കര്‍ണാടകയിലേത് ഹിജാബ് കോണ്‍ട്രോവേഴ്സി അല്ല, സംഘപരിവാര്‍ ഗൂഢാലോചനയാണ്. 2022ലെ ഏറ്റവും നടുക്കുന്ന ദൃശ്യങ്ങളാണ് കര്‍ണാടകയില്‍ കാണുന്നത്. ഉഡുപ്പിയിലെ കുന്ദാപുരയിലെ സര്‍ക്കാര്‍ കോളേജിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ്, അധ്യാപകര്‍ തന്നെ ഗേറ്റ് പൂട്ടിയിടുന്ന കര്‍ണാടക നാസി ജര്‍മ്മനിയെയാണ ഓര്‍മ്മപ്പെടുത്തുന്നത്. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയില്‍ ജ്യൂവിഷ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം വിലക്കികൊണ്ട് നാസികള്‍ കൈകോര്‍ത്ത് നില്‍ക്കുന്ന 1938ലെ ആ ചിത്രമാണ് കര്‍ണാടകയില്‍ 2022ല്‍ നമ്മള്‍ കാണുന്നത്.
കാവിക്കൊടിയും തൊപ്പിയും കൊടുത്ത് ആരാണ് ഇവരെ സ്‌കൂളുകളിലും കോളേജുകളിലും അഴിഞ്ഞാടാന്‍ വിടുന്നത്. ആ ചോദ്യം എന്തുകൊണ്ടാണ് സമകാലിക ഇന്ത്യയില്‍ ഉയരാത്തത്. കോളേജിലേക്ക് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ വളഞ്ഞാക്രമിക്കാന്‍ ഇവര്‍ക്കാരാണ് ധൈര്യം കൊടുക്കുന്നത്? എന്തുകൊണ്ടാണ് ഇവര്‍ക്കെതിരെ ഒരു നടപടി പോലും ഉണ്ടാകാത്തത്. പരീക്ഷയ്ക്ക് രണ്ട് മാസം മാത്രമേ ഉള്ളൂ, തങ്ങളെ പഠിക്കാന്‍ അനുവദിക്കണമെന്ന് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന അധ്യാപകരോട് കെഞ്ചേണ്ടി വരുമ്പോള്‍ പൗരവാകാശങ്ങള്‍ ഇല്ലാതാകുകയാണ്. ഹിന്ദുത്വവാദികളുടെ വിദ്വേഷ രാഷ്ട്രീയത്താല്‍ ഭരണഘടന തച്ചുടയ്ക്കപ്പെടുകയാണ്.
ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകുന്നത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമാകുന്നത്? ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ പ്രത്യേക ക്ലാസ് മുറികളില്‍ ഇരുത്തുമെന്നും അവര്‍ക്ക് വിദ്യാഭ്യാസം അനുവദിക്കില്ലെന്നും പറയുന്നിടത്ത് മതം പറഞ്ഞ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയല്ലേ? ഒരു മതേതര രാജ്യത്ത് അതെന്ത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല?
ഒരു പൊസിറ്റീവ് സെക്യുലറിസം ഫോളോ ചെയ്യുന്ന ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ വാട്സ്പ്പിലൂടെ പടച്ചു വിടുന്ന യുക്തിരാഹിത്യമല്ല നീതി എന്തെന്ന് നിശ്ചയിക്കേണ്ടത്. മുസ്ലിം അപരവത്കരണത്തിന്റെ സമീപകാലത്ത് കണ്ട് ഏറ്റവും നടക്കുന്ന ദൃശ്യം കര്‍ണാടകയില്‍ നിന്ന് തന്നെയാണ്.
കാരണം യുവതലമുറയുടെ ഇടയിലാണ് സംഘപരിവാര്‍ വെറുപ്പിന്റെ വര വരയ്ക്കുന്നത്. ഹിജാബ് എന്നാല്‍ തീവ്രവാദമെന്ന് പഠിപ്പിക്കുന്നത്. അവര്‍, ഞാന്‍ തുടങ്ങിയ നരേറ്റീവുകള്‍ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതികൊണ്ടും, വിദ്വേഷ രാഷ്ട്രീയം പറയുന്ന ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ പോലുള്ളവരെ ജെ.എന്‍.യു പോലുള്ള സര്‍വ്വകലാശാലകളുടെ തലപ്പത്ത് ഇരുത്തിയും, പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ക്ലാസ് ബേസ്ഡ് എഡ്യുക്കേഷന് ഊന്നല്‍ നല്‍കിയും സംഘപരിവാര്‍ വിദ്വേഷം യുവതലമുറയിലേക്കും അതിവേഗം പടര്‍ത്തിവിടുകയാണ്.
