CUE SPECIAL

ദിവസം പന്ത്രണ്ട് പാഡ് വരെ വേണം, വെട്ടിക്കീറിയ പോലെയാണ് വജൈന: അനന്യകുമാരി അലക്‌സ്‌

റാല്‍ഫ് ടോം ജോസഫ്

അനന്യ കുമാരി അലക്‌സ്. കേരള നിയമസഭയിലേക്ക് മല്‍സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ അനന്യകുമാരി അലക്‌സിന് മരിക്കുന്നതിന്അഞ്ച് ദിവസം മുമ്പ് ജൂലൈ 15ന് ദ ക്യുവിനോട് പങ്കുവെക്കാനുണ്ടായത് ജീവിതത്തില്‍ നേരിട്ട കൊടിയ അനീതിയുടെ കഥയായിരുന്നു.

അനന്യ അലക്‌സ് ദ ക്യുവിനോട് പറഞ്ഞത്: പൂര്‍ണരൂപത്തില്‍

ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് ഞാൻ നേരിട്ട ഒരു വലിയ കഷ്ടത തുറന്നുപറയാനാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തിൽനിന്നും ഞാൻ നേരിട്ട വലിയൊരു ദുരനുഭവത്തെക്കുറിച്ചാണ്.ഒപ്പം നിങ്ങളുടെ മുൻപിൽ കൈക്കൂപ്പി ഒരപേക്ഷയുമായിട്ടാണ്.ഞാൻ ഒരു ട്രാൻസ്‍യുവതി എന്ന നിലയിൽ ഒരുപാട് മേഖലകളിൽ കോലി ചെയ്യുന്ന ഒരാളാണ്. പക്ഷെ ഇന്ന് ഒരു രൂപപോലും എടുക്കാനില്ലാതെ, വലിയൊരു സാമ്പത്തിക പരാധീനതയിലാണ് ഞാൻ ജീവിക്കുന്നത്.

ഞാൻ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയാണ്, മേക്കപ്പ് ആർട്ടിസ്റ്റാണ്, അവതാരകയുമാണ്. കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയാണ്.ഇത്രയൊക്കെയാണെങ്കിലും, ഇന്ന് ഞാൻ എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണുള്ളത്. കാരണം, എന്റെ മനസ്സ് ആഗ്രഹിക്കുന്ന പോലെ ഒരു യുവതിയായി മാറാനായി, ഞാൻ ലിംഗമാറ്റശസ്ത്രക്രിയ ചെയ്തത് പാലാരിവട്ടത്തുള്ള റെനൈ മെഡിസിറ്റി എന്ന ആശുപത്രിയിലാണ്. പ്ലാസ്റ്റിക്ക് സർജറി വിഭാഗം തലവനായ ഡോക്ടർ അർജുൻ അശോകന്റെ കീഴിലാണ് എന്റെ സർജറി നടന്നത്.അദ്ദേഹത്തിന്റെയൊപ്പം സഹപ്രവർത്തകരായ ഡോക്ടർ മധു,തിരുവനന്തപുരത്തുനിന്ന് വന്ന ഗ്യാസ്‌ട്രോ-എൻട്രോളജിസ്റ്റുകളായിട്ടുള്ള ഡോക്ടർ അരുൺ കുമാറും, ഡോക്ടർ ജോഷിയുമാണ് ഉണ്ടായിരുന്നത്.

അവിടെനിന്ന് 2020 ജൂൺ 14 ആം തിയതിയാണ് ഞാൻ എന്റെ മനസ്സാഗ്രഹിച്ച പോലെ എന്റെ ശരീരത്തെ പാകപ്പെടുത്തുവാനായി ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നത്.സർജറി കഴിഞ്ഞ് കൃത്യം ഒരു കൊല്ലവും ഒരു മാസവും പിന്നിടുമ്പോൾ, കൃത്യമായി എഴുന്നേൽക്കുവാനോ, ഇരിക്കുവാനോ, എന്തിന്, ഒന്ന് പൊട്ടിച്ചിരിക്കുവാനോപോലും എനിക്ക് സാധിക്കുന്നില്ല.ഇതോടൊപ്പം എനിക്ക് ശ്വാസതടസ്സവുമുണ്ട്.

