ഹോങ് കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയാണ് ഇന്‍ഫിനിക്‌സ്. വിലക്കുറവാണ് ഇന്‍ഫിനിക്‌സിനെ ഇന്ത്യന്‍ വിപണിയില്‍ വ്യത്യസ്തരാക്കുന്നത്. വിലക്കുറവിന്റെ ചുവടുപിടിച്ച് ഇന്‍ഫിനിക്‌സ് പുതിയതായി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 പ്രൊ. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 3 പ്ലസ് , ഇന്‍ഫിനിക്‌സ് എസ് 4 എന്നീ 10000 രൂപ മാര്‍ജിന്‍ മോഡലുകള്‍ക്ക് പിന്നാലെയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 പ്രൊ എത്തുന്നത്.
ഈ മോഡലിന്റെ പ്രധാന സവിശേഷത റാം മെമ്മറിയും ബാറ്ററി ലൈഫുമാണ്. ട്രിപ്പിള്‍ ക്യാമറ സൗകര്യമായിരുന്നു സ്മാര്‍ട്ട് 3 പ്ലസ് എന്ന മോഡലിനെ വത്യസ്തനാക്കിയത്, ഡിസൈനിലെ അഴക് ഇന്‍ഫിനിക്‌സ് എസ് 4 എന്ന മോഡലിനെ വിപണി കയ്യടക്കാന്‍ സഹായിച്ചു. 6 ജി ബി റാം മെമ്മറിയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 പ്രോയ്ക്കുള്ളത്. ഇത്ര വിലക്കുറവില്‍ ഇത്രയും റാം നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കുറവാണ്. ഡിസൈനിലേക്ക് നോക്കുകയാണെങ്കില്‍ ഒരു സിമ്പിള്‍ ഡിസൈന്‍ തന്നെയാണ് ഇന്‍ഫിനിക്‌സ് പുതിയ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.
6.19 ഇഞ്ച് എച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ട്രഡീഷണല്‍ നോച് ഉള്‍പ്പെടുത്തിയിട്ടാണ് ഡിസ്പ്ലെയുള്ളത്. വാട്ടര്‍ ഡ്രോപ്പ് നോച് പോലെ ഡിസ്പ്ലെ സൈസ് കൂട്ടിയ ഫോണുകള്‍ വിപണിയില്‍ ഉള്ളപ്പോള്‍ ഹോട്ട് 7 പ്രൊ കുറച്ച് ഔട്ട് ഡേറ്റഡ് ആയി തോന്നാമെങ്കിലും വിലയുടെ കാര്യം വെച്ചുനോക്കുമ്പോള്‍ അത്ര വലിയ ഒരു കുറവായി ഇത് കാണാന്‍ കഴിയില്ല. ഡ്യുവല്‍ സെല്‍ഫി ക്യാമറയും ഒരു ഫ്‌ലാഷും ഈ നൊച്ചിനുള്ളില്‍ ഇന്‍ഫിനിക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്പ്ലെയോടും ഫ്രയിമിനോടും ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് ഇയര്‍പീസിന്റെ സ്ഥാനം. ഫ്രെയിം അത്ര വലുതല്ലെങ്കിലും അടിഭാഗത്ത് കുറച്ചു കട്ടി കൂടുതലായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റൊരു കാര്യം ഫോണിന്റെ പിറകിലെ മെറ്റല്‍ ബാക്ക് പാനലാണ് ഇത് ഒരു പ്രീമിയം ലൂക്ക് ഫോണിന് നല്‍കുന്നു. കട്ടി കുറവായതും ഫ്രയിമിന്റെ ഘടനയും കാരണം ഫോണ്‍ കയ്യിലെടുക്കുമ്പോള്‍ തന്നെ ഒരു കംഫര്‍ട്ട് ഫീല്‍ ചെയ്യുന്നുണ്ട്. വോളിയം റോക്കറും പവര്‍ ബട്ടണും വലതുഭാഗത്തായാണ് കൊടുത്തിരിക്കുന്നത് എന്നാല്‍ സിം ട്രേ ഇടതുഭാഗത്താണ്.
വോളിയം റോക്കറുകളില്‍ നിന്ന് പവര്‍ ബട്ടണ്‍ വത്യസ്ഥമാക്കാന്‍ ഒരു ടെക്‌സ്ചര്‍ കൂടെ കൊടുത്തിട്ടുണ്ട്. പിറകിലേക്ക് വരുമ്പോള്‍ ഫ്‌ലാഷ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആണ് കാണാന്‍ കഴിയുന്നത്. ക്യാമറ ലെന്‌സുകള്‍ക്ക് ചുറ്റും കൊടുത്തിട്ടുള്ള മെറ്റല്‍ റിം പോറലുകളില്‍ നിന്നും ലെന്‌സിനെ സംരക്ഷിക്കുന്നു. ഒരു ട്രഡീഷണല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും പിറകില്‍ കൊടുത്തിട്ടുണ്ട്. മൈക്രോ യു.എസ.ബി കൂടാതെ 3.5 എം.എം. ഓഡിയോ ജാക്ക് സ്പീക്കര്‍ ഗ്രില്‍ എന്നിവ അടിഭാഗത്താണ്. മുന്നേ പറഞ്ഞതുപോലെ തന്നെ മീഡിയടെക് ഹെലിയോ 6 ജിബി റാം ആണ് ഫോണിന് കരുത്ത് പകരുന്നത് കൂടാതെ 64 ജിബി ഇന്റെര്ണല് മെമ്മറിയുമുണ്ട്. 9999 രൂപക്ക് ഇത്രയും മേന്മയുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പച്ചപിടിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം