വലിയ ബുദ്ധിമുട്ടുമില്ലാതെ പോയിവരുവാന്‍ സാധിക്കുന്ന ചിലവ് കുറഞ്ഞ ഒരു ഹിമാലയന്‍ ട്രക്കിംഗുണ്ട്, കേദാര്‍കാന്ത ട്രക്കിങ്ങ്. മല കയറ്റത്തിന്റെ അനുഭവം സവിശേഷമാണ്, കാരണം അത് നിങ്ങളുടെ ഓര്‍മ്മകളിലെ മായാത്തൊരേടായിരിക്കും. അപ്പോള്‍ അതൊരു ഹിമാലയന്‍ ട്രക്ക് ആണെങ്കിലോ. ഹിമവാന്റെ നെറുകയില്‍ തൊടുന്ന വികാരം വിവരണാതീതമാണ്. തുടക്കക്കാരാണ് എന്ന പേടി പോലുമില്ലാതെ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നൊരു ട്രക്കിംഗ് കൂടിയാണ് കേദാര്‍ കാന്ത.
ചരിത്രമിങ്ങനെ
കേദാര്‍ കാന്തയെ ചുറ്റിപ്പറ്റിയുള്ള നിരവധി പുരാണ കഥകളുണ്ട്. കേദാര്‍നാഥ് ക്ഷേത്രം ആദ്യം ഇവിടെയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, പക്ഷേ ഗ്രാമീണരെ അത് അസ്വസ്ഥരാക്കിയപ്പോള്‍ പാണ്ഡവര്‍ ആ സ്ഥലത്ത് നിന്ന് ഇന്നത്തെ കേദാര്‍നാഥ് സ്ഥലത്തേക്ക് പോയി എന്നും ഇന്നും ഭഗവാന്റെ വാസസ്ഥലമാണ് തങ്ങളുടെ ഗ്രാമമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു.
ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഗോവിന്ദ് വൈല്‍ഡ് ലൈഫ് സാങ്ച്വറിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന കേദാര്‍കാന്ത ഇവിടുത്തെ പ്രശസ്തമായ കൊടുമുടികളിലൊന്നാണ്. സമുദ്ര നിരപ്പില്‍ നിന്നും 12,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മോഡറേറ്റ് ട്രക്കിങ്ങുകളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്ന കേദാര്‍കാന്ത ട്രക്കിങ്ങ് തുടക്കക്കാര്‍ക്കു പോലും എളുപ്പത്തില്‍ പോയിവരാന്‍ കഴിയുന്ന ഒന്നായാണ് വിലയിരുത്തല്‍. സാധാരണയായി, ഒരു പര്‍വ്വതാരോഹണ അനുഭവം ഹാര്‍ഡ്കോര്‍ ട്രെക്കിംഗുകളും അനുഭവസ്ഥരായ പര്‍വതാരോഹകരും മാത്രം ആസ്വദിക്കുന്നു. എന്നാല്‍ കേദാര്‍ കാന്തയുടെ കാര്യത്തില്‍ അത് മറിച്ചാണ്, ആര്‍ക്കും കീഴടക്കാന്‍ സാധിക്കുന്നൊരു കൊടുമുടിയാണിത്.
ആരംഭം ഇവിടെ നിന്ന്
ഡെറാഡൂണില്‍ നിന്ന് 7-8 മണിക്കൂര്‍ യാത്ര ചെയ്ത് എത്തുന്ന സംക്രി വില്ലേജാണ് ഈ ട്രെക്കിന്റെ ബേസ് ക്യാമ്പ്. പടിഞ്ഞാറന്‍ ഗര്‍വാളിലെ ഗോവിന്ദ് നാഷണല്‍ പാര്‍ക്കിലാണ് കേദാര്‍ കാന്ത കൊടുമുടി സ്ഥിതിചെയ്യുന്നത്, ചുറ്റും നിരവധി പനോരമിക് നദീതടങ്ങള്‍, മഞ്ഞുമൂടിയ പര്‍വതങ്ങള്‍, വിദൂരമായി സ്ഥിതിചെയ്യുന്ന ചെറിയ ഗ്രാമങ്ങള്‍, സമൃദ്ധമായ സസ്യജന്തുജാലങ്ങള്‍ എല്ലാം ചേര്‍ന്ന് ഒറ്റയടിയ്ക്ക് കണ്ടാസ്വദിക്കാം ഈയൊരു യാത്രയില്‍. ഹിമലയത്തിലെ ഏറ്റവും എളുപ്പമുള്ള ട്രെക്കിംഗാണ് ഇത്.സാംക്രിയില്‍ നിന്ന് കേദാര്‍ കാന്തയിലേക്കുള്ള ഡ്രൈവ് ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ഡ്രൈവുകളില്‍ ഒന്നാണ്. മഞ്ഞുമൂടിയ പാതയും പുല്‍മേടുകളുടെ പച്ചപ്പുമാണ് കണ്ണില്‍ നിറയുക. മുസ്സൂറി, നഗോണ്‍, പുരോല, മോറി, നൈറ്റ്വാര്‍ തുടങ്ങി അതിമനോഹരമായ ഇടങ്ങളിലൂടെയാണിത് കടന്നു പോകുന്നത്.
