍ അവിടെ നിന്ന് സ്പ്ലിറ്റ് ചെയ്ത് പൈപ്പ് ലൈന്‍ ഇട്ടാല്‍ മതിയെന്ന രീതിയില്‍ ചെയ്തു. ഇതൊക്കെ പണിക്കാരെ കൂട്ടിക്കൊണ്ടുവന്നാണ് ചെയ്തത്. നേരെമറിച്ച് കരാര്‍ കൊടുത്താല്‍ നല്ലൊരു തുകവരും. ഇതിനൊക്കെ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം. കട്ടയുണ്ടാക്കുന്ന കമ്പനിയില്‍ പോയി കട്ട കൊണ്ടുവരണം. സിമന്റ് കൊണ്ടുവരണം. അങ്ങനെയെല്ലാം ചെയ്ത് ടാങ്കുണ്ടാക്കി വെള്ളം അടിച്ചിട്ട് വെള്ളം കയറുന്നില്ല.

രണ്ടു പ്രാവശ്യം മോട്ടോര്‍ മാറ്റി ടാങ്കില്‍ വെള്ളം എത്തിച്ചെങ്കിലും പൈപ്പിലേക്ക് വെള്ളം എത്തുന്നില്ല. ടാങ്കിന്റെ ഹൈറ്റ് വീണ്ടും കൂട്ടി. അങ്ങനെ ഒരു 25 ദിവസം മാത്രം സ്‌കൂളിന്റെ കാര്യത്തിനായി കഷ്ടപ്പെട്ടു. അങ്ങനെ പൈപ്പില്‍ വെള്ളമെത്തി, ഹെഡ്മാസ്റ്റര്‍ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവന്നു. കുട്ടികള്‍ ഓടിവരുന്ന ഒരു രംഗമുണ്ട്. അത്രയും പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നത്. ഇത് പകുതിയില്‍ ഇട്ട് പോരാന്‍ തോന്നുന്നില്ല. പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന് പലപ്പോഴും തോന്നിയിരുന്നില്ല. അടുത്ത രാജ്യത്തേക്ക് കടക്കാന്‍ ആകെയൊരു 25-30 കിലോമീറ്ററേയുള്ളു. എനിക്ക് ഇത് ഇട്ടിട്ടു വേണമെങ്കില്‍ പോകാം. എങ്ങനെയെങ്കിലും ഇത് കംപ്ലീറ്റ് ചെയ്യണം, വണ്ടി വിറ്റിട്ടാണെങ്കിലും കംപ്ലീറ്റ് ചെയ്യണമെന്ന് തോന്നി. വെള്ളം കിട്ടിയെന്ന് അറിയുമ്പോള്‍ ആ കുട്ടികള്‍ ഓടി വരുന്നൊരു മൊമന്റുണ്ട്. കാലാകാലങ്ങളായിട്ട്, ഇപ്പോള്‍ പഠിച്ചു വരുന്ന കുട്ടികളും അവരുടെ മുന്‍തലമുറയും വെള്ളം കൊണ്ടുവന്നിട്ടാണ് ഈ സ്‌കൂളില്‍ പഠിച്ചത്. ആ ഒരു പ്രോസസാണ് മാറ്റിയത്. അതിന്റെയൊരു തെളിച്ചം ഇവരുടെയൊക്കെ മുഖത്തുണ്ട്. ആ സംഭവം കഴിഞ്ഞതോടു കൂടി എന്റെ യാത്ര പൂര്‍ണ്ണമായതുപോലെ തോന്നി.

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

'ഗെറ്റ് മമ്മിഫൈഡു'മായി അദ്രി ജോയും അശ്വിൻ റാമും, 'ഹലോ മമ്മി'യുടെ പ്രൊമോ സോങ്

രാജുവേട്ടൻ മെസേജ് അയച്ചു പറഞ്ഞു ടൊവിനോയ്ക്ക് സന്തോഷമായി എന്ന്, അവൻ എന്നോട് പകരം വീട്ടിയതാണ്: ബേസിൽ ജോസഫ്

SCROLL FOR NEXT