ജാതിയേതാണെന്ന് ചോദിച്ചു. കുളിക്കാതെ അകത്ത് കയറ്റില്ല. വെള്ളം ചോദിച്ചാൽ പുറത്തെ ഗ്ലാസിലേക്ക് ഒഴിച്ചുതരും. ഡയറക്ടറുടെ ടൊയ്ലറ്റ് കൈകൊണ്ട് ഉരച്ച് കഴുകിക്കും. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇവിടെ ഇങ്ങനൊക്കെയാണെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും അറിയാം.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം കാഞ്ഞിരമറ്റം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ ഇന്റർവ്യൂ നടത്തി നിയമിച്ച സ്വീപ്പിംഗ് തൊഴിലാളികൾക്ക് ഡയറക്ടറുടെ വീട്ടിൽ ജാതിവിവേചനവും അടിമപ്പണിയും. ഡയറക്ടറുടെ വീട്ടിലെ പണി ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയുടെ ഭാഗമാണെന്നും ചെയ്തില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് പറഞ്ഞെന്നും ജീവനക്കാർ ദ ക്യു' വിനോട് പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റർ ദൂരെയാണ് ഡയറക്ടറുടെ വീട്. പോകുമ്പോൾ കയ്യിൽ ഒരു ജോഡി വസ്ത്രം കരുതണം. അവിടെ ചെന്നാൽ പുറത്തെ കുളിമുറിയിൽ നിന്ന് കുളിച്ച് വസ്ത്രം മാറാതെ അകത്തേക്ക് കയറ്റില്ല. ആദ്യം പോയപ്പോൾ തന്നെ ജാതി ചോദിച്ചു. ഡയറക്ടറുടെ ടൊയ്ലറ്റിലെ ക്ലോസറ്റ് ബ്രഷ് ഉപയോഗിച്ച് കഴുകിയാൽ വൃത്തിയാകില്ലെന്ന് പറഞ്ഞ് കൈകൊണ്ട് ഉരച്ച് കഴുകിക്കും.
കുടിക്കാൻ വെള്ളം ചോദിച്ചാൽ പുറത്തിരിക്കുന്ന ഗ്ലാസിലേക്ക് ഒഴിച്ചുതരും. ഒരുപാട് അനുഭവിച്ചു. വീട്ടുപണിക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തും എന്നും ജീവനക്കാർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി അധിക്ഷേപവും ദളിത് വിരുദ്ധതയും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും അറിയാമെന്നും ജീവനക്കാർ ദ ക്യുവിനോട് പറഞ്ഞു.