കാഴ്ച കാണുക എന്നത് സ്വഭാവികമായി നാം പറയുന്നതാണ്, എന്നാൽ അറിയുക എന്നത് മറ്റൊരു തലമാണ്.. ബീച്ചിലേക്ക് പോകും വഴി ബോട്ടിൽ കിടന്നുറങ്ങുന്ന മകന്റെ അടുത്ത് നിന്നും ജനാലയിലൂടെ പുറത്തേക്ക് പുഞ്ചിരിയോടെ തല നീട്ടിയിരിക്കുന്നൊരമ്മ.. കാഴ്ചകൾക്കും അപ്പുറത്ത് ഭംഗിയെ ആസ്വദിക്കാൻ കാഴ്ച നിർബന്ധമില്ല, പാട്ടിന് ഭാഷയില്ലെന്നത് പോലെയാണത്. കടല് വന്ന് കാലിൽ തട്ടുമ്പോൾ, ഒരു ഐസ്ക്രീം നുണഞ്ഞിറക്കുമ്പോൾ, സിനിമ ടാക്കീസിൽ സിനിമ കാണുമ്പോൾ എല്ലാം ആസ്വാദനത്തിന് കാഴ്ച്ചയൊരു പരിമിതിയല്ലെന്ന് നമുക്ക് തിരിയും.
സിനിമ ടാക്കീസിൽ വെള്ളം വാങ്ങി വരാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിപ്പോകുന്ന മകനെ പിന്നീടവർ കാണുന്നതേയില്ല, ഒരു ബ്രിഡ്ജിനപ്പുറം വന്നു നിൽക്കുന്നൊരു ബസ്സിൽ തനിയെ കയറി മണി മറഞ്ഞു പോകുന്നത് നെഞ്ച് നീറുന്ന വേദനയോടെയല്ലാതെ നമുക്ക് കണ്ടു നിൽക്കാനും ആകില്ല, തെരുവിലെറിഞ്ഞു കളഞ്ഞ ഒരു പൂച്ചക്കുഞ്ഞും ആ അമ്മയും ഒരേ പാതയിൽ അവസാനം കണ്ടു മുട്ടുന്നു. പ്രിയപ്പെട്ടവർ തിരഞ്ഞു വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.. അവരുടെ മുഖത്തേക്കാണ് ക്യാമറയുടെ അവസാന സഞ്ചാരം..
റോഡിലൂടെ തിരക്കിട്ട് നടന്നു പോകവേ, ബസ്സ് കാത്തു നിൽക്കുകയോ, റോഡ് മുറിച്ചു കടക്കാനോ എടുക്കുന്ന ഇത്തിരി നേരത്തിൽ തെന്നി നീങ്ങുന്ന സ്ഥിരം കാഴ്ചകളിൽ നിങ്ങൾക്ക് അവരെ കാണാൻ കഴിയും.. ഉപേക്ഷിക്കപ്പെട്ട ദിവസങ്ങളുടെ ദെെർഘ്യത്തിന്റെ കറ അവരുടെ കയ്യിലെ വെളുത്ത ഭാണ്ഡക്കെട്ടിൽ പറ്റിപ്പിടിച്ചിരിക്കും..
പേരമകളുടെ സ്കൂൾ ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ച് ചന്നം പിന്നം പെയ്ത് വീഴുന്ന മഴയിൽ ദിശയറിയാതെ നോക്കി നിൽക്കുന്നൊരമ്മ.. ആ കാഴ്ചയിലാണ് അവർ ആദ്യം നമ്മളിലേക്ക് കയറി വരിക, അരികിൽ നിന്ന് ബാഗ് തിരികെ വാങ്ങാൻ ആ കുട്ടി വഴക്കടിക്കുന്നത് കാണേ കാരണം തിരിയാത്തൊരു ചോദ്യം നമുക്ക് ഉള്ളിൽ വന്നു മുട്ടും. കടലും കപ്പലും കാണിച്ചു താരാമെന്ന മകൻ മണിയുടെ വാക്കിൽ അതിന് വേണ്ടി കാത്തിരിക്കുകയാണവർ.. കണ്ണ് കാണാത്ത, ഓർമ്മ നശിച്ച, നരച്ച് ചുളിവ് വീണ ആ മുഖത്തെ ഒരു തവണ കണ്ടവർക്കൊന്നും അങ്ങനെ മറന്നു കളയാൻ സാധിക്കുന്നതല്ല.
