Tech

ആ നോക്കിയ കാലം ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു; മൂന്ന് 4ജി ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ

ഫോര്‍ ജി ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 235, നോക്കിയ 220 4ജി എന്നീ മോഡലുകളും ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന തലമുറയുടെ നൊസ്റ്റാള്‍ജിയയായ നോക്കിയ 3210 മോഡലിന്റെ പുതുക്കിയ പതിപ്പുമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഫീച്ചര്‍ ഫോണുകളാണെങ്കിലും ഫിന്നിഷ് മൊബൈല്‍ നിര്‍മാതാക്കളായ എച്ച്എംഡി അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലുകളില്‍ യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യുപിഐ ആപ്പുകള്‍ എന്നിവ ഉപയോഗിക്കാനാവും. 4000 രൂപയില്‍ താഴെ വിലവരുന്ന ഇവ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫീച്ചര്‍ ഫോണുകള്‍ വാണിരുന്ന കാലത്ത് രാജാവായിരുന്ന നോക്കിയയ്ക്ക് സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ പ്രതാപം നഷ്ടപ്പെട്ടിരുന്നു. മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തും പിന്നീട് സ്വന്തം നിലയിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് നോക്കിയ ഇറങ്ങി നോക്കിയെങ്കിലും ചിരവൈരിയായിരുന്ന സാംസങ്ങും ആപ്പിളും മോട്ടോറോളയുമടക്കം കളം പിടിക്കുകയും ചൈനീസ് നിര്‍മാതാക്കള്‍ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണി കയ്യടക്കുകയും ചെയ്തതോടെ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഇതിനിടയില്‍ ജനപ്രിയ മോഡലായ 3310യുടെ പുതുക്കിയ വേര്‍ഷനുമായെത്തി വിപണിയില്‍ ചെറിയ ചലനമുണ്ടാക്കാന്‍ നോക്കിയയ്ക്ക് കഴിഞ്ഞിരുന്നു.

ആ തരംഗം വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് ഫോര്‍ ജി ഫീച്ചര്‍ ഫോണുകളുമായി നോക്കിയ വീണ്ടും എത്തുന്നത്. 1999ല്‍ വിപണിയിലെത്തിയ നോക്കിയ 3210 എന്ന മോഡലിന്റെ രൂപഭാവങ്ങളോടെയാണ് പുതിയ 3210യും എത്തുന്നത്. 1450 എംഎഎച്ച് ശേഷിയുള്ള ബാറ്ററി തുടര്‍ച്ചയായി ഒമ്പതര മണിക്കൂര്‍ സംസാരിക്കാനുള്ള പവര്‍ തരും. നോക്കിയയിലെ നൊസ്റ്റാള്‍ജിക് ഗെയിമായ സ്‌നേക്ക്, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, ഫ്‌ളാഷ് ലൈറ്റ്, യുപിഐ ആപ്പ്, ക്രിക്കറ്റ് സ്‌കോര്‍, 2048 ഗെയിം, ന്യൂസ്, വെതര്‍ തുടങ്ങിയ ആപ്പുകള്‍ ഉണ്ടാവും. 3999 രൂപയാണ് വില. വൈടുകെ ഗോള്‍ഡ്, സ്‌കൂബ ബ്ലൂ, ഗ്രഞ്ച് ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ഫോണുകള്‍ നോക്കിയയുടെ സൈറ്റിലും ആമസോണിലും ലഭ്യമാണ്.

നോക്കിയ 220 4ജി 2.8 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എത്തുന്നത്. യൂണിസോക് ടി107 പ്രോസസറും എസ്30പ്ലസ് ഒഎസുമായാണ് ഫോണിന്റെ വരവ്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അംഗീകാരമുള്ള യുപിഐ ആപ്പും സ്‌നേക്ക് ഗെയിമും രണ്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഇതിനുണ്ട്. പീച്ച്, ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കുന്ന ഇതിന് 3249 രൂപയാണ് വില.

നോക്കിയ 235 4ജി കുറച്ചുകൂടി ഫീച്ചറുകളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 2.8 ഇഞ്ച് ഡിസ്‌പ്ലേ, യൂണിസോക് ടി107 പ്രോസസര്‍, എസ്30പ്ലസ് ഒഎസ് എന്നിവയാണ് ഇതിനുമുള്ളത്. 64 എംബി റാം 128 എംബി സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് മറ്റു സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെയായി ഉയര്‍ത്താം. 1450 എംഎഎച്ച് ബാറ്ററി, യുഎസ്ബി സി-ടൈപ്പ് ചാര്‍ജിംഗ്, ബ്ലൂടൂത്ത് വി5.0, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും എഫ്എം റേഡിയോ, ക്ലൗഡ് സപ്പോര്‍ട്ട്, യൂട്യൂബ് തുടങ്ങി മറ്റ് സൗകര്യങ്ങളും ഇതിനുണ്ട്.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT