നിനക്ക് കഴിയോ രാജീവ്....
സത്യായിട്ടും നിനക്ക് കഴിയോ? എവിടെയെങ്കിലും വച്ച് കണ്ട് മുട്ടിയാൽ പോലും പരിചയം ഭാവിക്കാതിരിക്കാൻ...കണ്ടില്ലാന്ന് നടിച്ച് പോവാൻ...
ഇങ്ങനൊരു നന്ദിതയെ അറിയില്ലെന്ന് കരുതാൻ? കഴിയോ...?
നന്ദിത രാജീവിനോട് അത്രയും വിങ്ങലോടെ പറഞ്ഞു തീർക്കുമ്പോഴേക്കും, അയാൾക്ക് അത് കഴിയരുതെന്നാണോ അവൾ പറയുന്നതെന്ന് പ്രേക്ഷകർ ശങ്കിച്ചു പോവും..
കഥകളെഴുതുന്ന നന്ദിത മേനോൻ, മാതൃഭൂമി വാരാന്ത്യപ്പതിപ്പിന്റെ എഡിറ്റർ, ഉറക്കമിളച്ചിരുന്ന ഒരു ആശുപത്രി രാത്രിയിൽ ഫ്ലാസ്കിൽ ഒരു കാപ്പിയുമായി വന്ന രാജീവിന് ആഴ്ചപ്പതിപ്പ് കെെമാറുമ്പോൾ തുടങ്ങിയ ഒരു സൗഹൃദം. പിന്നീട് കാണുമ്പോൾ കടം വച്ച് പോന്ന ഒരു കാപ്പിയുടെ ബന്ധം.
രാജീവ്.. കട്ടി മീശയുള്ള, നേർമയായി സംസാരിക്കുന്ന രാജീവ്...
മുൻ ജന്മ ബന്ധം പോലെ അയാൾക്ക് നന്ദിതയോട് തോന്നുന്ന അടുപ്പം, സ്നേഹം, വേണ്ടെന്ന് വയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും വേണമെന്ന് തന്നെ തോന്നുന്ന ഒരിഷ്ടം.. കോഴിക്കോട് ബീച്ചിന്റെ ശാന്തമായ കാറ്റിൽ അയാൾ തുറന്ന് പറയവേ നന്ദിതയെ പൊള്ളിക്കുന്ന പ്രണയം.
നന്ദിതയ്ക്ക് അയാൾ ചങ്ങാതിയായിരുന്നു, ബാല്യത്തിന്റെ നല്ല നാളുകളിൽ അറിയാതെ സംഭവിച്ചു പോയ കെെപ്പിഴയിൽ തോള് തന്ന് കൂടെ നിന്ന ചങ്ങാതി. മോഹത്തോടെ പറിച്ചെടുത്ത ഒരു താമര മൊട്ട് വെള്ളത്തിലെറിഞ്ഞു കളഞ്ഞ പരിഭവത്തിൽ കളിക്കൂട്ടുകാരിയെ തള്ളിമാറ്റി പിണങ്ങിപ്പോയ ഒരു കൊച്ചു പെണ്ണിന്റെ അറിയാ പിഴയിൽ, വെള്ളത്തിൽ മുങ്ങി മരിച്ചു പോയ കൂട്ടുകാരിയുടെ മരണ തണുപ്പിൽ, പേടിച്ചരണ്ട് ഒറ്റയ്ക്കിരുന്ന് കരയുമ്പോൾ ഒരുപാട് തവണ കണ്ണീര് തുടച്ചു തന്നിട്ടുള്ള ഒരാൾ, കന്യാകുമാരിയിലെ കൽ മണ്ഡപത്തിനടത്തു നിന്നും കാറ് കാഴ്ചയിൽ നിന്ന് മറയും വരെ ശ്രീക്കുട്ടി നോക്കി നിന്ന ഒരാൾ, പക്ഷേ കാഴ്ചയിൽ മാത്രമേ അവരിരുവരും മറയിലേക്ക് പോയിട്ടുണ്ടായിരുന്നുള്ളൂ.
ആരുമറിയാതെ കാലത്തിന്റെ ബഹളങ്ങളിലോ, വിനോദങ്ങളിലോ ഒലിച്ചു പോകാത്ത രാജീവിന്റെ ഒരു സ്വകാര്യസ്വപ്‌നമായിരുന്നു താനെന്ന് അറിയുമ്പോൾ എന്തായിരിക്കാം നന്ദിതയ്ക്ക് തോന്നിയിട്ടുണ്ടാവുക? ഇങ്ങനൊരു രാജീവിനെ അറിയില്ലെന്ന് കരുതാൻ എനിക്കും കഴിയണം എന്ന് നന്ദിത സ്വയം പറഞ്ഞു പഠിപ്പിക്കുമ്പോൾ, എത്രയോ നാൾ കൽമണ്ഡപത്തിലിരുന്ന് കരഞ്ഞ് തളർന്ന അവളുടെ ഓർമകൾ അവളോട് പോരടിച്ചിട്ടുണ്ടാകും, എന്നെങ്കിലും അവൻ കാണാനായി പാറയിൽ അവളെഴുതിയിട്ട വാക്കുകൾ പോലെ തിരയ്ക്ക് മായ്ച്ച് കളയാൻ കഴിയുന്നതല്ലല്ലോ ആ കളിചങ്ങാതിയുമായുള്ള ആത്മബന്ധം.
മേഘ മൽഹാർ രാഗം പാടി തീരുമ്പോൾ മഴ പെയ്യും എന്നാണ്. പക്ഷേ അത് പെയ്തിറങ്ങിയത് തെരുവുകളിൽ ആയിരുന്നില്ല, വരണ്ടുണങ്ങിയ പഴയ ഓർമ്മകളുടെ, ബാല്യത്തിന്റെ, വേണ്ടെന്ന് വച്ച് മടക്കിയയച്ച സ്നേഹത്തിന്റെ ഭാരം വഹിക്കുന്ന രണ്ട് ഉടലുകൾക്ക് മേലെയാണ്. കന്യാകുമാരിക്കെന്താണിത്ര ഭംഗിയെന്ന് ചോദിച്ചാൽ ആർത്തലയ്ക്കുന്ന കടലിനാണോ, അസ്തമയ സൂര്യന് ചിതറിക്കുന്ന ഇരുട്ടു കലർന്ന ചുവന്ന വെളിച്ചത്തിനാണോ, അതോ നന്ദിതയുടെയും രാജീവന്റെയും ഓർമകൾക്കാണോ എന്ന് ചോദിച്ചാൽ നിങ്ങളെന്ത് തെരഞ്ഞെടുക്കും.. നിങ്ങൾക്ക് മറക്കാൻ കഴിയാത്തത് അല്ലേ..