Tech

മൊബൈല്‍ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ്‌വെയര്‍; അബദ്ധത്തില്‍ വെളിപ്പെടുത്തി ഫേസ്ബുക്ക് പാര്‍ട്‌നറായ മാര്‍ക്കറ്റിംഗ് ഭീമന്‍

സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് അരികില്‍ ഇരുന്ന് എന്തെങ്കിലും സംസാരിച്ചാല്‍ പിന്നീട് കാണുന്ന പരസ്യങ്ങള്‍ അതുമായി ബന്ധപ്പെട്ടാകുന്നത് കണ്ട് നമ്മളെല്ലാവരും അതിശയിച്ചിട്ടുണ്ട്. ഫോണുകള്‍ നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന സംശയം വര്‍ഷങ്ങളായി പലരും ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സംഗതി സത്യമാണെന്നതിന് ഇപ്പോള്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ക്ലയന്റാണെന്ന് അവകാശപ്പെടുന്ന കോക്‌സ് മീഡിയ ഗ്രൂപ്പ് എന്ന മാര്‍ക്കറ്റിംഗ് കമ്പനി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയ പിച്ച് ഡെക്ക് പ്രസന്റേഷനിലാണ് സ്മാര്‍ട്ട് ഡിവൈസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരസ്യ ഏജന്‍സികള്‍ക്ക് നല്‍കുമെന്ന വിവരമുള്ളത്. ടെക് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന 404 മീഡിയയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സ്മാര്‍ട്ട് ഉപകരണങ്ങളിലുള്ള തങ്ങളുടെ ആക്ടീവ് ലിസണിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സംസാരത്തിലെ വിവരങ്ങള്‍ ശേഖരിക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അവയെ വിശകലനം ചെയ്ത് നല്‍കുകയും ചെയ്യുമെന്നാണ് വാഗ്ദാനം.

വാര്‍ത്ത പുറത്തു വന്നതിന് തൊട്ടുപിന്നാലെ കോക്‌സ് മീഡിയ ഗ്രൂപ്പിനെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്‌നേഴ്‌സ് പ്രോഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. കോക്‌സ് മീഡിയ തങ്ങളുടെ ഒരു സാധാരണ പാര്‍ട്‌നര്‍ മാത്രമാണെന്നായിരുന്നു ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ പ്രതികരണം. കോക്‌സ് മീഡിയ പറയുന്ന പ്രോഗ്രാമില്‍ തങ്ങളില്ല, പരസ്യങ്ങള്‍ക്കായി ഫോണുകളിലെ മൈക്രോഫോണ്‍ ദുരുപയോഗം ചെയ്യാറില്ലെന്നും വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ കമ്പനി സുതാര്യ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മെറ്റ അവകാശപ്പെട്ടു. സിഎംജിയുടെ പ്രോഗ്രാം മെറ്റയുടെ ഡേറ്റ ഉപയോഗിച്ചാണോ തയ്യാറാക്കിയതെന്ന കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇങ്ങനെയൊരു പ്രോഗ്രാമില്‍ കോക്‌സ് മീഡിയയുമായി ഒരിക്കലും സഹകരിച്ചിട്ടില്ലെന്നാണ് ആമസോണ്‍ പ്രതികരിച്ചത്. ടെക് ഭീമന്‍മാര്‍ പാര്‍ട്‌നര്‍മാരാണെന്ന് പിച്ച് ഡെക്കില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ കമ്പനികള്‍ തങ്ങളുടെ ആക്ടീവ് ലിസണിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം കോക്‌സ് മീഡിയ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. ആക്ടീവ് ലിസണിംഗ് സോഫ്റ്റ് വെയറിനെക്കുറിച്ച് 404 നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫോണുകളും ഡിവൈസുകളും ഉപയോക്താക്കളുടെ സംസാരം ശ്രദ്ധിക്കുന്നത് നിയമപരമാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ശേഷം പിന്‍വലിച്ച ഒരു ബ്ലോഗില്‍ കോക്‌സ് മീഡിയ അവകാശപ്പെട്ടത്. പുതിയൊരു ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളോട് ടേംസ് ഓഫ് യൂസ് എഗ്രിമെന്റ് അംഗീകരിക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഇതിനുള്ളില്‍ ആക്ടീവ് ലിസണിംഗ് സോഫ്റ്റ് വെയര്‍ കൂടി ചേര്‍ക്കപ്പെടുമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഈ പോസ്റ്റില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. റെഡി ടു ബൈ ഉപഭോക്താക്കളെ കണ്ടെത്തി നല്‍കുമെന്നാണ് കമ്പനി തങ്ങളുടെ ക്ലയന്റുകള്‍ക്ക് നല്‍കുന്ന വാഗ്ദാനം. 10 മൈല്‍ ചുറ്റളവില്‍ ഈ സേവനം നല്‍കുന്നതിനായി ദിവസം 100 ഡോളറും 20 മൈല്‍ ചുറ്റളവില്‍ 200 ഡോളറുമാണ് ഈടാക്കുന്നത്. വോയ്‌സ് ഡാറ്റ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന കാര്യം മാത്രം കമ്പനി പുറത്തു വിട്ടിട്ടില്ല.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT