ഇന്ത്യയിലെ ഏറ്റവും വലിയ വാഹന എക്സിബിഷനായ ഓട്ടോ എക്സ്പോയ്ക്ക് ഈ മാസം 7 ന് തുടക്കമാകും. ഡല്‍ഹി ഗ്രേറ്റഡ് നോയിഡിലാണ് വെന്യു. ഫെബ്രുവരി 7 മുതല്‍ 12 വരെയാണ് പ്രദര്‍ശനം. നിരവധി വാഹന നിര്‍മാതാക്കളും മറ്റ് സ്ഥാപനങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കും.
ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ കാറുകള്‍, ബൈക്കുകള്‍, ബസുകള്‍, ട്രക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുത്തന്‍ ആശയങ്ങളും 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും. പല കമ്പനികളുടെയും പുതുപുത്തന്‍ മോഡല്‍ വാഹനങ്ങളുടെ അവതരണം ഓട്ടോ എക്സ്പോയ്ക്ക് ഉണ്ടാകും. ഇത്തവണത്തെ ഓട്ടോ എക്സ്പോയുടെ മറ്റൊരു പ്രത്യേകത നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കപ്പെടും എന്നുള്ളതാണ്.
പുതിയ മാരുതി വിറ്റാര ബ്രെസ ഫെയ്സ്ലിഫ്റ്റ്, കിയ കാര്‍ണിവല്‍, മഹീന്ദ്ര ഥാര്‍, ടാറ്റാ മോട്ടോര്‍സില്‍ നിന്നുള്ള മൂന്ന് പുതിയ മോഡലുകള്‍ എന്നിവ ഇത്തവണത്തെ എക്സ്പോയില്‍ മാറ്റുരയ്ക്കും. ചൈനീസ് കാര്‍ ബ്രാന്‍ഡായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സും ഓട്ടോ എക്സ്പോ 2020 -ല്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. എന്നാല്‍ ചില പ്രമുഖ കാര്‍- ഇരുചക്ര നിര്‍മ്മാതാക്കളുടെ അസാനിദ്ധ്യത്താലും ഇത്തവണത്തെ ഓട്ടോ എക്സ്പോ വേറിട്ടുനില്‍ക്കും. നിസാന്‍, ഓഡി, വോള്‍വോ, ഫോര്‍ഡ്, ജീപ്പ്, ലക്സസ്, ജാഗ്വാര്‍ തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നും തന്നെ ഇത്തവണ പങ്കെടുക്കുന്നില്ല.
പുതിയ അപ്രീലിയ, വെസ്പ 160 സിസി സ്‌കൂട്ടര്‍ ഉള്‍പ്പെടെ നിരവധി പുതിയ ബൈക്കുകളും സ്‌കൂട്ടറുകളും ഓട്ടോ എക്സ്പോ പങ്കെടുക്കുമ്പോള്‍ ടിവിഎസ് മോട്ടോര്‍ കമ്പനി, യമഹ മോട്ടോര്‍ ഇന്ത്യ, ജാവ മോട്ടോര്‍സൈക്കിള്‍സ്, ഹോണ്ട ടു-വീലേര്‍സ്, റോയല്‍ എന്‍ഫീല്‍ഡ, ബജാജ് ഓട്ടോ, കെടിഎം മോട്ടോര്‍സൈക്കിള്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ബിഎംഡബ്ല്യു-മോട്ടോറാഡ്, ഹാര്‍ലി-ഡേവിഡ്‌സണ്‍, കവാസാക്കി എന്നീ കമ്പനികളുടെ പ്രദര്‍ശനം ഉണ്ടാകില്ല. അതേസമയം നിരവധി ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങള്‍ ഇത്തവണ ഓട്ടോ എക്‌സ്‌പോയുടെ മാറ്റുകൂട്ടും.