യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമ ഭൂമി.
ചരിത്രം, സംസ്കാരം, നിറങ്ങൾ, സുഗന്ധങ്ങൾ വാസ്തുവിദ്യ, ഭക്ഷണം, അങ്ങനെ ഇസ്താംബൂളിലെ എല്ലാം ഒരു കഥ പറയുന്നു.
ഇസ്താംബുൾ ഒരു സ്വപ്ന കേന്ദ്രമാണ്.
നഗരം എപ്പോഴും തിരക്കിലായിരിക്കും, എന്നാൽ ഈ ഉജ്ജ്വലമായ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് ഒരു ഇടവേള ആവശ്യമുള്ളപ്പോൾ എല്ലായ്പ്പോഴും നല്ല പൂന്തോട്ടമോ, ഒരു ചെറിയ ടീ ഹൗസ് അല്ലെങ്കിൽ ഒരു പള്ളി , നിങ്ങൾക്ക് ഇരിക്കാനും ശ്വസിക്കാനും വിശ്രമിക്കാനും ഇവിടെ കിട്ടും. അതാണ് ഇസ്താംബൂളിനെ വ്യത്യസ്തമാക്കുന്നത്.
ചരിത്രമിങ്ങനെ
യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ചുകിടക്കുന്ന നൂറ്റാണ്ടുകളായി സാമ്രാജ്യങ്ങളാൽ മൂടപ്പെട്ട ഇസ്താംബുൾ ലോകത്തിലെ മഹാനഗരങ്ങളിലൊന്നാണ്. ബിസി 1000 ഓടെ സ്ഥാപിതമായ ബൈസന്റിയം കോളനി ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വലിയ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളായി വളർന്നു. ഓട്ടോമൻ നഗരം പിടിച്ചടക്കിയതിനുശേഷം അവരുടെ സാമ്രാജ്യത്തിന്റെ ഹൃദയമായി അതിന്റെ മഹത്തായ സ്ഥാനം നിലനിർത്തി. ടർക്കിഷ് റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഇസ്താംബുൾ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യപ്പെട്ട ഈ നഗരം അതിന്റെ നീണ്ടതും വിശിഷ്ടവുമായ ചരിത്രത്തിന്റെ മഹത്തായ ഏടുകളാൽ ചിതറിക്കിടക്കുന്നു, ഇവിടത്തെ കാഴ്ചകൾ ആരേയും ആകർഷിക്കും.
തലസ്ഥാനനഗരം അങ്കാറയെങ്കിലും തുര്‍ക്കിയുടെ സാംസ്‌കാരിക തലസ്ഥാനം ഇസ്താംബുള്‍ ആണ്. പുരാതനമായ കൂറ്റന്‍ മതിലുകളുടെ അവശേഷിപ്പുകളാണ് ഇസ്താംബുളില്‍ നിറയെ. ഇന്നും രാജ്യസംരക്ഷണത്തിനായി അവര്‍ മതിലുകള്‍ പണിഞ്ഞു കൊണ്ടേയിരിക്കുന്നു.
രണ്ട് ഭൂഖണ്ഡങ്ങളിലും രണ്ട് സമുദ്രങ്ങൾക്കിടയിലും വ്യാപിച്ചുകിടക്കുന്ന ഇസ്താംബുൾ സാമ്രാജ്യങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്നു. ഹാഗിയ സോഫിയ, ബ്ലൂ മോസ്ക്, ടോപ്കാപ്പി പാലസ്, ഗലാറ്റ ടവർ എന്നിവ നഗരത്തിലുടനീളം ചിതറിക്കിടക്കുന്ന നിരവധി ചരിത്ര ഘടനകളിൽ ചിലത് മാത്രമാണ്. മുസ്‌ലിം മതവും സംസ്കാരവും കാരണം തുർക്കി സൗഹൃദ രാജ്യമല്ലെന്ന ധാരണ പലർക്കും ഉണ്ട്. എന്നാൽ സത്യം ഇതാണ്: നിങ്ങൾ മുൻവിധി ഉപേക്ഷിക്കുമ്പോൾ തുർക്കിയുടെയും അവിടുത്തെ ജനങ്ങളുടെയും സൗന്ദര്യത്താൽ ആകർഷിക്കപ്പെടും.
ഇസ്താംബൂളിലേക്കുള്ള നിങ്ങളുടെ ആദ്യ യാത്രയ്ക്ക് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് പുരാതന നഗരത്തിന്റെ രുചി ആസ്വദിക്കാനും ഇസ്താംബൂളിന്റെ ആധുനിക വശങ്ങൾ ആസ്വദിക്കാനും കഴിയുള്ളു. ഈ നഗരം മറ്റേതൊരു യൂറോപ്യൻ തലസ്ഥാനത്തേയും പോലെ വലുതാണ്, എന്നിരുന്നാലും നിങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്താംബൂൾ വളരെ വിലകുറഞ്ഞ സ്ഥലമാണ്. ഒരു നല്ല യാത്രാ ആസൂത്രണത്തിലൂടെ നിങ്ങളുടെ പോക്കറ്റ് ശൂന്യമാക്കാതെ ഇസ്താംബൂളിലേക്കുള്ള യാത്ര നിങ്ങൾക്ക് ശരിക്കും ആസ്വദിക്കാനാകുമെന്ന് ഉറപ്പാണ്.
കൺനിറയെ കാണാം
ലോകപ്രസിദ്ധമായ നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ ആകെ തുക എന്നു വേണമെങ്കിൽ ഇസ്താംബൂളിനെ വിളിക്കാം. അത്രമാത്രം കാണാനും അനുഭവിക്കാനും ആ നാട്ടിലുണ്ട്.
അയാ സോഫിയ എന്ന ഹഗാ സോഫിയാ
തുര്‍ക്കിയിലെ താജ്മഹലാണ് ഹാഗിയ സോഫിയ. ഇസ്താംബൂള്‍ നഗരത്തിന്റെ ശില്‍പകലാ സൗന്ദര്യം വിളിച്ചറിയിക്കുന്ന സ്മാരകസൗധമാണിത്. ഇസ്താംബൂളിന്റെ ഹൃദയഭാഗത്തായതിനാല്‍ ഹാഗിയ സോഫിയ സന്ദര്‍ശിക്കാതെ ഇസ്താംബൂള്‍ കാഴ്ചകള്‍ പൂര്‍ണമാകില്ല. 1931ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും 1985ലെ യുനസ്‌കോയുടെ ലോക പൈതൃകപട്ടികയിലും സ്ഥാനംപിടിച്ച ഹാഗിയ സോഫിയക്കു ചരിത്രാതീതകാലം മുതലുള്ള തലമുറകളുടെ സംസ്കാരമുണ്ട് പങ്കുവയ്ക്കാൻ.
ബ്ലൂ മോസ്ക്
സുൽത്താൻ അഹ്മദ് ഒന്നാമൻ തന്റെ രാജ്യ തലസ്ഥാനത്തിന് നൽകിയ വാസ്തുവിദ്യാ സമ്മാനം ആണ് ഈ മനോഹരമായ പള്ളി. പതിനായിരക്കണക്കിന് ഇസ്നിക് ടൈലുകളുടെ ഇന്റീരിയർ ഡെക്കറേഷനിൽ നിന്നാണ് പള്ളിക്ക് ഈ വിളിപ്പേര് ലഭിക്കുന്നത്. ഇന്റീരിയറിന്റെ മുഴുവൻ സ്പേഷ്യൽ, കളർ ഇഫക്റ്റുകളും പള്ളിയെ ഓട്ടോമൻ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി മാറ്റുന്നു. ഇസ്താംബൂളിലേക്കുള്ള യാത്രയുടെ ഒരു വലിയ കാഴ്ച സന്തോഷം ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കും.
ഗ്രാന്‍ഡ് ബസാര്‍
ബ്ലൂ മോസ്കിനടുത്തായി ഗ്രാന്‍ഡ് ബസാറിലെത്തിയാൽ നിങ്ങൾ മറ്റൊരു ലോകം കാണുന്ന സമമാണ്. ലോകത്തിലെ ഏറ്റവും പുരാതന ഷോപ്പിങ് മാളാണ് ഇസ്താംബൂള്‍ ഗ്രാന്‍ഡ് ബസാര്‍. ഏതാണ്ട് 61ഓളം തെരുവുകളിലായി നാലായിരത്തിലധികം വിവിധങ്ങളായ കടകള്‍ പരന്നുകിടക്കുകയാണിവിടെ. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറകൂടിയാണിവിടം. ഗലാറ്റ ടവർ, ടോപ്പ് കാപ്പി പാലസ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഇസ്താംബൂൾ.
ചുറ്റിയടിക്കൽ ഇങ്ങനെയാക്കാം
ഇസ്താംബൂളിലെ മിക്ക സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുഗതാഗതത്തിലൂടെ, പ്രത്യേകിച്ച് ട്രാം, മെട്രോ, ബോട്ടുകൾ, ഫ്യൂണിക്കുലാർ എന്നിവയിലൂടെ എത്തിച്ചേരാം. എന്നാൽ കഴിയുന്നത്ര നടക്കാൻ ശ്രമിക്കാം. കാരണം മികച്ച വാസ്തുവിദ്യയും മറഞ്ഞിരിക്കുന്ന സ്ഥലങ്ങളുമുള്ള ഒരു അത്ഭുതകരമായ നഗരമാണ് ഇസ്താംബുൾ. കാൽനടയായി നഗരം കാണുന്നതിലൂടെ അവിടുത്തെ നാട്ടുകാരെ കണ്ടുമുട്ടുന്നതിനും യഥാർത്ഥ തുർക്കിഷ് വികാരം ആസ്വദിക്കുന്നതിനുമുള്ള ഒരു സവിശേഷ അവസരമാണ്.
ഭക്ഷണ പ്രേമികളെ ഇതിലെ ഇതിലെ
ഭക്ഷണം, മധുരപലഹാരങ്ങൾ, ചായ എന്നിവയുടെ പറുദീസയിലേക്ക് സ്വാഗതം. കബാബ് സ്റ്റാളുകൾ, സുഖപ്രദമായ റെസ്റ്റോറന്റുകൾ, ചായ, കോഫി ഷോപ്പുകൾ എന്നിവ ഇസ്താംബൂളിലെ തെരുവുകളിൽ നിറഞ്ഞിരിക്കുന്നു. ധാരാളം സുഗന്ധങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചേരുവകൾ എന്നിവയുള്ള ടർക്കിഷ് ഭക്ഷണം രുചിക്കാതെ എന്ത് ഇസ്താംബുൾ യാത്ര.
നിങ്ങൾ ഓർമ്മിക്കേണ്ട ഒരു കാര്യം: എല്ലാം പരീക്ഷിക്കുക !! തുർക്കിയിൽ ഭക്ഷണം ചെലവേറിയതല്ല, ഇസ്താംബൂളിലെ ഒരു നല്ല റെസ്റ്റോറന്റിൽ പോലും അധിക വിലയില്ലാതെ തകർപ്പൻ ഭക്ഷണം കഴിച്ചിറങ്ങാം.
എപ്പോൾ പോകാം?
ഇസ്താംബൂൾ മനോഹരവും വർഷത്തിൽ ഏത് സമയത്തും സന്ദർശന യോഗ്യവുമാണ്, പക്ഷേ സീസൺ മാറുന്നതിനനുസരിച്ച് നഗരത്തിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. വസന്തവും വേനൽക്കാലത്തിന്റെ തുടക്കവും മികച്ച സമയമാണ്. മെയ്, ജൂൺ മാസങ്ങളിലും ഇസ്താംബൂളിലേക്കുള്ള യാത്ര നടത്താവുന്നതാണ്. വേനൽക്കാലത്ത് ചൂടുള്ള ദിവസങ്ങളാണെങ്കിലും അതിശയകരമായ ബോട്ട് ടൂറുകൾ നടത്താൻ സാധിക്കും. മഞ്ഞുവീഴുമ്പോൾ ഇസ്താംബുൾ ഒരു മാന്ത്രിക സ്ഥലമായി മാറും. എന്നു വച്ചാൽ ഏത് സമയത്തും ഇസ്താംബൂൾ മനോഹരിയാണെന്നർത്ഥം.
എങ്ങനെ എത്തിച്ചേരാം
എഫ് എസ് ഗ്ലോബൽ വഴി തുര്‍ക്കി വിസയ്ക്ക് അപേക്ഷിക്കാം. നേരിട്ടോ അല്ലെങ്കില്‍ ട്രാവല്‍ ഏജന്റ് മുഖേനയോ അപേക്ഷിക്കാം.അപേക്ഷ നല്‍കി ആറു ബിസിനസ് ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. കാലാവധിയുള്ള ഷെന്‍ഗെന്‍, ഇല്ലെങ്കില്‍ യു എസ് വിസ ഉണ്ടെങ്കില്‍ https://www.evisa.govt.r/en/ എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈന്‍ ആയി വിസയ്ക്ക് അപേക്ഷിച്ചാല്‍ മതി.
ഫ്ളൈറ്റ്: തുര്‍ക്കിയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ഫ്ളൈറ്റുകള്‍ ഇല്ല. ഡല്‍ഹിയില്‍ നിന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് നടത്തുന്ന നേരിട്ടുള്ള സര്‍വീസ് . ചെലവ് കുറച്ച് ടിക്കറ്റ് ലഭിക്കാന്‍, മിഡില്‍ ഈസ്റ്റ് വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റുകള്‍ ആണ് നല്ലത്.