വേനലിന്റെ കനത്തിൽ മരങ്ങൾ ഇല കൊഴിക്കേ, കൂട് വിട്ട് പറന്നു പോയ കിളികളെ പോലെ ഒരു അവധിക്കാലമോ, ഒഴിവ് ദിവസങ്ങളോ അയാൾക്കുണ്ടായിരുന്നില്ല, എന്നോ ഒരിക്കൽ നിങ്ങൾ പൂർണ്ണമായും ജീവിച്ചു തീർത്ത ഒരു കാലഘട്ടത്തിന്റെ ഓർമ്മ നിലനിൽക്കാനെന്ന വണ്ണം കലാലയത്തിന്റെ മങ്ങിയ ചുവരുകളിൽ നിങ്ങൾ കോറിയിട്ട് പടിയിറങ്ങിയ പേരുകളെ പോലെ അയാളും അവിടെ തന്നെ നിൽക്കുകയാണ്, ഒഴിഞ്ഞ ക്ലാസ് റൂമുകളിലേക്ക് നോക്കി ഞാനെന്നൊരാളെ ആരോ തേടുന്നുണ്ടെന്ന പോലെ സ്വന്തം പേര് ഉറക്കെ വിളിക്കുന്നൊരുവൻ.. മങ്ങിയ ചുവരുകളിൽ തട്ടി തിരിഞ്ഞു വരുന്ന എതിർ ശബ്ദത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന പ്രതിതീ സ്വയം സൃഷ്ടിച്ചെടുക്കുന്നൊരു ലാൽ.. പഴക്കം ചെന്ന് വാർദ്ധക്യത്തിലെത്തിയ ആ കലാലയത്തിന്റെ ലാലേട്ടൻ..
ഒരുപാട് അണ്ടർപ്ലേ നിറഞ്ഞ കഥാപാത്രങ്ങൾ സ്ക്രീനിൽ പ്രതിഫലിപ്പിച്ച മോഹൻലാലെന്ന നടന്റെ മറ്റൊരു അനായാസ പ്രകടനം.... മോഹൻലാലെന്ന നടനെ പോലെ പ്രേക്ഷകരുടെ കൂടെ പോരുന്ന, എനിക്കറിയാം അയാളെയെന്നോ, എല്ലാ ചങ്ങലകളും പൊട്ടിച്ചെങ്കിൽ ഞാൻ അങ്ങനെയായിരുന്നേനെയെന്നോ അവർക്ക് തോന്നിപ്പോകുന്ന, ആഗ്രഹിച്ചു പോകുന്ന ലാലേട്ടൻ...
നടുമുറ്റവും പൂജാമുറിയുമുള്ള എംടിയുടെ ഒരു തറവാടാണ് എനിക്ക് ആ കോളേജ്.. അതേ.. സർവ്വ ലക്ഷണങ്ങളുമൊത്ത ഒരു വീടാണ് അയാൾക്ക് അത്.. where we feel happy, we feel like home എന്നത് പോലെ.. ബന്ധങ്ങളും സൗഹൃദങ്ങളും സന്തോഷങ്ങളും അയാൾ കാംഷിക്കുന്നതും, ആഗ്രഹിക്കുന്നതും ആ വലിയ വീടിന്റെ എണ്ണമെത്താത്ത ചുവരുകൾക്കുള്ളിലാണ്. പുതുമുഖങ്ങൾക്കും പരിചിതർക്കും ഒരുപോലെ പ്രിയപ്പെടുന്നവൻ, ഒരു വലിയ കോളേജ് മുഴുക്കെ ലാലേട്ടാന്ന് വിളിച്ച് തീരാത്തവർ.. എത്ര ഭാഗ്യമാണല്ലേ?... എന്നാൽ അത്ര ഭാഗ്യം ചെയ്ത ഒരു ബാല്യം അയാൾക്കുണ്ടായിരുന്നില്ല എന്നതാണ്, യൗവനമോ അങ്ങനെയായി തീരരുതെന്ന ആശയിൽ അയാളെടുത്ത തീരുമാനവുമാകാം കലാലയത്തെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ആ ജീവിതം.
