സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിൽ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്.
ഒന്ന് പുറത്തിറങ്ങാം, അല്ലെങ്കിൽ ഒരു യാത്ര പോകാം എന്ന് വിചാരിക്കുമ്പോൾ തന്നെ എന്നാൽ കൂട്ടിന് ഞാനും വരാം എന്ന മട്ടിൽ മഴയിങ്ങെത്തും. പിന്നെ പോക്കോക്കെ കാൻസൽ. എന്നാൽ മഴയത്ത് അടിച്ചു പൊളിച്ച് ഒരു കിടുക്കൻ ട്രിപ്പ് നടത്താൻ മോഹമുണ്ടോ, മഞ്ഞുറഞ്ഞു കിടക്കുന്ന താഴ് വാരത്തിലേയ്ക്ക്, കൊടൈക്കനാലിലേയ്ക്ക് പോകാം.
മഴയത്ത് കൊടൈക്കനാലിന് പോകാമോ, എന്ന് സംശയിക്കാൻ വരട്ടെ, മൺസൂൺ കാലത്താണ് കൊടൈക്കനാൽ ശരിക്കും സന്ദർശിക്കേണ്ടത്.
കൊടൈക്കനാലിനെ കുറിച്ച് മലയാളികളോട് പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഊട്ടി, മൈസൂർ, കൊടൈക്കനാൽ എന്ന ത്രിമൂർത്തികളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാത്തവരാണ് നമ്മൾ. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിൽ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്.
കൊടൈക്കനാലിലെ കാഴ്ചകള്‍
ഇടതൂർന്ന കാടിന് നടുവിലെ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങി രണ്ട് മൂന്ന് ദിവസം കാണാൻ മാത്രമുള്ള കാഴ്ച്ചകൾ കൊണ്ട് സമ്പുഷ്ടമാണ് ഇവിടം. ഊട്ടിയെ അപേക്ഷിച്ച് പൊതുവെ ശാന്തവും തിരക്കു കുറഞ്ഞതുമായ അന്തരീക്ഷമാണ് കൊടൈക്കനാലിലേത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന നീലകുറിഞ്ഞിയാൽ നമ്മുടെ രാജമലയും മറ്റും പൂത്തുലയുമ്പോൾ മലയ്ക്കപ്പുറം കൊടൈക്കനാലും കുറിഞ്ഞിക്ക് സ്വാഗതം അരുളും. മാർച്ച് മുതൽ ജൂലൈ വരെയാണ് ഇവിടെ പോകാൻ മികച്ച സമയം. എങ്കിലും വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ എന്നതിനാൽ എപ്പോൾ വേണമെങ്കിലും പോകാം.
എങ്ങനെ പോകാം. 120 കിലോമീറ്റര്‍ അകലത്തുള്ള മധുരയാണ് കൊടൈക്കനാലിന് സമീപത്തുള്ള വിമാനത്താവളം . നിരവധി ബസ് സർവീസുകളും ട്രെയിനുകളും ഇവിടേയ്ക്കുണ്ട്. താമസത്തിന് ചെറുതും വലുതുമായ ഹോട്ടലുകളും കോട്ടേജുകളും ലഭ്യമാണ്.