സിനിമകളും സീരീസുകളും പലതവണ പ്രമേയമാക്കിയ വിഷയമാണ് ടൈംലൂപ്പ്. ഒരു ലൂപ്പിന് അകത്ത് പെട്ട് പോകുന്ന പ്രധാനകഥാപാത്രം, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരേ കാര്യങ്ങള്‍, പലപ്പോഴും നടക്കുന്നത് യാഥാര്‍ഥ്യമാണോ അതോ സ്വപ്നമാണോ എന്ന് മനസിലാക്കാന്‍ ആ കഥാപാത്രം ശ്രമിക്കവേ അത് പ്രേക്ഷകനെയും കുഴക്കുന്നു, പിന്നീട് ആ ലുപ്പില്‍ നിന്ന് എങ്ങനെ പുറത്തിറങ്ങാമെന്ന ചിന്ത. അതിനായുള്ള ശ്രമങ്ങള്‍, അത്തരത്തില്‍ പിടിച്ചിരുത്തുന്ന ത്രില്ലിങ്ങ് അനുഭവങ്ങളുള്ള ഒരുപാട് ടൈംലൂപ്പ് സിനിമകളുണ്ട്. ഒരു കഥാപാത്രം തന്നെ മരിക്കുകയും അതിന് ശേഷം അതേ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന ഗ്രൗണ്ട്ഹോഗ് ഡേ, റിപ്പീറ്റേര്‍സ് തുടങ്ങിയവ പോലുള്ള സിനിമകളും ഒരു ടൈംലൈനില്‍ തന്നെ ഒരു കഥാപാത്രം വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൂപ്പ ആവര്‍ത്തിക്കുന്ന ട്രയാങ്കിള്‍, പ്രെഡെസ്റ്റിനേഷന്‍ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുള്ളവയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് നെറ്റ്ഫ്ലിക്സിന്റെ റഷ്യന്‍ ഡോള്‍.
എട്ട് എപ്പിസോഡുകളുളള റഷ്യന്‍ ഡോളിന്റെ ആദ്യ സീസണ്‍ റിലീസ് ചെയ്തത് ഫെബ്രുവരിയിലായിരുന്നു, നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ സീരീസിന് ഈ വര്‍ഷം മൂന്ന് എമ്മി നോമിനേഷനുകളുണ്ടായിരുന്നു. പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുന്ന, കിളി പറത്തുന്നതിനപ്പുറത്തേക്ക് ചിരിപ്പിക്കുന്ന, ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന റഷ്യന്‍ ഡോള്‍.