Charithram Ithanu

പൊതുമേഖലയോട് ടാറ്റ പറയുമ്പോള്‍ എയര്‍ഇന്ത്യയുടെ ചരിത്രം

ബോബി ചെറിയാന്‍ അലക്‌സാണ്ടര്‍

'1932 -ലെ ആവേശകരമായ ഒരു ഒക്ടോബര്‍ പ്രഭാതത്തില്‍, ബോംബെയിലേക്കുള്ള ഉദ്ഘാടന വിമാനത്തില്‍, കറാച്ചിയില്‍ നിന്ന് വിലയേറിയ മെയില്‍ ലോഡുമായി ഞാനും ഒരു പുസ് മോത്തും സന്തോഷത്തോടെ പറന്നുയര്‍ന്നു.' കറാച്ചിയിലെ ഡ്രിഗ് റോഡ് എയറോഡ്രോമില്‍ നിന്ന് മുംബൈയിലെ ജുഹു എയര്‍സ്ട്രിപ്പിലേക്ക് പറന്നുയര്‍ന്ന വിമാനത്തെക്കുറിച്ച് ടാറ്റ കുറിച്ചത് ഇങ്ങനെയാണ്. സിംഗിള്‍ എന്‍ജിനുള്ള ഡി ഹാവിലാന്‍ഡ് പുസ് മോത്ത് ആയിരുന്നു ടാറ്റ എയര്‍ സര്‍വീസസ് ഉപയോഗിച്ച ആദ്യ വിമാനം.

എയര്‍ ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ടാറ്റ എയര്‍ സര്‍വീസസില്‍ നിന്നായിരുന്നു. 1932 -ലാണ് ജെ. ആര്‍. ഡി. ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇംപീരിയല്‍ എയര്‍വേയ്സ് അന്ന് ഇന്ത്യയുടെ ഭാഗമായ കറാച്ചിയില്‍ എത്തിക്കുന്ന മെയിലുകള്‍, ചെന്നൈയും ബോംബെയും അടക്കമുള്ള വലിയ പട്ടണങ്ങളിലെത്തിക്കുകയായിരുന്നു ടാറ്റ എയര്‍ സര്‍വീസസ് ആദ്യഘട്ടത്തില്‍ ചെയ്തുകൊണ്ടിരുന്നത്.

ഒരൊറ്റ വര്‍ഷം കൊണ്ട് ടാറ്റ എയര്‍സര്‍വീസസ് രണ്ടു ലക്ഷത്തി അറുപതിനായിരം കിലോമീറ്ററുകളാണ് താണ്ടിയത്. ആറ് സീറ്റുകളുള്ള മൈല്‍സ് മെര്‍ലിനുമായായിരുന്നു ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ലൈന്റെ ആദ്യ ആഭ്യന്തര വിമാന സര്‍വീസ്.

പ്രവര്‍ത്തനത്തിന്റെ ആദ്യ ദശകത്തില്‍, എയര്‍ലൈന്‍ ക്രമാനുഗതമായ പുരോഗതി കൈവരിച്ചു. 1938 -ല്‍ ടാറ്റാ എയര്‍ സര്‍വീസസ് ടാറ്റാ എയര്‍ലൈന്‍സ് എന്ന് പുനര്‍നാമകരണം ചെയ്യുകയും, അന്താരാഷ്ട്രതലത്തില്‍ സേവനം വ്യാപിപ്പിക്കുകയും ചെയ്തു. ചെന്നൈ, ബോംബെ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമേ, ശ്രീലങ്കയിലെ കൊളംബോയിലേക്കും ഡല്‍ഹിയിലേക്കും അവര്‍ സേവനം ആരംഭിച്ചു .

എന്നാല്‍ എങ്ങനെയാണ് ടാറ്റ എയര്‍ലൈന്‍സ് ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലെ എയര്‍ ഇന്ത്യയായത്? വിമാന സര്‍വീസ് വീണ്ടും ടാറ്റയുടെ കൈകളിലേക്കെത്തുമ്പോള്‍ കൈയ്യടിക്കുന്നവര്‍ അറിയേണ്ട ചരിത്രമിതാണ്.

രണ്ടാം ലോക മഹായുദ്ധ കാലത്ത്, ടാറ്റാ എയര്‍ലൈനിന്റെ വിമാനങ്ങളെല്ലാം സൈനിക ഉപയോഗത്തിനായി നിയോഗിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം പ്രധാന മേഖലകളെല്ലാം ദേശസാല്‍ക്കരിക്കണമെന്ന ആവശ്യം ദേശീയ തലത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി മാറി. ടാറ്റ എയര്‍ലൈന്‍സ് ഉള്‍പ്പെട്ട നിരവധി കമ്പനികളെ ദേശസാല്‍ക്കരിക്കാനുള്ള പദ്ധതികളാണ് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്ന് മുന്നോട്ടുവെച്ചത്.