വിശക്കുന്നുണ്ടെന്നോ, താൻ ഭക്ഷണം കഴിച്ചതാണെന്നോ തിരിച്ചറിയാനാവാത്ത വിധം നരച്ചു പോയ ഓർമ്മയാണ് അവർക്ക്.. ഓർമ്മയുള്ളതാകട്ടെ പുറത്തു കൊണ്ടു പോകാം എന്ന് മകൻ എന്നോ കൊടുത്ത ഒരു വാക്കു മാത്രം.. ഓർമ്മ പിശക് തീർക്കുന്ന അമ്മയുടെ പ്രശ്നങ്ങൾ വീട്ടിലേറെ ബാധിക്കുന്നത് മണിയുടെയും അയാളുടെ ഭാര്യയുടെയും ബന്ധത്തെയാണ്. മണി അമ്മയെ പുറത്തു കൊണ്ടു പോകാൻ തീരുമാനിക്കുന്ന രാത്രി ഒപ്പം ഉറങ്ങാൻ കിടക്കുന്ന പേര മകളോട് കൊണ്ടു പോകുവോടി എന്ന് അവർ ചോദിക്കുന്നത് സന്തോഷാധിക്യത്താലാണ്. ആ സന്തോഷത്തിന്, ഒരു ദിവസം മുഴുവൻ അവരറിഞ്ഞ ലോകത്തിന്റെ തണുപ്പിന്, കൊണ്ട ഉപ്പിന്റെ മണമുള്ള കാറ്റിന്, അടഞ്ഞ കണ്ണിലേക്ക് കുത്തിക്കയറിയ പൊൻവെളിച്ചത്തിന്, എല്ലാത്തിനും അവസാനം അവരുടെ കൈയ്യിൽ നിന്ന് മണിയകന്ന് പോകവേ ഉണ്ടാകുന്നുണ്ട്.
ദൂരെയെവിടയോ മണിയും ഒരു കുഞ്ഞും നൊമ്പരപ്പെടുന്നുണ്ട്.. ഉപേക്ഷിച്ചയാളും ഉപേക്ഷിക്കപ്പെട്ടയാളും. കൂടുതൽ നോവു പേറുന്ന ഹൃദയമേതായിരിക്കും? അറിയില്ല, തിരിച്ച് ബസിലേക്ക് നടന്ന് കയറിയ നിമിഷത്തിലായിരിക്കുമോ, അതോ അമ്മയുമായി കൈപിടിച്ച് വീട്ടിൽ നിന്ന് പടിയിറങ്ങിയപ്പോഴായിരിക്കുമോ അയാൾ കൂടുതൽ വേദനിച്ചിട്ടുണ്ടാകുക, അറിയില്ല. എത്രനാൾ ആ വേദന അയാൾക്കുള്ളിൽ കൊണ്ട് നടക്കാൻ കഴിയും, അറിയില്ല, മകന്റെ കരച്ചിൽ കണ്ട് തിരിച്ചോടിയെത്തിയ ആ അച്ഛനെ പോലെ ഉള്ള് പൊട്ടിക്കഴിയുമ്പോൾ മണി തിരിച്ചോടിയെത്തിയിട്ടുണ്ടാകുമോ, അറിയില്ല.... എല്ലാം പോട്ടെ മണി തിരിച്ച് വരില്ലെന്നും, തിരിച്ച് വരാതിരിക്കാൻ, തന്നെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ കളഞ്ഞിട്ട് പോയതാണെന്നും ആ അമ്മ തിരിച്ചറിഞ്ഞ് കാണുമോ,,,