കേരളത്തിലെ വീടുകല്‍ കാലങ്ങളായി വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ സീരീയിലുകളുണ്ട്. കാലങ്ങളായി ഒരു ചട്ടക്കൂടിനുള്ളില്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, സമൂഹത്തിന്റെ സദാചാരനിയമങ്ങളില്‍ നിന്ന് മാറിനിക്കാത്ത, അവ പ്രചരിപ്പിക്കുന്ന, എങ്ങനെ അടക്കമുളള വീട്ടമ്മയാകണമെന്നും നല്ല പെണ്ണുങ്ങളാകണമെന്നും കോച്ചിങ്ങ് ക്ലാസ്സും നല്‍കിക്കൊണ്ടിരിക്കുന്ന സീരിയലുകള്‍. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ വിരുദ്ധതയും പൊളിറ്റിക്കല്‍ കറക്ടനെസുമെല്ലാം സിനിമകളെ ചോദ്യം ചെയ്യുകയും മാറ്റിച്ചിന്തിപ്പിക്കുകയും ചെയ്തിട്ടും മലയാളികളുടെ സന്ധ്യാസമയം കൂടുതല്‍ കവരുന്ന സീരിയലുകളിപ്പോഴും കാലത്തിനൊത്ത് മാറിയിട്ടില്ല, പുതുതലമുറ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അഡിക്ടല്ലെങ്കിലും ഒരുതവണയെങ്കിലും വീട്ടിലെ സീരിയലുകളിലൊരു മാറ്റമുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും.
കാലത്തിന് മാറുന്ന രീതിയില്‍ എന്ത് കഥ പറയും, ഒരു മറിമായവും, തട്ടീം മുട്ടിയും, ഉപ്പും മുളകുമൊക്കെ ആയിരിക്കാം അവര്‍ക്ക് കണ്ടേക്കാം എന്ന് തോന്നുന്നത്. എങ്കില്‍ അവയിലും കോമഡിക്ക് അപ്പുറം സമൂഹത്തെ മുന്നോട്ട് നയിക്കുന്ന, കാലാനുസൃതമായ സ്റ്റീരിയോടൈപ്പുകള്‍ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അത്തരത്തില്‍ ആലോചിച്ചാല്‍ മലയാളി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ഹോമോസെക്ഷ്വാലിറ്റി. ഇന്നും ഒരു അകല്‍ച്ചയോടെ മാത്രം നോക്കുന്ന എല്‍ജിബിറ്റിക്യു കമ്മ്യൂണിറ്റിയിലുള്ളവരെ സമൂഹം മാറ്റിനിര്‍ത്താതിരിക്കണമെങ്കില്‍ അത് വീടുകളില്‍ നിന്നായിരിക്കണം തുടങ്ങേണ്ടത്. അതിന് വഴിതെളിക്കുന്ന ഒരു സീരിയല്‍ മലയാളികളുടെ വീടുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കാണേണ്ട സീരീസാണ് കനേഡിയന്‍ കോമഡി സീരീസായ ഷിറ്റ്‌സ് ക്രീക്ക്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഷിറ്റ്സ് ക്രീക്ക് കണ്ട് കഴിഞ്ഞാല്‍ ഒരുപക്ഷേ അതിനൊരു മലയാളം വെര്‍ഷനുണ്ടായിരുന്നുവെങ്കില്‍ എന്നും കേരളത്തിലെ വീടുകളില്‍ വൈകുന്നേരങ്ങളില്‍ അത് പ്രേക്ഷകര്‍ കണ്ടിരുന്നുവെങ്കിലെന്നും നമുക്ക് തോന്നിപ്പോകും.
നിലവില്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന ഷിറ്റ്‌സ് ക്രീക്ക്, സിബിസിക്ക് വേണ്ടി യുജിന്‍ ലെവി, ഡാന്‍ ലെവി എന്നിവര്‍ ചേര്‍ന്ന് ക്രിയേറ്റ് ചെയ്ത സിറ്റ്‌കോമാണ്. ഇത്തവണത്തെ എമ്മി പുരസ്‌കാരങ്ങളില്‍ കോമഡി സീരീസ് വിഭാഗത്തില്‍ പ്രധാനപ്പെട്ട പുരസ്‌കാരങ്ങളെല്ലാം നേടിയ സീരീസ് എന്നത് കൊണ്ട് തന്നെ സീരീസിന്റെ ക്വാളിറ്റിയില്‍ സംശയപ്പെടേണ്ട കാര്യമില്ല.