എന്നാല്‍ ജെആര്‍ഡി ടാറ്റ ഈ ആശയത്തിന് പൂര്‍ണ്ണമായും എതിരായിരുന്നു. ഒരു എയര്‍ലൈന്‍ കമ്പനി നടത്തുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു പരിചയവുമില്ലെന്നും, ദേശസാല്‍ക്കരണം എന്നത് ബ്യൂറോക്രസിയും അലസതയും കൊണ്ടുവരുമെന്നും, ജീവനക്കാരുടെ മനോവീര്യവും ഒപ്പം യാത്രക്കാരുടെ സേവനങ്ങളും അത് കുറയ്ക്കാന്‍ കാരണമാകുമെന്നുമായിരുന്നു ടാറ്റയുടെ വാദം.

എന്നാല്‍ 1953 ല്‍ എയര്‍ കോര്‍പ്പറേഷന്‍ ആക്ട് നടപ്പാക്കി സര്‍ക്കാര്‍ എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളും ദേശസാല്‍ക്കരിക്കുകയും രണ്ട് കോര്‍പ്പറേഷനുകള്‍ സൃഷ്ടിക്കുകയും ചെയ്തു - ഒന്ന് ആഭ്യന്തര സര്‍വീസുകള്‍ക്കും മറ്റൊന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും. ടാറ്റ എയര്‍ലൈന്‍സിന്റെ 49 ശതമാനം ഓഹരിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും എയര്‍ ഇന്ത്യ എന്ന് പേരുമാറ്റി രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസ് ആക്കിമാറ്റുകയും ചെയ്തു. ആഭ്യന്തര റൂട്ടുകളില്‍ സേവനം നല്‍കുന്ന സ്ഥാപനത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍ എന്നും അന്താരാഷ്ട്ര സേവന ദാതാവിനെ എയര്‍-ഇന്ത്യ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നും പേരുനല്കി.

സര്‍ക്കാര്‍ മനപൂര്‍വ്വം തങ്ങളോട് മോശമായി പെരുമാറിയെന്നും സ്വകാര്യ സിവില്‍ ഏവിയേഷനെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ഗൂഡാലോചനയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നുമാണ് ടാറ്റ അന്ന് പറഞ്ഞത്. എന്നാല്‍ അത്തരം ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് ജവാഹര്‍ലാല്‍ നെഹ്‌റു പിന്നീട് പ്രതികരിച്ചിരുന്നു.

ജെ.ആര്‍.ഡി ടാറ്റയുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്നതിന്, എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ചെയര്‍മാനായി നയിക്കാന്‍ സര്‍ക്കാര്‍ ജെആര്‍ഡിയെ ക്ഷണിച്ചു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ജെആര്‍ഡി എയര്‍ ഇന്ത്യയുടെ ചെയര്‍മാനും ഇന്ത്യന്‍ എയര്‍ലൈന്‍സ് ബോര്‍ഡില്‍ ഡയറക്ടര്‍ സ്ഥാനവും സ്വീകരിച്ചു. പിന്നീട് 1978 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ജെ.ആര്‍.ഡി ടാറ്റ തുടര്‍ന്നു.

ജെറ്റ് സാങ്കേതിക വിദ്യയിലേക്ക് കടന്ന ആദ്യ ഏഷ്യന്‍ വിമാനക്കമ്പനി എയര്‍ ഇന്ത്യയായിരുന്നു.1960 ല്‍, ആദ്യത്തെ ബോയിംഗ് എയര്‍ക്രാഫ്റ്റ് അവതരിപ്പിച്ചതോടെ എയര്‍ ഇന്ത്യ ജെറ്റ് ഉപയോഗിക്കാന്‍ തുടങ്ങി. 1960 ഫെബ്രുവരിയിലായിരുന്നു എയര്‍ ഇന്ത്യയിലേക്ക് ആദ്യ ബോയിങ് 707 വിമാനം എത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം, 1962 ജൂണില്‍, ലോകത്തിലെ ആദ്യത്തെ ഓള്‍-ജെറ്റ് എയര്‍ലൈന്‍ ആയി എയര്‍ ഇന്ത്യ മാറി.

