നർമ്മത്തിൽ മാത്രമാണ് പൊളിറ്റിക്കൽ കറക്ടനസ്സ് കൂടുതലായി ചോദ്യം ചെയ്യപ്പെടുന്നതെന്ന് രമേഷ് പിഷാരടി. സിനിമയിലെ നർമ്മ രംഗത്തിന് വേണ്ടി മണ്ടാനായ ഒരു കൂട്ടുകാരനെ കൂടെ കൊണ്ടു നടക്കുന്നതാണോ അതോ വില്ലനൊപ്പം ചാവാനായി മാത്രം സിനിമയിൽ വന്ന് പോകുന്ന വില്ലന്മാരാണോ കൂടുതൽ ചോദ്യം ചെയ്യപ്പെടേണ്ടത് എന്നും രമേഷ് പിഷാരടി ചോദിക്കുന്നു. നർമ്മത്തിന് വേണ്ടി ശാരീരികമായി ഒരാളെ അധിക്ഷേപിക്കുക എന്നത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും എന്നാൽ പൊളിറ്റിക്കൽ കറക്ട്നസ്സിൽ ഇപ്പോഴും ഒരു ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രമേഷ് പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടി പറഞ്ഞത്:
നർമം കുറച്ച് താഴെ നിൽക്കുന്നതായതുകൊണ്ട് അതിന്റെ മുതുകത്ത് കയറാൻ എല്ലാവർക്കും ഇഷ്ടമാണ്. തമാശയ്ക്ക് വേണ്ടി ഒരു മണ്ടനായ കൂട്ടുകാരനെ ഒരാൾ കൊണ്ടു നടക്കുന്നു എന്ന് പറയുന്നു. കൊല്ലാൻ വേണ്ടി പത്ത് വില്ലന്മാരെ എല്ലാ വില്ലന്മാരും കൊണ്ടു നടക്കുന്നില്ലേ? എന്തിനാണ് ഈ പത്ത് ഗുണ്ടകൾ വന്നത്. ചാകാൻ വേണ്ടിയാണ്. ഞാൻ ഒരാളെ ബോഡി ഷെയിം ചെയ്യുന്നതാണോ കൊല്ലുന്നതാണോ യഥാർത്ഥത്തിൽ കൂടുതൽ ക്രൂരത. പൊളിറ്റിക്കലി കറക്ടായി നേരെ ഒരു വര വരച്ച് നിങ്ങൾ ചിന്തിച്ചാൽ കൂടുതൽ ക്രൂരത ഞാൻ ഒരാളെ കൊല്ലുന്നതാണ്. ഒരു സിനിമയിൽ കൊല്ലാൻ വേണ്ടി മാത്രം നൂറ് പേരെ കാസ്റ്റ് ചെയ്തിട്ടുണ്ടാവും. അത് പോലെ തന്നെയാണ് ഈ നർമ്മത്തിന് വേണ്ടി കാസ്റ്റ് ചെയ്ത ആളുകളും. അതിൽ അവരുടെ ശരീരം വച്ച് അധിക്ഷേപിക്കുക എന്നൊക്കെ പറയുന്നത് ഉറപ്പായും ചെയ്യാതിരിക്കേണ്ട കാര്യങ്ങളാണ്. നമ്മൾ പരിഷ്കൃത സമൂഹം തീർച്ചയായും മാറേണ്ടുന്നതാണ്. ഞാൻ ആകെ പറഞ്ഞത് ഈ പൊളിറ്റിക്കൽ കറക്ട്നസ്സിൽ ആകെ ആശങ്കയുണ്ടാക്കുന്ന ഒരു ഏരിയ ഉണ്ട്. എല്ലാം ഒരു ബൈനറി വച്ചിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇതിൽ എങ്ങോട്ട് വേണമെങ്കിലും ആളുകൾക്ക് മാറാം. പഴയ സദാചാര വാദം പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ഭാഗമായിരുന്നു. ഇപ്പോൾ സദാചാര വാദികൾ എന്നു പറഞ്ഞ് എല്ലാവരും കൂടി പരിഹസിക്കുന്ന ആളുകൾ ഇല്ലേ അവർ 25 വർഷം മുമ്പുള്ള പൊളിറ്റിക്കൽ കറക്ടനസ്സ് ടീം ആണ്. ശാരീരികമായി ആക്ഷേപിക്കുക, ഒരാളുടെ ശാരീരക പരിമിധികളെ പരിഹസിക്കുക എന്നൊക്കെ പറയുന്നത് അന്യായമാണ്. ക്രൂരമാണ്. അത് എന്നും അങ്ങനെ തന്നെയാണ്. എന്നാൽ അതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും ഒക്കെ മാറ്റിവച്ച് ആളുകൾ ഇതിനെ ഉപയോഗിക്കുന്നുണ്ട്. അതാണ് ഞാൻ നേരത്തെ ഒരു ഉദാഹരണം പറഞ്ഞത്. ഒരാളെ മറ്റൊരാൾ കളിയാക്കിയാൽ ഉടനെ അയാളുടെ അമ്മയെയും അച്ഛനെയും ഒക്കെ ചീത്ത വിളിക്കുകയാണ്. അപ്പോൾ എവിടെ പോയി ഈ പൊളിറ്റിക്കൽ കറക്ടനസ്സ്?