CUE DECODES

മുന്നോട്ട് നയിക്കുന്ന ഭാവന

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഐ.എഫ്.എഫ്.കെ വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്ന് സദസ് സ്വീകരിക്കുമ്പോള്‍ മലയാള സിനിമ പഠിക്കേണ്ട ഒരു പാഠമുണ്ട്.

ഹെജിമണിക്ക് പാട്രിയാര്‍ക്കിയെയും മെയില്‍ ഗേസിനെയും അലങ്കാരമായി കൊണ്ട് നടന്ന് നിങ്ങള്‍ക്കിനിയും മുന്നോട്ട് പോകാനാകില്ല. കാരണം കാഴ്ചക്കാര്‍ മാറുകയാണ്. വെള്ളമടിച്ച് വന്ന് തൊഴിക്കാനൊരു പെണ്ണിനെ വേണമെന്ന നിങ്ങളുടെ മഡോണ ഹോര്‍ കോംപ്ലംക്സിലൂടെ പുറത്ത് വരുന്ന ഡയലോഗുകള്‍ക്കൊന്നും സ്വീകാര്യത ലഭിക്കാത്ത കാലത്തിലേക്ക് ഇഴഞ്ഞ് ഇഴഞ്ഞെങ്കിലും സിനിമ നടന്നു നീങ്ങുകയാണ്.

അതിന് ഭാവനയോട് നാം നന്ദി പറഞ്ഞേ തീരൂ. കാരണം നൂറ്റാണ്ടുകളായി സ്ത്രീകള്‍ പോരടിക്കുന്ന, എഴുന്നേറ്റ് നില്‍ക്കുന്ന സ്ത്രീയെ വീണ്ടും വീണ്ടും തകര്‍ത്തെറിയുന്ന ഹെജിമണിക്ക് പാട്രിയാര്‍ക്കിയോടാണ് ഭാവന പോരാടിയത്. ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയുടെ അര്‍ത്ഥം പോലും മനസിലാകാത്ത കെയറിങ്ങ് ചേട്ടന്മാരുള്ള സിനിമാ ലോകം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഇടത്തേക്കായിരുന്നു ആ പോരാട്ടം.

ഹെജിമണി എന്നാല്‍ താരതമ്യേന ദുര്‍ബലമായൊരു ഗ്രൂപ്പിനുമേല്‍ ശക്തമായ മറ്റൊരു വിഭാഗം അടിച്ചേല്‍പ്പിക്കുന്ന ആധിപത്യമെന്ന് ചുരുക്കി പറയാം.

പുരുഷാധിപത്യം അല്ലെങ്കില്‍ പാട്രിയാര്‍ക്കി എന്നാല്‍ പുരുഷന്മാര്‍ അധികാര കേന്ദ്രമായി നില്‍ക്കുന്ന ഒരു വ്യവസ്ഥ. ഇവിടെ രാഷ്ട്രീയമായും, സാമൂഹികമായും സാമ്പത്തികമായും, ധാര്‍മ്മികമായുമെല്ലാം പുരുഷ മേല്‍ക്കോയ്മയാണ്. അതായത് അവരുടെ സൗകര്യത്തിനാണ് പാട്രിയാര്‍ക്കിയില്‍ പ്രാധാന്യം മറ്റൊരാളുടെ അവകാശത്തിനല്ല.

ഹെജിമണിക്ക് പാട്രിയാര്‍ക്കിയെന്നാല്‍ ഒരു സാംസ്‌കാരിക വ്യവസ്ഥയാണ്. അവിടെ പുരുഷനാണ് അര്‍ത്ഥങ്ങളും മൂല്യങ്ങളും നിശ്ചയിക്കുന്നത് അവരുടെ സൗകര്യാര്‍ത്ഥം. സ്ത്രീകള്‍ പോലും തങ്ങളുടെ കീഴടങ്ങല്‍ സ്വാഭാവികമായാണ് കരുതുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായാല്‍ സ്ത്രീക്ക് എന്തോ നഷ്ടപ്പെട്ടു എന്ന തീര്‍പ്പുകളൊക്കെ ഈ ഹെജിമണിക്ക് പാട്രിയാര്‍ക്കി ബോധത്തില്‍ നിന്ന് വരുന്നതാണ്.