1978 ല്‍ മുംബൈ ബാന്ദ്ര തീരത്തു നിന്നും മൂന്നു കിലോമീറ്റര്‍ അകലെ, കടലില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 747 ഫ്‌ളൈറ്റ് തകര്‍ന്നു വീണ് യാത്രക്കാരും ജീവനക്കാരുമടക്കം 213 പേര്‍ മരണപെട്ടു. ആ വിമാന അപകടം പൈലറ്റിന്റെ പിഴവുകൊണ്ടായിരുന്നു എന്ന് പിന്നീടു നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുശേഷം, പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇന്ത്യന്‍ എയര്‍ലൈനിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജെ.ആര്‍.ഡി ടാറ്റയെ പുറത്താക്കി. അത് വലിയ വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കാരണം ഒരു രൂപ പോലും ശമ്പളമായി വാങ്ങാതെയായിരുന്നു ജെ.ആര്‍.ഡി. ടാറ്റ അതുവരെയും ജോലിചെയ്തിരുന്നത്. നിങ്ങളുടെ ഇഷ്ടപ്പെട്ട കുഞ്ഞിനെ നിങ്ങളുടെ കൈയില്‍ നിന്നും തട്ടിയെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന ആ വികാരമാണ് ഇപ്പോള്‍ എനിക്കും എന്നായിരുന്നു ടാറ്റ അന്ന് പ്രതികരിച്ചത്.

എന്നാല്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ 1980 ല്‍, രണ്ട് എയര്‍ലൈനുകളുടെയും ബോര്‍ഡില്‍ വീണ്ടും നിയമിച്ചു. അത് ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നില്ല എന്നുമാത്രം. പ്രധാനമന്ത്രി രാജീവ് ഗാന്ധി എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയമിച്ച 1986 വരെ ജെ.ആര്‍.ഡി. ടാറ്റ ബോര്‍ഡുകളില്‍ സേവനം തുടര്‍ന്നു.

സ്വകാര്യ മേഖലയ്ക്കു വേണ്ടി ഇന്ത്യന്‍ വ്യോമയാന രംഗം തുറന്നു കൊടുത്തതോടെയാണ് എയര്‍ ഇന്ത്യയുടെ നഷ്ടങ്ങള്‍ തുടങ്ങുന്നത്.

2001 ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് വിമാനക്കമ്പനിയുടെ വില്‍പ്പന നടത്താന്‍ ആദ്യം ശ്രമിച്ചത്. 40 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനമെങ്കിലും വില്‍പ്പന ഒടുവില്‍ നടപ്പായില്ല. 2018 ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും എയര്‍ലൈന്‍സ് വില്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും 50,000 കോടി കവിയുന്ന കടവും മറ്റ് ബാധ്യതകളും ഉണ്ടായിരുന്നു എയര്‍ ഇന്ത്യക്ക്. എന്നിരുന്നാലും, എയര്‍ലൈനിലെ ഇക്വിറ്റിയുടെ 24% നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ഒരു ബിഡ് പോലും അന്ന് ലഭിച്ചില്ല.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ മുന്‍പ് നടത്തിയ രണ്ടു ശ്രമങ്ങളും പാഴായെങ്കിലും 2020 ജനുവരിയില്‍ വീണ്ടും ഇന്ത്യയുടെ സ്ട്രാറ്റജിക് സെയില്‍ പട്ടികയിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തി. ഇത്തവണ കമ്പനിയുടെ ഉടമസ്ഥാവകാശം മുഴുവനായും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനു മൂന്നിലേറെ ബിഡ്ഡുകള്‍ വരുകയും ചെയ്തു. അവസാനം നടന്ന ലേലത്തില്‍ ടാറ്റ സണ്‍സും സ്പൈസ് ജെറ്റ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യവും തമ്മിലായിരുന്നു പ്രധാന മത്സരം. 2021 ഏപ്രിലില്‍, യോഗ്യതയുള്ള താത്പര്യക്കാരായ ടാറ്റ സണ്‍സിനോടും സ്‌പൈസ് ജെറ്റിനോടും അന്തിമ ബിഡ് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. അജയ് സിംഗിന്റെ ഗ്രൂപ്പിന്റെ ബിഡിന് മേല്‍ ടാറ്റായുടെ ബിഡിന് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദ്ദേശം മന്ത്രിമാരുടെ പാനല്‍ അംഗീകരിച്ചതിനാല്‍ 18000 കോടി രൂപക്ക് ടാറ്റാ സണ്‍സ് കരാര്‍ ഒപ്പിടുകയായിരുന്നു.

എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍സ് അതിന്റെ സ്ഥാപക കമ്പനിക്ക് തിരിച്ചു കിട്ടുന്നു എന്ന വാര്‍ത്ത കേട്ട് കയ്യടിക്കുകയാണ് ഇന്ത്യക്കാര്‍. എന്നാല്‍ പത്ത് ഷെഡ്യൂള്‍ഡ് എയര്‍ലൈനുകളുള്ള ഇന്ത്യയില്‍ നാലെണ്ണത്തിന്റെയും ഉടമ ഒരേ കമ്പനിയായെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. അത് ഒരുപോലെ വിദേശത്തും സ്വദേശത്തുമുളള ഇന്ത്യക്കാരെ ബാധിക്കുന്നതാണെന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT