ഒരു സൈബര്‍ ഗുണ്ട ഉണ്ടാകുന്നത് വളരെ സിംപിളായ കാര്യമാണ്. അസഹിഷ്ണുതയാണ് ഇവരുടെ മെയിന്‍. 40 ശതമാനം അസഹിഷ്ണുതയോടൊപ്പം 30 ശതമാനം സ്ത്രീവിരുദ്ധത, 10 ശതമാനം റേസിസം, 10 ശതമാനം വര്‍ഗീയത 10 ശതമാനം ഗുണ്ടായിസം എന്നിങ്ങനെ ചേരുമ്പോഴാണ് ശരാശരി സൈബര്‍ ഗുണ്ട ഉണ്ടാകുന്നത്. അതില്‍ ഫുള്‍ടൈം ഗുണ്ടായിസം നടത്തുന്നവരും പാര്‍ട്ട് ടൈമായിട്ട് ആ പണി ചെയ്യുന്നവരും, ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാത്തവരുമെല്ലാം ഉള്‍പ്പെടുന്നു. ചിലര്‍ അവരെ സ്വയം ആര്‍മിയെന്നും ചിലര്‍ ഫാന്‍സ് എന്നും ചിലര്‍ പോരാളികളെന്നും ചിലര്‍ പടയെന്നും വിളിക്കും എന്നാല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇറങ്ങുന്നവരെ അത്തരം ഡെക്കറേഷന്‍സ് ഇല്ലാതെ സൈബര്‍ ഗുണ്ടകള്‍ എന്ന് വിളിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതായിട്ടുണ്ട്.