ചൈനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അതിനൂതന ഗൃഹോപകരണ നിര്‍മ്മാണ കമ്പനിയാണ് ഷവോമിയുടെ മിജിയ എക്കോസിസ്റ്റം. സ്മാര്‍ട്ട് വാഷിങ് മെഷീന്‍ മുതല്‍ സ്മാര്‍ട്ട് ഹോം സെക്യൂരിറ്റി ക്യാമറകള്‍ വരെയുണ്ട് മിജിയയുടെ വിപണിയില്‍. എന്നാല്‍ ഈ കമ്പനിയുടെ ചുരുക്കം ചില ഉത്പന്നങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളു, അതിലൊന്നാണ് ഷവോമി ഹോം സെക്യൂരിറ്റി കാമറ 360.
പേരുപോലെ തന്നെ ഒരു സുരക്ഷാ ക്യാമറയാണ് ഷവോമി ഹോം സെക്യൂരിറ്റി കാമറ 360. ഡിസൈനിലും സൗകര്യങ്ങളിലും ഒരുപടി മുന്നിലാണ് ഷവോമിയുടെ ഹോം സെക്യൂരിറ്റി കാമറ 360. ലൈവ് ഓഡിയോ ടോക്ബാക്, എ.ഐ മോഷന്‍ ഡിറ്റക്ഷന്‍ എന്നിവയാണ് പ്രധാനമായി ചൂണ്ടിക്കാണിക്കാവുന്ന സവിശേഷതകള്‍.
ആദ്യം തന്നെ ക്യാമറയുടെ ഡിസൈനിങ്ങും ബില്‍ഡ് ക്വാളിറ്റിയിലേക്കും നോക്കാം. ഒരു കളിപ്പാട്ടം പോലെ ആകര്‍ഷകമാണ് ഷവോമി ഹോം സെക്യൂരിറ്റി കാമറ 360 യുടെ ഡിസൈന്‍ എന്നാല്‍ ഉറപ്പുള്ള ബോഡിയാണ് ക്യാമറക്കുള്ളത്. ഉരുണ്ടിട്ടുള്ള മെയിന്‍ ക്യാമറ ബോഡിയാണ് പ്രധാന ആകര്‍ഷണം. അതില്‍ ക്യാമറക്ക് മുകളിലേക്കും താഴേക്കും ചലിക്കാനായി ചെറിയ കട്ടിങ് ഉണ്ട്. വെള്ളയും കറുപ്പുമായി ബോഡിയും ഈ കട്ടിങ്ങും അലങ്കരിച്ചിട്ടുണ്ട്.
ലെന്‍സിന്റെ താഴെ തന്നെ മൈക്രോ എസ് ഡി കാര്‍ഡിനായി സ്ലോട്ട് ഉണ്ട് . പിറക് ഭാഗത്തായാണ് സ്പീക്കര്‍ ഗ്രില്‍ ഉളളത്. മാറ്റ് ഫിനിഷ് ആണ് അടിഭാഗത്തെ പ്രധാന ആകര്‍ഷണം. റീസെറ് ബട്ടണ്‍, മൈക്രോ യു.എസ്.ബി സ്ലോട്ട് എന്നിവ അടിഭാഗത്താണുള്ളത്. പോളികാര്‍ബണേറ്റ് മെറ്റീരിയല്‍ ആണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
78 മില്ലിമീറ്റര്‍ നീളം 78 മില്ലിമീറ്റര്‍ വീതി 118 മില്ലിമീറ്റര്‍ ഉയരം എന്നതാണ് ഷവോമി ഹോം സെക്യൂരിറ്റി കാമറ 360 ക്യാമറയുടെ ഡൈമെന്‍ഷന്‍. 239 ഗ്രാം ഭാരമാണുള്ളത്.
ഷോക്ക് പ്രൂഫ് നിര്‍മാണമാണെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ക്യാമറ മൊഡ്യൂള്‍ ഫുള്ളി മോട്ടോറൈസ്ഡ് ആണ് വളരെ സ്മൂത്ത് ആയ ചലനം ഇതുകൊണ്ട് സാധ്യമാകുന്നു. ക്യാമറ ചലിക്കുന്നുണ്ടെങ്കിലും യാതൊരുവിധ ശബ്ദവും ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. വളരെ ഫ്‌ലാറ്റ് ആയ അടിഭാഗമാണ് ക്യാമറക്കുള്ളത്. റബര് ബുഷുകള്‍ ഉള്ളതുകൊണ്ട് ക്യാമറ വച്ചിടത്തുനിന്നും നീങ്ങിപ്പോകാനുള്ള സാധ്യത കുറയുന്നു.
ഷവോമി ഹോം സെക്യൂരിറ്റി കാമറ 360 സെറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. പവര്‍ കൊടുക്കുമ്പോള്‍ തന്നെ എല്‍.ഇ.ഡി നോട്ടിഫിക്കേഷനും കൂടാതെ വോയിസ് ക്യൂവും കേള്‍ക്കും. ഷവോമി ഹോം ഫോണ്‍ ആപ്പിലൂടെ ക്യാമറയില്‍നിന്നുള്ള ലൈവ് വിഷ്വല്‍ ഫോണില്‍ ലഭ്യമാകും.
2 മെഗാപിക്‌സല്‍ എഫ് 2.1 അപ്പേര്‍ച്ചറോട് കൂടിയ ക്യാമറയാണ് ഷവോമി ഹോം സെക്യൂരിറ്റി കാമറ 360യിലുള്ളത്. ക്യാമറയുടെ വീഡിയോ ക്വാളിറ്റി മികവുറ്റതാണ്. മുഴുവന്‍ ഇരുട്ടിലും ക്യാമറ വ്യക്തതയോടെ വീഡിയോകള്‍ പകര്‍ത്തും. ഷവോമി ഔദ്യോഗിക വെബ്‌സൈറ്റിയില്‍ ക്യാമറയുടെ വില 2699 രൂപയാണ്. വിപണിയിലെ മറ്റ് സെക്യൂരിറ്റി ക്യാമറകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഷവോമി ഹോം സെക്യൂരിറ്റി കാമറ 360 വളരെ മുന്നിലാണ്.