മറ്റൊരു ഗുരുതരപ്രശ്നം എന്റെ യോനിയാണ്.ഞാൻ ആഗ്രഹിച്ചത് പൂർണമായും ഒരു സ്ത്രീയുടേത് പോലുള്ള യോനിയാണ്. പക്ഷെ എന്റെ സ്വകാര്യഭാഗം കണ്ടാൽ ഒരു വെട്ടുകത്തി വെച്ച്‌ വെട്ടിക്കീറിയ പോലെയാണ് ഇപ്പോളുള്ളത്.ഏറ്റവും നീറ്റായി ഈ ശസ്ത്രക്രിയ ഇന്ത്യയിലും, ലോകത്തിന്റെ പലഭാഗത്തും നടക്കുന്നതാണ്.അങ്ങനെ ചെയ്തുതരാമെന്ന ഉറപ്പിന്മേൽ ഡോക്ടർ അർജുൻ സമീപിച്ചപ്പോൾ, എനിക്ക് ലഭിച്ച ഫലം ഇതാണ്.ഒരു വലിയ ആരോഗ്യ അനാസ്ഥയുടെ ഇരയായാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്.

ഈ പ്രശ്നവുമായി പലതവണ ഞാൻ റെനൈ മെഡിസിറ്റയെയും ഡോക്ടർ അർജുനെയും സമീപിച്ചപ്പോൾ, ആട്ടിയോടിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് എനിക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. മുന്നൂറ്റി ഇരുപതില്പരം സർജറികൾ ചെയ്തുവെന്ന് അവകാശപ്പെടുന്നയാളാണ് ഡോക്ടർ അർജുൻ.പക്ഷെ അതിൽ കുറെയൊക്കെ പരാജയപ്പെട്ടതാണ്. എന്നെപ്പോലെത്തന്നെ, ഇതേ ആശുപത്രീയിൽ, ഇതേ ഡോക്ടറുടെ കീഴിൽ ശസ്ത്രക്രിയ നടത്തിയ ഒട്ടേറെ ട്രാൻസ് വ്യക്തികൾ എന്റേതിന് സമാനമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.പലരുംപുറത്തുപറയാൻ ഭയപ്പെടുകയാണ്.സമൂഹത്തിൽനിന്നും, കുടുംബത്തിൽനിന്നുമൊക്കെ ലഭിക്കുന്ന പ്രതികരണങ്ങൾ ഭയന്നാണ് പലരും മുൻപോട്ടുവരാത്തത്.ഞാൻ തുറന്നുപറച്ചിൽ നടത്തിയതിനുശേഷം ഇപ്പോൾ കുറെ പേര് മുന്നോട്ടുവരുന്നുണ്ട്.

വലിയ രീതിയിലുള്ളൊരു ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്.പച്ചമംസം പുറത്തുകാണുന്നപോലെയും, വെട്ടുകത്തിവെച്ച് വെട്ടിയ പോലെയുമാണ് എന്റെ യോനിയുള്ളത്. അതായാത്, അത്രയും വികൃതമായി.എനിക്ക് തുറന്നുപറയാൻ യാതൊരു മടിയുമില്ല, കാരണം എനിക്ക് നീതി കിട്ടണം.എനിക്ക് 28 വയസ്സേയുള്ളു.പല ബന്ധനങ്ങൾക്ക് ശേഷം, ഞങ്ങളുടെ ശരിക്കുമുള്ള ഐഡന്റിറ്റിയിൽ ജീവിക്കാൻ തുടങ്ങുമ്പോഴാണ് ഞങ്ങളുടെ ബാല്യം തുടങ്ങുന്നതുതന്നെ.അതുകൊണ്ടുതന്നെ, ഞാൻ ഇപ്പോൾ ജീവിക്കുന്നത് എന്റെ ബാല്യത്തിലാണെന്ന് പറയാം.

