കൃഷിയോടും പരിസ്ഥിതിയിടുമുള്ള സ്നേഹം മുൻനിർത്തി തന്റെ വീടിന് ചുറ്റുമുള്ള സ്ഥലത്ത് ഒരു കാട് തന്നെ വെച്ചുപിടിപ്പിച്ചിരിക്കുകയാണ് കെ.വി ദയാൽ. ആലപ്പുഴ മുഹമ്മയിലുള്ള ശ്രീകോവിൽ എന്ന തന്റെ വീടിന് ചുറ്റുമാണ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ദയാൽ ഒരു കാടിന് രൂപം നൽകിയിരിക്കുന്നത്.
കൃഷി നിലനിൽക്കണമെങ്കിൽ കാട് നിലനിൽക്കണമെന്ന ചിന്തയാണ് ദയാലിനെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. വൈവിധ്യമുള്ള സസ്യജാലങ്ങളാണ് ഒരു കാടിന്റെ പ്രത്യേകതയെന്നും അത്തരം വൈവിധ്യത്തിന് മാത്രമേ കൃഷിയെ പരിപോഷിപ്പിക്കുവാനാകുകയുള്ളുവെന്നും ദയാൽ പറയുന്നു. നിലവിൽ 200 ഓളം സസ്യജാലങ്ങൾ ദയാൽ വച്ചുപിടിപ്പിച്ച കാടിലുണ്ട്.
കാലാവസ്ഥയെ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം കൂടിയാണ് അദ്ദേഹത്തിന്റെ കാട്. ഒരേക്കറെങ്കിലും കുറഞ്ഞപക്ഷം ഉള്ള ആളുകൾ കുറച്ച് ഭൂമി കൃഷിക്കും കാവ് പിടിപ്പിക്കാനുമായി മാറ്റിവെച്ചാൽ തന്നെ കാലാവസ്ഥയെ നമുക്ക് തിരിച്ചുപിടിക്കാവുന്നതാണെന്ന് ദയാൽ പറയുന്നു. മാത്രമല്ല, വനവത്കരണത്തിന് സ്ഥിരമായി ആശ്രയിക്കുന്ന മിയാവാക്കി മരക്കൂട്ടങ്ങൾ ഒരു ക്ലൈമറ്റ് മോഡൽ ഉണ്ടാക്കുകയില്ലെന്നും, ഒരു കാവിന് മാത്രമേ അവ സാധിക്കുവെന്നും ദയാൽ അഭിപ്രായപ്പെട്ടു.