പഠിച്ചിറങ്ങിയ കോളേജിന്റെ മുറ്റത്ത് പിന്നീടെപ്പോഴെങ്കിലും ചെന്നു നിൽക്കേ ഒരു പരിചിത മുഖത്തെ എങ്കിലും ആ വലിയ അങ്കണത്തിൽ കണ്ടെടുക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? കാലങ്ങൾ എത്രയേറെ ഓടിപ്പോയി എന്നറിയിലും ഇനിയും എനിക്കിവിടം ശ്വസിച്ച് തീർന്നിട്ടില്ലെന്ന മട്ടിൽ, മങ്ങി തുടങ്ങിയ ഇടനാഴികളിലൂടെ കലാലയത്തിന്റെ ചുവരുകളോട് സ്വകാര്യം പറഞ്ഞു നീങ്ങുന്നവരെ നിങ്ങൾ കണ്ടിട്ടില്ലേ, അയാളും അങ്ങനെ തന്നെയാണ്.
നനുത്ത ചിരിയോടെ കോളേജ് മുറ്റത്ത് ചുറ്റി നടക്കുന്ന അയാളിൽ നിന്ന് കണ്ണ് മാറ്റവേ, വലിയൊരു പുൽമേടിന് നടുക്ക് ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ടു പോയ അയാളുടെ മറ്റൊരു മുഖം നമുക്ക് കാണാം, അനാഥ ബാല്യത്തിന്റെ കയ്പ്പേറിയ ഓർമ്മ പേറി തളർന്നൊരു കൊച്ചു കുഞ്ഞിന്റെ നനഞ്ഞ മിഴകൾ അയാൾക്കുള്ളിലാണ്, സാദാ പുഞ്ചിരി മിന്നിമായുന്ന ആ കണ്ണുകളിലാണ് അയാളതിനെ ഒളിപ്പിച്ച് വയ്ക്കുന്നത്. പത്ത് മാസം വയറ്റിലെ കൊച്ചു മുറിക്കുള്ളിൽ എന്നെ കിടത്തിയുറക്കിയതിന് ഒരു മാഹാമനസ്കൻ എന്റെ അമ്മയ്ക്ക് നൽകിയ വാടക. സമ്പത്തിനെക്കുറിച്ച് ഇത്രമാത്രമാണ് അയാൾ പറയുന്നത്. എത്രയോ ലളിതമായി, അതിലേറെ അത്രമേൽ വേദനയുണ്ട് അതിൽ.. കേൾക്കുന്നവന് തമാശയാണ്. വളരെ സംപിളായിട്ടാണ് താൻ ഒരു നഷ്ടത്തെപ്പറ്റി പറഞ്ഞത് എന്ന് ജീവനും അയാളോട് ചോദിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
ഗായത്രിയോട് ലാലിന് തോന്നുന്ന ഇഷ്ടം, പിന്നീട് അതിന് സംഭവിക്കുന്ന പരിണാമങ്ങളിലൊന്നും അവളെ സ്വന്തമാക്കണമെന്ന നിർബന്ധ ബുദ്ധിയോ വാശിയോ അയാൾക്കില്ല, വീണ് കിട്ടുന്ന സൗഹൃദങ്ങളിലും, വന്നു ചേരുന്ന ബന്ധങ്ങളിലും അറ്റ് പോകാതിരിക്കാൻ മാത്രം ശ്രമിച്ചു, വീഴ്ചകളിൽ എല്ലാവരെയും താങ്ങി നിർത്തി, എല്ലാവരെയും കൂടെക്കൂട്ടി, സ്നേഹിക്കപ്പെടണമെന്ന് ആഗ്രഹിച്ചു, നിർബന്ധിച്ചില്ല. അറിയാത്ത തെറ്റിന്റെ പേരിൽ കുറ്റക്കാരനെന്ന് മുദ്ര കുത്തുമ്പോഴും നിരപരാധിത്വം തെളിയവേ പുറത്തിറങ്ങുമ്പോഴും മാപ്പ് ചോദിക്കുന്നവരോട് തന്നെ വിശ്വസിക്കാതെ പോയവരോട് അയാൾക്ക് പരിഭവമില്ലെന്നത്, അത്ഭുതപ്പെടുത്തുന്നു. പുറത്താക്കിയ ആ വീട്ടിലേക്ക് അയാൾ വീണ്ടും കയറി വരുന്നു, മുത്തച്ഛനോട് സ്വകാര്യം പറയുന്നു.. ഒരു പുതിയ ജീവിതം, നടുമുറ്റവും പൂജാമുറിയും തീർത്ത ആ വലിയ തറവാട്ടിൽ നിന്ന് തന്നെ തുടങ്ങി വയ്ക്കുന്നു, തന്നെ സനാഥനാക്കിയ ആ മണ്ണിൽ നിന്നും അയാൾ മറ്റെവിടെ പോകാൻ?