കര്‍ണാടക ദക്ഷിണേന്ത്യയിലെ സംഘപരിവാരിന്റെ പരീക്ഷണശാലയാകുകയാണ്. ഉത്തരേന്ത്യന്‍ വിദ്വേഷ തന്ത്രങ്ങള്‍ കര്‍ണാടകയില്‍ അതേപടി ആവര്‍ത്തിക്കപ്പെടുകയാണ്. സിഎഎ എന്‍ആര്‍സി നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം പറഞ്ഞ ഉടനെ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്ക് കര്‍ണാടക ആദ്യം തന്നെ ഇടം കണ്ടെത്തി. യുപി മാതൃകയില്‍ ലവ് ജിഹാദിന് നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം ആദിത്യനാഥിന് പിന്നാലെ നടത്തി.
തേജസ്വി സൂര്യയെ പോലുള്ളവര്‍ പടച്ചുവിടുന്ന മനുഷ്യത്വരഹിതമായ നുണക്കഥകളും മുസ്ലിം വിദ്വേഷവും അനായാസം വിറ്റുപോകുന്ന ഇടമാണ് കര്‍ണാടക. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നവെന്നാരോപിച്ച് ആന്റി കണ്‍വേര്‍ഷന്‍ ബില്‍ കൊണ്ടുവന്ന് സമുദായങ്ങള്‍ക്കിടയില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മതിലുകള്‍ പണിയുകയാണ്. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പും വിവാദവും തകൃതിയായി നടക്കുന്നതിനിടയിലാണ് പുതു തലമുറയെ തന്നെ വിദ്വേഷത്തിന്റെ ആയുധവും കൊടുത്ത് കര്‍ണാടക തെരുവില്‍ ഇറക്കുന്നത്. സര്‍ക്കാരും ഭരണകൂടവും അത് ആസ്വദിക്കുകയാണെന്ന് തോന്നും. അല്ലാത്ത പക്ഷം വിവാദങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനിടയില്‍ എന്തിനാണ് കര്‍ണാടക സര്‍ക്കാര്‍ ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കെന്ന് പറഞ്ഞ് ഉത്തരവിറക്കിയത്.
1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ട് പ്രകാരം പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് വികസന സമിതിയോ, അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിന്റെ അപ്പീല്‍ കമ്മിറ്റിയോ നിര്‍ദേശിച്ചിരിക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യുണിഫോം തീരുമാനിക്കാത്ത അവസരത്തില്‍ സമത്വം, അഖണ്ഡത, പൊതു ക്രമസമാധാനം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ബിജെപി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.
ജനുവരിയില്‍ ഉടുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡയുടെ നിലപാടില്‍ തുടങ്ങിയ പ്രശ്നം കര്‍ണാടകയില്‍ ഉടനീളം പടരുകയായിരുന്നു. കുന്ദപൂര്‍ ചിക്കമംഗലൂരു, മംഗലൂരു, ഷിമോഗ, മാണ്ഡ്യ എന്നിവിടങ്ങളിലെ വിവിധ കോളേജുകളില്‍ ഹിജാബ് നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രചരണം ശക്തമാകുകയാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊന്നും തടയാത്തത്?
ഈ ചോദ്യങ്ങളും ബിജെപി നേതാക്കള്‍ക്ക് ഇടയില്‍ നിന്ന് വരുന്ന വിദ്വേഷ പ്രസ്താവനകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ബിജെപി നേതാക്കളുടെ ട്വീറ്റുകളും വിദ്വേഷ പ്രസ്താവനകളും അതേ പടി ഏറ്റുപാടുകയാണ് കര്‍ണാടകയില്‍ കാവിപുതച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍.
അവിടെ ഇന്നലെ വരെ എന്റെ വസ്ത്രത്തില്‍ പ്രശ്നമില്ലാതിരുന്ന, എന്നോടൊപ്പം ഒരുമിച്ച് ഇരുന്ന് പഠിച്ചവര്‍ പെട്ടെന്ന് ഒരു ദിവസം എങ്ങനെ മറ്റൊരു കോണിലേക്ക് അകന്നു നില്‍ക്കുന്നുവെന്ന ചോദ്യത്തിന് മതേതര ഇന്ത്യക്ക് മറുപടിയില്ല.