ഞാൻ നേരിട്ടത് വലിയ രീതിയിലുള്ള ഒരു ബുദ്ധിമുട്ടാണ്.കാരണം, എന്റെ സ്വപ്നവും ജീവിതവും തച്ചുടച്ച് എന്നെ പെരുവഴിയിൽ നിർത്തിയിരിക്കുകയാണ്.ഒരു ദിവസം എട്ട് മുതൽ പത്ത് വരെ സാനിറ്ററി പാഡുകൾ മാറ്റേണ്ട അവസ്ഥ ആലോചിച്ചുനോക്കൂ.ചില സമയങ്ങളിൽ പാഡ് വാങ്ങാനുള്ള പൈസ പോലും എന്റെ കയ്യിൽ ഉണ്ടാവില്ല.ഇത്രയും അവശതകൾക്കിടയിലും വളരെ ബോൾഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നതുകൊണ്ടാണ്.ഒരുപാട് പേരുടെ പ്രതിനിധിയായിട്ടാണ് ഞാൻ സംസാരിക്കുന്നത്.കൂടാതെ, എനിക്ക് നീതി ലഭിക്കുകയും വേണം.എന്നെപ്പോലെ ശസ്ത്രക്രിയ പരാജയപ്പെട്ട് നടുറോഡിൽ നിൽക്കുന്ന ഒരുപാട് പേരുണ്ട്.ലൈംഗികത്തൊഴിലിന് പോയിട്ടും,ഭിക്ഷയെടുത്തും സ്വരൂപിക്കുന്ന പൈസയുംകൊണ്ട് സർജറിക്ക് ചെന്നാൽ പറഞ്ഞതിലും കൂടുതൽ തുക നൽകേണ്ടിവരുന്നു.ഞങ്ങളെന്താണ് ഇനി ചെയ്യേണ്ടത്.

പൈസക്ക് വേണ്ടി എന്തിനാണ് പാർശ്വവത്കരിക്കപ്പെട്ട ഞങ്ങളെപ്പോലുള്ളവരെ ഉപദ്രവിക്കുന്നത്?

ഈ സർജറി വിജയകരമായി നടക്കേണ്ടതായിരുന്നു.പക്ഷെ അങ്ങനെ ആകാത്തത് ഡോക്ടർ അർജുന്റെ വീഴ്ച്ച തന്നെയാണ്.അതദ്ദേഹം സമ്മതിക്കുന്നുമുണ്ട്. അയാളുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ ചെയ്തുപരാജയപ്പെട്ട, ശേഷം വീണ്ടും രണ്ട് വട്ടം റീസർജറി ചെയ്ത, ശാരീരികബുദ്ധിമുട്ടുകളനുഭവിക്കുന്ന ആലപ്പുഴക്കാരിയായ ഒരു ട്രാൻസ് യുവതിയുണ്ട്.ഈ പ്രശ്‌നംപോലും പരിഹരിക്കാൻ സാധിക്കാത്തയാളുടെയിടത്ത് എങ്ങനെയാണ് ഞാൻ വീണ്ടും ധൈര്യമായി ചെല്ലുക? എന്ത് ആത്മവിശ്വാസത്തിന്റെ പിൻബലത്തോടെയാണ് ഞാൻ വീണ്ടും അയാളുടെ മുൻപിൽ സർജറിക്കായി സമീപിക്കുക?

ഇപ്പോഴും എനിക്ക് പാഡ് ഉപയോഗിക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുന്നുണ്ട്.യൂറിനേഷന്റെ പൊസിഷൻ ശരിയല്ല.യോനിഭാഗത്ത് സഹിക്കാൻ സാധിക്കാത്ത വേദനയുമുണ്ട്.ചിലസമയം ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാകും.