ആ തീര്‍പ്പുകളോടാണ് ഭാവന പോരാടിയത്

ലൈംഗികാതിക്രമം നേരിട്ട സ്ത്രീക്ക് പുരുഷ സങ്കല്‍പങ്ങള്‍ അനുസരിച്ച്

മുഖം നഷ്ടമാകുന്നു

ശബ്ദം നഷ്ടമാകുന്നു

ഐഡന്റിന്റി നഷ്ടമാകുന്നു

അവരെ നാം പിന്നീട് പൊതു ഇടത്തില്‍ കാണില്ല, മാധ്യമങ്ങളില്‍ അവരുടെ മുഖം പോലുമുണ്ടാകില്ല.അവരുടെ ശബ്ദം നമ്മള്‍ കേള്‍ക്കില്ല. പ്രതിക്കൊപ്പം പലപ്പോഴും പൊതു ജീവിതം തന്നെ നഷ്ടമായി ഐഡന്റിന്റി പോലും നഷ്ടപ്പെട്ട് അവരും അദൃശ്യമായ തടവറയിലേക്ക് പോകുകയാണ്.

ഭാവന തെരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്

അവരുടെ ശബ്ദം ഈ ലോകത്തിലെ എല്ലാ സ്ത്രീകളുടേതുമാക്കി അവര്‍

അവരുടെ മുഖം, മുഖം നഷ്ടപ്പെട്ട അനേകം സ്ത്രീകളുടേതാക്കി

അവരുടെ ഐഡന്റിന്റി ഇരയില്‍ നിന്നും അതിജീവിതയിലേക്കാക്കി

ഒരു ഘട്ടത്തില്‍ മടിച്ചു നിന്നിരുന്ന മലയാള സിനിമയിലേക്ക് അഞ്ച് വര്‍ഷത്തിന് ശേഷം ഒരു ഗംഭീര തിരിച്ച് വരവ് പ്രഖ്യാപനം നടത്തി. ഒടുവില്‍ ഇതാ ഒരിടവേളയ്ക്ക് ശേഷം പ്രൗഡഗംഭീരമായി നടത്തുന്ന ഐ.എഫ്.എഫ്.കെ വേദിയില്‍, ലോക സിനിമ കേരളത്തില്‍ ഒത്തുകൂടുന്നിടത്ത് അവരുടെ സാന്നിധ്യമറിയിച്ചു. അവരുടെ മുഖം എന്നന്നേക്കുമായി മായ്ച്ചു കളയാന്‍ തുനിഞ്ഞവരെ കൂടി കരുത്തയായ സ്ത്രീ എന്താണെന്ന് കാട്ടികൊടുത്തു.

ആലീസ് ഗീ ബ്ലാഷേ, ഈ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ലോകത്തെ ആദ്യ വനിതാ സിനിമാ സംവിധായികയാണ്.

ലിയോണ്‍ ഗോമൗണ്ടിനോട് താനൊരു സിനിമ എടുക്കട്ടേയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അത് പെണ്ണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചില്ലറ കാര്യമാണെന്നാണോ നിങ്ങള്‍ കരുതിയത് എന്നായിരുന്നു മറു ചോദ്യം. 1896ലാണ് ആലീസ് ആ ചോദ്യം ചോദിക്കുന്നത്. ഗൗമോണ്ടിന്റെ സെക്രട്ടറിയായിരുന്നു ആലീസ്, ഒടുവില്‍ ഓഫീസ് ജോലികളെ കാര്യമായി ബാധിക്കാത്ത വിധത്തിലെങ്കില്‍ നോക്കി കോളാന്‍ അയാള്‍ ആലിസിന് സമ്മതം നല്‍കി.

ഒരു പുരുഷന്റെ കാഴ്ചയിലൂടെയല്ലാതെ സ്വതന്ത്രമായൊരു സ്ത്രീ കഥാപാത്രത്തെ ആദ്യമായി ലോക സിനിമ കാണുന്നതും ആലീസിലൂടെയായിരുന്നു. അവര്‍ പുതിയ ടെക്നോളജികള്‍ ഉപയോഗിച്ചു, പുതിയ രീതികള്‍ അവലംബിച്ചു, പക്ഷേ ഗ്രിഫിത്തിനെയോ, മെലിസിനെയോ അറിയുന്ന രീതിയില്‍ ആലിസ് അറിയപ്പെട്ടിട്ടില്ല. ആ വിവേചനത്തിന് കാരണം അവര്‍ ഒരു സ്ത്രീയായിരുന്നു എന്നത് മാത്രമായിരുന്നു.

അത് പിന്നീടങ്ങോട്ട് നിരവധി സ്ത്രീകള്‍ അനുഭവിച്ചു, നേരിട്ടു, ചിലര്‍ പരാജയപ്പെട്ടു, ചിലര്‍ വിജയിച്ചു. 1896 ല്‍ ആലീസ് നേരിട്ട ചോദ്യം തന്നെയാണ് ഇന്നും പല സ്ത്രീകളും നേരിടുന്നത്. ഇത് നിങ്ങള്‍ക്ക് പറ്റിയ പണിയാണോ എന്ന്.

എഴുത്തുകാരും, സംവിധായകരും, ഛായാഗ്രഹകരുമൊക്കെയാകുന്ന സ്ത്രീകളുടെ എണ്ണം ശതമാനത്തില്‍ നന്നേ കുറവാണ്. സ്ത്രീകളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു വര്‍ക്ക് പ്ലേസാക്കി മലയാള സിനിമയെ മാറ്റാനാണ് ഡബ്ല്യുസിസി ഉള്‍പ്പെടെയുള്ള സംഘടനകളും ശ്രമിക്കുന്നത്. മലയാള സിനിമയുടെ ആദ്യ നായികയായ പി.കെ റോസിയെ സ്വന്തം സിനിമ ഒന്ന് കാണാന്‍ പോലും അനുവദിക്കാതെ ആട്ടിപുറത്താക്കിയ ചരിത്രമാണ് നമ്മുടേത്. തിരുത്തുകള്‍ ഉണ്ടാക്കുന്നത്. ഇനിയും ഉണ്ടാകേണ്ടതുമുണ്ട്.

സിനിമ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്, സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട്, ഉള്‍ക്കൊള്ളിച്ചുകൊണ്ട്. അവിടെ കൂടുതല്‍ സ്ത്രീകള്‍ അഭിനയ രംഗത്തേക്ക് മാത്രമല്ല, സംവിധാനം, എഴുത്ത്, തുടങ്ങി എല്ലാ മേഖലകളിലും കടന്ന് വരേണ്ടതുണ്ട്. നിലവില്‍ പ്രകടമായിട്ടുള്ള അസന്തുലിതാവസ്ഥയില്‍ നിന്ന് നിര്‍മ്മിച്ച സിനിമകള്‍ നമ്മുടെ സാംസ്‌കാരിക അനുഭവത്തിന്റെ കൂടി ഭാഗമായി മാറിയിട്ടുണ്ട്. അവ പറയുന്നത് പുരുഷ പതിപ്പുകള്‍ മാത്രമാണ്. അതുകൊണ്ടാണ് ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ജീവനെടുക്കണമെന്ന് പൊതുബോധം പഴയ കാല മലയാള സിനിമയിലൂടെ ഉണ്ടാകുന്നതും.

അതുകൊണ്ട് ഭാവന പറയുന്നത് പോലെ എല്ലാ പൊതു നിര്‍മ്മിതികള്‍ക്കെതിരെയും പോരാടുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ട്. ഐ.എഫ്.എഫ്.കെ വേദിയില്‍ സ്പിരിറ്റ് ഓഫ് ദി സിനിമ അവാര്‍ഡ് നല്‍കി ആദരിച്ചത് ഐ.എസ് ചാവേറാക്രമണത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ടെങ്കിലും മരണമുഖത്ത് നിന്ന് എഴുന്നേറ്റ് എഴുത്തും സിനിമയും ആയുധമാക്കിയ കുര്‍ദിഷ് സംവിധായിക ലിസ ചലാനാണെന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT