നിര്‍ദിഷ്ട മാനദന്ധങ്ങള്‍ക്ക് അനുസരിച്ച് റോക്കറ്റ് പ്രവര്‍ത്തനക്ഷമമാകാത്തതാണ് ചന്ദ്രയാന്‍ -2 വിന്റെ വിക്ഷേപണം മുടങ്ങാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വൈകാതെ ജൂലൈ മാസം തന്നെ വിക്ഷേപണം സാധ്യമാക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരുന്നില്ല റോക്കറ്റിന്റെ പ്രവര്‍ത്തനം. വിക്ഷേപണത്തിന് തൊട്ടുമുന്‍പാണ് ഇത് കണ്ടെത്താനായത്. അത് ഭാഗ്യമായി. ശാസ്ത്രജ്ഞരുടെ പൂര്‍ണ നിയന്ത്രണത്തിലാണ് റോക്കറ്റ് .സാറ്റലൈറ്റും റോക്കറ്റും സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ച 2.51 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കാനുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമാക്കിയിരുന്നു. എന്നാല്‍ 56 മിനുട്ട് മുന്‍പ് കൗണ്ട് ഡൗണ്‍ അവസാനിപ്പിച്ചു. റോക്കറ്റില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം നീട്ടുകയും ചെയ്തു. ശാസ്ത്രജ്ഞരുടെ വിദഗ്ധസമിതി റോക്കറ്റ് വിലയിരുത്തി വരികയാണ്. യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ഒരാഴ്ച സമയമെടുക്കും. റോക്കറ്റ് വിഘടിപ്പിച്ചാലേ അടിസ്ഥാന കാരണങ്ങളിലേക്ക് എത്താനാകൂ. ജൂലൈ 15,16, 29,30 ദിവസങ്ങളാണ് വിക്ഷേപണത്തിന് അനുയോജ്യമായി കണ്ടെത്തിയത്. അതായത് ജൂലൈ 29 നോ 30 നോ ചന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.