ക്യാമ്പ് സൈറ്റുകളുടെ പറുദീസ
ഇന്ത്യന്‍ ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ക്യാമ്പ് സൈറ്റുകള്‍ ഈ ട്രെക്കിംഗിലുണ്ട്. നൂറു മീറ്റര്‍ നീളവും നൂറു മീറ്റര്‍ വീതിയും ഉള്ള പുല്‍മേടായ ഖുജെയാണ് ക്യാമ്പ് സൈറ്റുകള്‍ ഒരുക്കാന്‍ ഉത്തമ സ്ഥാനം. ഒരു വശത്ത് കാടുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കേദാര്‍കാന്ത ട്രക്കിങ്ങില്‍ കാണാന്‍ സാധിക്കുന്ന മറ്റൊന്നാണ് ഭോജാ ദാദി. ഈ ക്യാമ്പ് സൈറ്റിനടുത്തുള്ള പാറകളിലൊന്നില്‍ കയറി ഇരുന്ന് നിങ്ങള്‍ക്ക് അത്ഭുതകരമായ സൂര്യാസ്തമയം കാണാന്‍ കഴിയും. കേദാര്‍കാന്ത കൊടുമുടിയുടെ മുകളില്‍ നിന്നുള്ള കാഴ്ച നിങ്ങളെ സ്വര്‍ഗ്ഗത്തിലെത്തിയതിന് സമാനമാക്കും. ചുറ്റുമുള്ളത് ഉത്തരാഖണ്ഡിലെ ശക്തമായ മഞ്ഞുമൂടിയ ശ്രേണികളാണ്. ഗംഗോത്രി, യമുനോത്രി ശ്രേണികളില്‍ സ്വര്‍ഗരോഹിനി, ബ്ലാക്ക് പീക്ക്, ബന്ദര്‍പൂഞ്ച് എന്നിവ ഇവിടെ നിന്ന് വീക്ഷിക്കാം. നിങ്ങള്‍ക്ക് സ്‌കീയിംഗ് അറിയാമെങ്കില്‍, അത് ഇതിലും മികച്ചതാണ്. മഞ്ഞുമൂടിയ സമൃദ്ധമായ വനങ്ങള്‍ വന്യമായ അനുഭവം നല്‍കുകയും താണ്ടുന്ന വഴികളിലെ ഗ്രാമാന്തരീക്ഷങ്ങള്‍ മറക്കാനാവാത്ത ഓര്‍മ്മകളും സമ്മാനിക്കും.
മികച്ച സമയം
ഇന്ത്യയിലെ ഏറ്റവും മനോഹരമായ വൃത്താകൃതിയിലുള്ള കൊടുമുടിയാണിത്. ഇടതൂര്‍ന്ന വനങ്ങളിലൂടെയും വിശാലമായ പുല്‍മേടുകളിലൂടെയും നടപ്പാത കടന്നുപോകുന്നതിനാല്‍ ശൈത്യകാലത്ത് പോലും കേദാര്‍കന്തയിലേക്കുള്ള ട്രെക്കിംഗ് സാധ്യമാണ്.
മണ്‍സൂണ്‍ ഒഴിച്ച് ഏത് കാലാവസ്ഥയിലും സന്ദര്‍ശിക്കാന്‍ പറ്റുന്നൊരു ഹിമാലയന്‍ ട്രക്കുകൂടിയാണിത്. ഗോവിന്ദ് ദേശീയോദ്യാനത്തിന്റെ സംരക്ഷിത പ്രദേശത്തിലൂടെയാണീ ട്രക്കിംഗ് നടത്തുന്നത്. ഒക്‌റ്റോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവ് മഞ്ഞിന്റെതാണ്. ഇതാണ് കേദാര്‍ കാന്ത ട്രക്കിംഗ് നടത്താന്‍ ഏറ്റവും മികച്ച സമയവും.
ചെലവ്
ഹിമാലയത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രക്ക് ആണ് കേദാര്‍ കാന്ത. 6 ദിവസത്തെ ട്രക്കിംഗ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 7500 രൂപ മതിയാകും. മിക്ക ടൂര്‍ പാക്കേജുകളും ഈയൊരു പാക്കേജില്‍ തന്നെയാണ് ടൂര്‍ സംഘടിപ്പിക്കുന്നതും.
എത്തിച്ചേരേണ്ടത്
ഡെറാഡൂണില്‍ നിന്നും തുടങ്ങി തിരികെ ഡെറാഡൂണില്‍ വിടുന്ന രീതിയിലാണ് ഈ ട്രക്കിംഗ് മിക്കവാറും നടത്തപ്പെടുന്നത്. ഡെറാഡൂണില്‍ നിന്നും 6 ദിവസം നീണ്ടു നില്‍ക്കുന്ന കേദാര്‍കാന്ത ട്രക്കിങ്ങില്‍ 20 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. കേദാര്‍കാന്ത ട്രെക്ക് ഉത്തരാഖണ്ഡിലെ മിക്ക പ്രധാന പട്ടണങ്ങളുമായും നഗരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.ഡെറാഡൂണിലെത്തി, നിങ്ങള്‍ ഒരു കാര്‍ വാടകയ്ക്കെടുക്കുകയോ ബസ്സില്‍ കയറുകയോ ചെയ്യാം. ഡെറാഡൂണില്‍ നിന്നും അതിരാവിലെ പുറപ്പെടുന്ന ബസുകളില്‍ കയറിയാല്‍ സാംക്രിയില്‍ എത്തിച്ചേരാം.