അടുത്തിടെ, ക്രോമോസോമുകളെക്കുറിച്ച് ക്ലബ്ബ്‌ഹൗസിൽ ഒരു ചർച്ച നടക്കുകയുണ്ടായി.ഞാൻ അതിൽ സംസാരിക്കാനുണ്ടായിരുന്നു.അവിടം എനിക്ക് സർജറി ചെയ്ത ഡോക്ടർ അർജുൻ അശോകിന്റെ ഭാര്യയും റെനൈ ആശുപത്രിയിലെത്തന്നെ ഡോക്ടറുമായ സുജ സുകുമാറും ഉണ്ടായിരുന്നു. ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾത്തന്നെ എന്നെ കേൾവിക്കാരുടെ പട്ടികയിലേക്ക് താഴ്ത്തുകയായിരുന്നു.എന്തിനാണ് അവർ എന്നെ ഭയക്കുന്നത്.പൊതുയിടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും എന്നെ സംസാരിക്കാൻ അനുവദിക്കാതെ വായടപ്പിക്കുന്നു.ജീവിക്കാനുള്ള അവകാശം പോലെത്തന്നെ എനിക്ക് സംസാരിക്കാനുള്ള അവകാശവുമുണ്ട്. അനന്യ ഉള്ളിടത്ത് തൻ സംസാരിക്കുകയില്ലെന്നും, എന്നെ സംസാരിക്കാൻ അനുവദിച്ചുകൂടാ എന്നും അവർ സംഘാടകരോട് ആവശ്യപ്പെട്ടത് അവർ മൂലംത്തന്നെ ഞാൻ അറിഞ്ഞു.എന്നെ ഭയക്കുന്നതുകൊണ്ടല്ലേ അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ റെനൈ മെഡിസിറ്റിയുമായി ഔദ്യോഗികമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.മറ്റൊരു ആശുപത്രിയിൽ ട്രീറ്റ്മെന്റിന് പോകാനായി എന്റെ പഴയ ട്രീറ്റ്‌മെന്റ് റെക്കോർഡ്‌സ് ആവശ്യമാണ്. അവർ ഔദ്യോഗികമായി ആവശ്യപ്പെട്ടത് പ്രകാരം ഞാൻ മെയിൽ അയക്കുകയാണ് ചെയ്തത്.ഇത്രയും ദിവസമായി എനിക്ക് മറുപടി വന്നിട്ടില്ല.കഴിഞ്ഞ ഒമ്പത് ദിവസമായി അവരെ വിളിക്കുമ്പോഴും, അവിടുത്തെ പി.ആർ.ഓ ആകട്ടെ,ക്ലയന്റ് എക്സ്പീരിയൻസ് ടീമിന്റെ സെബാസ്റ്റ്യൻ എന്ന വ്യക്തിയാകട്ടെ, തിരിച്ചിതുവരെ എനിക്ക് മറുപടി തന്നിട്ടില്ല.ഞങ്ങൾക്ക് സൗകര്യമുള്ളപ്പോഴെ മറുപടി തരാൻ സാധിക്കുകയുള്ളു, ഇവിടുത്തെ ഡോക്ടർമാരൊക്കെ ബിസിയാണ് എന്നാണ് പറയുന്നത്.ഞാൻ കേണപേക്ഷിച്ചിട്ടും,എന്റെ ആരോഗ്യസ്ഥിതി വിവരിച്ചിട്ടും, അവർ മനപ്പൂർവം തരാതിരിക്കുകയാണ്.അവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഭയക്കുന്നതുകൊണ്ടാണ് അവർ തരാതിരിക്കുന്നത്.അവർ തന്ന ഡിസ്ചാർജ് സമ്മറി പോരാതെ വന്നതുകൊണ്ടാണ് റെക്കോർഡ്‌സ് ചോദിക്കുന്നത്.ട്രീറ്റ്മെന്റിനെക്കുറിച്ചും മരുന്നിനെക്കുറിച്ചും യാതൊരു വ്യക്തതയും തരുന്നില്ല.

ഞാൻ വലിയ കഷ്ടത്തിലാണ്.എനിക്ക് നീതി കിട്ടണം.ഡോക്ടർ അശോകനെതിരെയും, ശസ്ത്രക്രിയ ചെയ്ത മറ്റ് ഡോക്ടർസിനെതിരെയും ശക്തമായ നിയമപോരാട്ടത്തിലാണ് ഞാൻ.തീർച്ചയായും എനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ജനങ്ങൾ എന്റെ കൂടെ നിൽക്കണം.നിങ്ങളാലാകുന്ന സഹായങ്ങൾ എനിക്ക് ചെയ്തുതരണം.ഇതെന്റെ കേണപേക്ഷയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT