സ്മാര്‍ട്ടഫോണുകളില്‍ മായാജാലം സൃഷ്ടിക്കാന്‍ കമ്പനികള്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നതിന്റെ ബാക്കിപത്രമാണ് ഫോള്‍ഡബിള്‍ ഡിസ്‌പ്ലേ. ആപ്പിളും ആ മല്‍സര ഓട്ടത്തിന് തയ്യാറാവുകയാണ്. ലെനോവോയും ഹുവാവെയും സാംസങും പിന്നെ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ചില കമ്പനികളും ഇത്തരത്തിലുള്ള ഫോണുകളും മറ്റു ഗാഡ്‌ജെറ്റുകളും പരീക്ഷിച്ചെങ്കിലും വേണ്ടത്ര പച്ചപിടിച്ചില്ല എന്ന് തന്നെ പറയാം. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാംസ്ഥാനക്കാരനായ ആപ്പിളിന് ഇപ്പോഴാണ് ഊഴം വന്നത്.
ഒരു ഫ്‌ലെക്‌സിബിള്‍ ഡിസ്‌പ്ലേയോടുകൂടിയ ഉത്പന്നം നിര്‍മിക്കാന്‍ അമേരിക്കന്‍ പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസ് ആപ്പിളിന് പേറ്റന്റ് നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം സി.എന്‍.എന്‍ റിപ്പോര്‍ട് ചെയ്തു. പേറ്റന്റ് ലഭിക്കാന്‍ കാലതാമസമെടുത്തെങ്കിലും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ എന്ന ആശയം 2018 ന്റെ പകുതിമുതല്‍ ഡിസൈനര്‍മാര്‍ക്ക് ഉണ്ട്. കാരണം ഈ പേറ്റന്റിനുള്ള അപേക്ഷ ഫയല്‍ ചെയ്തത് 2018ല്‍ ആണ്.
അപേക്ഷയില്‍ ആപ്പിള്‍ ചൂണ്ടിക്കാണിച്ചിരുന്നത് 'ഫ്‌ലെക്‌സിബിളായ ടച്ച് സെന്‌സറുകളോട് കൂടിയ ഒരു ബുക്ക് പോലെ മടക്കാന്‍ സാധിക്കുന്ന ഒരു പ്രൊഡക്ട്' നു വേണ്ടിയാണ് അപേക്ഷ എന്നതായിരുന്നു. 2019 തുടക്കത്തിലാണ് പകുതിയായി മടക്കാവുന്ന ഒരു ഉല്പന്നത്തിന്റെ ബ്ലൂപ്രിന്റ് ആപ്പിള്‍ സമര്‍പ്പിച്ചത്. പേറ്റന്റ് ലഭിച്ചത് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ഉപയോഗിക്കാനുള്ള സമ്മതമാണ്. എന്നാല്‍ ഇത് ഉപയോഗിച്ച് ഇങ്ങനെയുള്ള പ്രോഡക്റ്റുകളായിരിക്കും പുറത്തിറങ്ങുക എന്ന് പറയാറായിട്ടില്ല.
ആപ്പിളിന്റെ ഐ ഫോണ്‍ സീരിസിലായിരിക്കും ഇത് പ്രത്യക്ഷപ്പെടുക എന്നാണ് ടെക് നിരീക്ഷകര്‍ പറയുന്നത്. 2021 ഇല്‍ ആപ്പിളിന്റെ ഇത്തരത്തിലുള്ള പ്രൊഡക്ടുകള്‍ വിപണിയിലെത്തും. രണ്ടായിരം ഡോളര്‍ വിലയുള്ള സാംസങ് ഫോള്‍ഡ് ഫോണുകള്‍ വിപണിയിലെത്തും മുന്നേ തകരാറിലായത് ഫോള്‍ഡബിള്‍ സ്‌ക്രീനിന്നോടുള്ള ഉപയോക്താക്കളുടെ താല്പര്യം കുറച്ചതായി പറയപ്പെടുന്നു. ഇതിനെ തരണം ചെയ്യാനുള്ള അടവുകളുമായി വേണം ആപ്പിളിന് വിപണിയിലേക്കെത്താന്‍.