പല സീനുകളിലും കരയരുത് എന്നതായിരുന്നു ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് നടി ഉർവ്വശി. പല സീനുകളിലും ഇമോഷണലാവണം എന്നാൽ കണ്ണീർ വരാൻ പാടില്ല എന്നായിരുന്നു. എന്നാൽ ലീലാമ്മ എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങളെ സ്വന്തം ആംഗിളുകളിലൂടെ നോക്കിക്കാണുമ്പോൾ തനിക്ക് നിയന്ത്രിക്കാനാവാത്ത വിധത്തിൽ കരച്ചിൽ വന്നിരുന്നു എന്നും ഉർവ്വശി പറയുന്നു. മറ്റ് ഏത് സിനിമയിൽ ആണെങ്കിലും ആർട്ടിസ്റ്റ് എത്ര വേണമെങ്കിലും വികാര പ്രകടനം നടത്തിക്കോട്ടെ എന്ന തരത്തിൽ ക്യാമറ വയ്ക്കാറുണ്ടെന്നും എന്നാൽ പല സീനുകളിലും കരച്ചിൽ നിയന്ത്രിച്ച് അഭിനയിക്കേണ്ടി വന്നതാണ് ഈ സിനിമയിൽ നേരിട്ട വെല്ലുവിളിയെന്നും ക്യു സ്റ്റുഡിയോ കോൺവർസേഷൻ വിത്ത് മനീഷ് നാരായണൻ അഭിമുഖ പരമ്പരയിൽ പറഞ്ഞു.
ഉർവ്വശി പറഞ്ഞത്:
എന്നെ സംബന്ധിച്ച് ഈ സിനിമയിലെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത് ഇമോഷണലാവാം പക്ഷേ അതികം കണ്ണീർ വരരുത് എന്നതായിരുന്നു. അതൊരു ഭയങ്കര പ്രശ്നമായിരുന്നു. കാരണം എന്റെ ആംഗിളിലൂടെ ഞാൻ ലീലാമ്മയുടെ പ്രശ്നങ്ങൾ കാണുമ്പോൾ എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ കണ്ണീര് വരികയാണ്. ആ സീനീനിൽ നിങ്ങൾക്ക് കണ്ടാൽ മനസ്സിലാവും കാഷ്വലായ തരത്തിൽ ഒരു കഥ പറഞ്ഞു വന്ന് അവസാനത്തെ വാക്കിലെ കരയാവൂ. അത് വരെ ഞാൻ എന്നെ നിയന്ത്രിക്കേണ്ടുന്ന ഒരു സംഭവം ഉണ്ടല്ലോ? അതൊക്കെ എനിക്കൊരു ചാലഞ്ചായിരുന്നു. വേണമെങ്കിൽ അത് ആദ്യം മുതലേ കരഞ്ഞ് പറയാം. പക്ഷേ അത് പാടില്ല. പലയിടത്തും കരച്ചിലിനെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അത് മറ്റൊരു സിനിമകളിലും നമുക്ക് കിട്ടാറില്ല, കാരണം, ആർട്ടിസ്റ്റ് എത്ര വേണമെങ്കിലും വികാരം പ്രകടിപ്പിച്ചോട്ടെ എന്ന് പറഞ്ഞ് ക്യാമറ അവിടെ തന്നെ വയ്ക്കും. പക്ഷേ ഇവിടെ അങ്ങനെ പാടില്ല, കാരണം അത്രയും സഹിച്ച് വന്നിരിക്കുകയാണ് അവർ, അങ്ങനെ കുറേ സീനുകൾ ചിത്രത്തിലുണ്ട്. അഞ്ജു എന്ന കഥാപാത്രത്തിനും ലീലാമ്മ എന്ന കഥാപാത്രത്തിനും അതുണ്ട്. അഞ്ജു ഞാൻ എന്തെങ്കിലും തുറന്ന് പറഞ്ഞ് പോകുമോ എന്ന് പറഞ്ഞ് സഫർ ചെയ്യുന്നുണ്ട്. കൂടുതൽ സ്നേഹത്തിൽ എന്തെങ്കിലും ചോദിച്ചാൽ പറഞ്ഞു പോകുമോ എന്ന ശ്വാസം മുട്ടൽ ഉണ്ടല്ലോ അത് സിംഗ് സൗണ്ട് ആയതു കൊണ്ട് തന്നെ നിങ്ങൾക്ക് അത് ഫീൽ ചെയ്യും.