CUE DECODES

മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; ത്രിപുരയില്‍ എന്താണ് സംഭവിക്കുന്നത്?

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഒക്ടോബര്‍ ആദ്യവാരത്തില്‍ ബംഗ്ലാദേശില്‍ അഞ്ച് വര്‍ഷം പഴക്കമുള്ള ഒരു ചിത്രത്തില്‍ തുടങ്ങിയ സംഘര്‍ഷം ത്രിപുരയുടെ ജനസംഖ്യയുടെ 9 ശതമാനത്തോളം മാത്രം വരുന്ന മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് അക്രമിക്കുന്നതിലേക്കാണ് എത്തിയിരിക്കുന്നത്. പതിനഞ്ചോളം മുസ്ലിം പള്ളികളും നിരവധി വീടുകളും ഇതിനോടകം തന്നെ ആക്രമിക്കപ്പെട്ടു കഴിഞ്ഞു.

തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൊള്ളയും നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ ഗ്രൂപ്പുകളുടെ പേര് പറഞ്ഞാണ് ത്രിപുരയില്‍ താരതമ്യേന ദുര്‍ബലരായ മുസ്ലിം വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നത്. സര്‍ക്കാര്‍ സംരംക്ഷണം ലഭിക്കുമെന്ന ഉറപ്പില്ലാതെ പ്രതീക്ഷയില്ലാതെ ഭയന്നാണ് ത്രിപുരയിലെ മുസ്ലിങ്ങള്‍ ഓരോ ദിവസവും തളളി നീക്കുന്നത്. ത്രിപുരയില്‍ എന്താണ് സംഭവിക്കുന്നത്. സ്വാഗതം ദ ക്യു ഡീകോഡ്സിലേക്ക്.

ബംഗ്ലാദേശിലെ ഒരു വ്യാജ പ്രചരണത്തില്‍ നിന്ന് തുടങ്ങിയ അക്രമ സംഭവങ്ങളാണ് പതുക്കെ ത്രിപുരയിലേക്കും പടര്‍ന്നത്. വരാനിരിക്കുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം കണക്കുകൂട്ടി ബി.ജെ.പി ത്രിപുരയിലെ അക്രമ സംഭവങ്ങളില്‍ മൗനം പാലിക്കുകയാണ്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ത്രിപുരയില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്.

എന്തായിരുന്നു ആ വ്യാജ പ്രചരണം

ബംഗ്ലാദേശില്‍ ദുര്‍ഗ പൂജയുടെ സമയത്ത് വിഗ്രഹത്തിന്റെ കാല്‍ചുവട്ടില്‍ ഖുറാന്‍ വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ഹിന്ദുക്കള്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരണം ആരംഭിച്ചതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ അത് ഏറ്റുപിടിച്ചു.

ബംഗ്ലാദേശില്‍ വലിയ അക്രമസംഭവങ്ങള്‍ നടന്നു. പക്ഷേ വസ്തുത എന്തായിരുന്നു. 2016ലെ ചിത്രമാണ് 2021ലേത് എന്ന് പറഞ്ഞ് പ്രചരിച്ചത്. ബംഗ്ലാദേശില്‍ അന്ന് ഈ ചിത്രം പ്രചരിച്ചതിന് പിന്നാലെ അക്രമങ്ങള്‍ നടന്നിരുന്നു.

പൊലീസ് ഒരു മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേ ചിത്രം തന്നെയാണ് വീണ്ടും ബംഗ്ലാദേശില്‍ പ്രചരിച്ചതെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂമും സ്ഥിരീകരിക്കുന്നു. സംഭവം നടന്നത് 2016ല്‍ തന്നെയാണെന്ന് ബംഗ്ലാദേശ് പൊലീസും സ്ഥിരീകരിക്കുന്നു. ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ ത്രിപുരയിലെ മുസ്ലിങ്ങള്‍ക്കെതിരെ അതിവേഗം തിരിയുകയായിരുന്നു.

അക്രമം അഴിച്ചുവിട്ട് വിശ്വഹിന്ദു പരിഷത്തിന്റെ റാലി

ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. വി.എച്ച്.പി പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ പതിനഞ്ചോളം പള്ളികള്‍ ആക്രമിക്കപ്പെട്ടു.

മുസ്ലിം വിഭാഗക്കാരുടെ വീട് ആക്രമിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ബംഗ്ലാദേശിലെ കമ്മ്യൂണല്‍ വയലന്‍സിനെതിരെ പ്രതിഷേധിക്കാന്‍ തെരുവിലറങ്ങിയവര്‍ സമാനമായ രീതിയില്‍ ത്രിപുരയിലെ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു.

വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗ്രണ്‍ മഞ്ചും നടത്തിയ പ്രക്ഷോഭത്തില്‍ മൂന്ന് പൊലീസുകാരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ചാണ് ത്രിപുരയില്‍ വിച്ച്പിയും എച്ച്‌ജെഎമ്മും പ്രതിഷേധം സംഘടിപ്പിച്ചത്. ഒക്ടോബര്‍ 26നും ത്രിപുരയില്‍ തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു.

രാഷ്ട്രീയ പ്രതികരണം

ത്രിപുരയിലെ അക്രമ സംഭവങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ മൗനം തുടരുകയാണ്. എത്ര കാലം നിശബ്ദമായിരിക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങള്‍ ത്രിപുരയില്‍ തുടര്‍കഥയാകുകയാണ്.

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ത്രിപുരയെ പരമാവധി വര്‍ഗീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണത്തിന് വേദിയാകുന്ന ത്രിപുര

സംഘര്‍ഷങ്ങള്‍ ഇല്ലാത്ത പ്രദേശമായിരുന്നില്ല ത്രിപുര. മറിച്ച് മുസ്ലിങ്ങള്‍ ആ സംഘര്‍ഷ പരിസരത്തേക്ക് കടന്നു വരുന്നത് അപൂര്‍വ്വമാണ്. 2018ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ശക്തി പ്രാപിക്കുന്നത്. 9 ശതമാനം മാത്രം വരുന്ന മുസ്ലിം ജനസംഖ്യയാണ് ത്രിപുരയിലേത്. ഇവരെല്ലാം ബംഗാളി ഭാഷ സംസാരിക്കുന്നവരുമാണ്. തദ്ദേശീയരും ബംഗാളി ഹിന്ദു വിഭാഗക്കാരും തമ്മിലായിരുന്നു ത്രിപുരയില്‍ നിരന്തരം സംഘര്‍ഷമെന്നതിനാല്‍ മുസ്ലിം സംഘര്‍ഷങ്ങള്‍ ഇതുവരെ മുഖ്യധാരയിലേക്ക് എത്തിയിരുന്നില്ല.

1947ലെ വിഭജനത്തിന് ശേഷമാണ് ബംഗാളി ഹിന്ദൂസ് ത്രിപുരയിലേക്ക് എത്തുന്നത്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം കൂടുതല്‍ പേരെത്തി. ഇത് ത്രിപുരയിലെ ഡെമോഗ്രഫിയെ ബാധിച്ചിരുന്നു. ആദിവാസി വിഭാഗങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്ന പ്രദേശത്ത് ബംഗാളി ഭാഷയുടെ മേധാവിത്വം വളരാന്‍ തുടങ്ങി. ഇത് തദ്ദേശീയരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു. കൊളോണിയല്‍ കാലഘട്ടതിന് മുന്‍പ് തന്നെ ത്രിപുരയിലേക്ക് ബംഗാളികള്‍ കുടിയേറി പാര്‍ത്തു തുടങ്ങിയിരുന്നു എന്നതിനും രേഖകളുണ്ട്. സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ ഇന്ന് ത്രിപുരയില്‍ ബംഗാളി ഹിന്ദു വിഭാഗത്തിനാണ് മേധാവിത്വം. ഈ സംഘര്‍ഷങ്ങളിലൂടെയാണ് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തുന്നതും.

വിഭജനത്തിന്റെ സമയത്ത് തൃപുരയിലെ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് പോകുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാലാണ് ത്രിപുരയിലെ മുസ്ലിം ജനസംഖ്യ കുറഞ്ഞത്. 1941ലെ സെന്‍സസ് പ്രകാരം ത്രിപുരയില്‍ 24.09 ശതമാനം മുസ്ലിങ്ങളുണ്ടായിരുന്നെങ്കില്‍ 1971ലെ സെന്‍സസ് പ്രകാരം ത്രിപുരയില്‍ 6.68 ശതമാനം മുസ്ലിങ്ങള്‍ മാത്രമാണുള്ളത്. ത്രിപുരയില്‍ പിന്നാക്കം നില്‍ക്കുന്നവരാണ് മുസ്ലിം വിഭാഗങ്ങള്‍. 2014ലെ സെന്‍സസ് പ്രകാരം പ്രദേശത്ത് 2.69 ശതമാനം മുസ്ലിങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ ഉള്ളൂ. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പോകുന്ന മുസ്ലിങ്ങളുടെ എണ്ണവും തുലോം കുറവാണ്. പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തെ വീണ്ടും വീണ്ടും ഭരണകൂടം ത്രിപുരയില്‍ വേട്ടയാടുകയാണ്.

ഏറ്റവുമൊടുവില്‍ ത്രിപുര വിഷയത്തില്‍ നാല് സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ യു.എ.പി.എ കേസെടുത്തതിന് പിന്നാലെ 68 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കും, 32 ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍ക്കും രണ്ട് യൂട്യൂബ് ഹാന്‍ഡിലുകള്‍ക്കുമെതിരെ വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എന്തിന്? ത്രിപുരയിലെ മുസ്ലിം പള്ളികള്‍ക്കെതിരെ നടന്ന ആക്രമങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന്, സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതിന്. ത്രിപുരയിലെ സംഘര്‍ഷം അതീവ ഗുരുതരമായി തന്നെ കാണേണ്ടതാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രശ്നമെന്ന പേരില്‍ തള്ളിക്കളയരുത്, ത്രിപുരയിലും അസമിലുമെല്ലാം മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT