Sports

ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജ ഗർജ്ജനം | Yuvraj Singh | The Spin Ep-09 | The Cue

ജസീര്‍ ടി.കെ

ഒരു സിനിമാക്കഥ പറഞ്ഞാലോ, ഇന്ത്യയുടെ ഒരു യുവരാജാവിന്റെ കഥ, അത് പറയുന്നത് മഹേന്ദ്രസിം​ഗ് ധോണിയാണെന്ന് വിചാരിക്കുക. അത് തുടങ്ങുക ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിന്റെ കഥ പറഞ്ഞുകൊണ്ടാകും. പണ്ട് പഞ്ചാബുമായി തന്റെ ടീം ഏറ്റുമുട്ടാൻ എത്തിയപ്പോൾ ഒരു​​ദിവസം വൈകീട്ട് ബാറ്റിം​ഗ് തുടങ്ങി, തന്റെ ബോളർമാർക്കെല്ലാം പിടികൊടുക്കാതെ ക്രീസിൽ നിലയുറപ്പിച്ച് 50ഉം നൂറും ഇരുന്നൂറും മുന്നൂറും കഴിഞ്ഞ് ബീഹാർ ടീം ആകെ നേടിയ 357നേക്കാൾ ഒരു റൺസ് അധികം നേടി ക്രീസ് വിട്ട ഒരു ഇടം കൈയ്യൻ ബാറ്റ്സ്മാന്റെ കഥ. ധോണിയുടെ ജീവിതം സിനിമയായപ്പോൾ ആ ചെറിയ കാമിയോ ക്രിക്കറ്റ് പ്രേമികൾക്ക് രോമാഞ്ചത്തിന്റെ നിമിഷമാണ്. അപ്പോൾ അയാളുടെ, യുവരാജ് സിം​ഗിന്റെ തന്നെ കഥ പറഞ്ഞാലോ....

യുവരാജ് ഇന്ത്യൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്, കൈഫുമായി ചേർന്ന് കൈവിട്ട നാറ്റ് വെസ്റ്റ് കിരീടം തിരിച്ചുപിടിക്കുമ്പോൾ, ഇന്ത്യയുടെ മധ്യനിരയിൽ വിശ്വാസമുറപ്പിച്ച് സമ്മർദങ്ങളിൽ പതറാതെ നിലയുറപ്പിച്ച ഒരുപാട് മത്സരങ്ങളിൽ, ​ഗാം​ഗുലിയും ദ്രാവിഡും ധോണിയുമെല്ലാം ഒരു വിക്കറ്റിന് വേണ്ടി പന്ത് കൊടുക്കുമ്പോൾ അത് ധൈര്യത്തോടെ വാങ്ങി ബൗളറാകുന്ന നിമിഷങ്ങളിൽ, ലോകകപ്പിൽ സച്ചിന് വേണ്ടി കിരീടം ഉയർത്താൻ രണ്ടും കൽപ്പിച്ചിറങ്ങുമ്പോൾ... ആ നിമിഷങ്ങൾ എണ്ണിയെടുത്താൽ പറയാൻ കഥകൾ നീളും, എങ്കിലും ഒരു സിനിമാറ്റിക് നരേറ്റീവിന് വേണ്ടി നമുക്ക് 2007 ട്വന്റി20 ലോകകപ്പിലേക്ക് പോകാം. അന്ന് 18 ഓവറും ഇം​ഗ്ലണ്ട് എറിഞ്ഞ് തീർത്ത് നിൽക്കവേ, ക്രീസിലുള്ള യുവരാജ് സിം​ഗിനെ ഫ്ലിന്റോഫ് ഒന്ന് പ്രകോപിപ്പിച്ചു. ആ നിമിഷം മുതൽ അയാളുടെ മനസിൽ മിന്നിമാഞ്ഞു പോയ കാര്യങ്ങളിൽ എന്തെല്ലാമുണ്ടാകും, അടുത്ത ആറ് പന്തുകളി‍ൽ, സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ആറ് പന്തുകൾക്കിടയിൽ എന്തൊക്കെയുണ്ടാകും.

സ്റ്റുവർട്ട് ബ്രോഡ് ആദ്യ പന്തെറിയുന്നതിന് മുൻപ് തന്നെ വെല്ലുവിളിച്ച ഫ്ളിന്റോഫിന് പിന്നാലെ പോയ യുവരാജിനെ കാണികൾക്ക് ഓർമയുണ്ട്. അതിന് മുന്നേ ഫ്ലിന്റോഫ് അതുപോലൊരു ഇന്ത്യക്കാരനെ വെല്ലുവിളിച്ചത് 2002ലായിരുന്നു. വാങ്കഡേയിൽ അയാൾ ജഴ്സിയൂരിക്കറക്കിയ വെല്ലുവിളി. ആ കളിയിൽ യുവരാജില്ല. പക്ഷേ അതിന് മറുപടി പറയാൻ സൗരവ് ​ഗാം​ഗുലി ലോർഡ്സിലേക്ക് വണ്ടി കയറിയപ്പോൾ ആ ടീമിൽ മധ്യനിരയിൽ യുവരാജുണ്ടായിരുന്നു. ​​കൈഫിനൊപ്പം അന്ന് അയാളുണ്ടാക്കിയ പാർടണർഷിപ്പായിരുന്നു അന്ന് ഫൈനലിൽ ഇന്ത്യയെ കരകയറ്റിയത്. വിജയറൺ നേടുന്നതിന് മുന്നേ പുറത്തായെങ്കിലും ​അപമാനം കൊണ്ട് തലകുനിച്ച് നടക്കില്ലെന്ന് വിളിച്ച് പറഞ്ഞ് സൗരവ് ​ഗാം​ഗുലി ജേഴ്സിയൂരുമ്പോൾ അവിടെ യുവരാജുണ്ട്. അന്ന് താൻ ബാറ്റുകൊണ്ട് കൊടുത്ത അതേ മറുപടി തന്നെയാണ് സ്റ്റുവർട്ട് ബ്രോഡിന്റെ ആദ്യ പന്തിനും യുവരാജ് മറുപടി നൽകിയത്. പന്ത് എറിഞ്ഞത് മാത്രമാണ് ഇം​ഗ്ലണ്ട് ടീമിന് ഓർമ, ബാറ്റിൽ തൊട്ടതും അതങ്ങ് ദൂരേക്ക് പറന്ന് പോയി.

അതോടെ ദേഷ്യം തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി. തൊട്ടടുത്ത ബോളും സിക്സറ് തന്നെ. പറന്ന് പോകുന്ന പന്തിനെ ഫോളോ ചെയ്ത ക്യാമറ പെട്ടെന്ന് വെട്ടിച്ച് ഫ്ലിന്റോഫിന് മുഖത്തേക്ക് തിരിച്ചു. ബൗണ്ടറി ലൈനിൽ ഇളിഭ്യനായി, പരിഹാസ്യനായി നിൽക്കുന്ന ഫ്ലിന്റോഫിന്റെ മുഖം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകളും അന്ന് ചിരിച്ചു. വീണ്ടും വീണ്ടും ക്യാമറ ഉയർന്നു താഴ്ന്നു. ആ ഓവറിലെ ആറ് ബോളും സിക്സറിന് പറത്തി ടി 20 യിൽ പുതിയ ചരിത്രവും 12 ബോളിൽ അർദ്ധ ശതകവും തികച്ച് യുവി ബൗണ്ടറി ലൈനിലേക്ക് നോക്കി പിന്നെയും മുരണ്ടത് കണ്ട് ഫ്ലിന്റോഫിന് തല താഴ്ന്നുപോയിരുന്നു. അന്നാ ഫ്ലിന്റോഫ് ദഹനത്തിൽ ബലിയാടായത്, ആറ് സിക്സർ വഴങ്ങിയ സ്റ്റുവർട്ട് ബ്രോഡായിരുന്നു.

ഇന്ത്യയുടെ പോരാളിയായിരുന്നു യുവരാജ്, തോൽക്കാൻ കൂട്ടാക്കാത്തയാൾ. അവസാനം വരെ പോരാടാൻ തുനിഞ്ഞിറങ്ങിയൊരാൾ. 2011ൽ ലോകകപ്പിനായി ബാറ്റുകൊണ്ടും ബോളുകൊണ്ടും ശരീരം കൊണ്ടുമെല്ലാം പോരാടാൻ മുന്നിട്ടിറങ്ങുമ്പോൾ അയാളുടെ ഉള്ളിൽ മറ്റൊന്നുണ്ടായിരുന്നു. ഒരു വിനാശകാരിയായ ട്യൂമർ. ലോകകപ്പിലുടനീളം ആ ട്യൂമറിന്റെ വേദനയും സഹിച്ച് യുവി കളത്തിലിറങ്ങുമ്പോൾ യുവിക്ക് പോലും താനൊരു അർബുദ രോഗിയാണെന്ന് തിരിച്ചറിവില്ലായിരുന്നു. ഫൈനലിൽ പോയിന്റിൽ അയാൾ പറന്നുകൊണ്ട് തടുത്തിട്ട റൺസുകൾക്ക് കണക്കുണ്ടാവില്ല, പവർ പ്ലേയിൽ കളി വശത്താക്കാം എന്ന് വിചാരിച്ചിറങ്ങിയ ലങ്കൻ സ്ക്വാഡിന്റെ എല്ലാ പ്രതീക്ഷകളും അയാളവിടെ തടുത്തിട്ടുണ്ട്.

ശ്വാസകോശത്തിലായിരുന്നു അർബുദം പിടിപെട്ടത്. രോഗലക്ഷണങ്ങൾ പല രൂപത്തിൽ മുന്നിൽ വന്ന് നിന്നപ്പോഴും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി എല്ലാറ്റിനെയും അവഗണിച്ചെന്ന് യുവി പിന്നീട് പറഞ്ഞിരുന്നു. വല്ലാത്ത ശ്വാസ തടസ്സം, തുപ്പുമ്പോൾ ഇടക്കിടക്ക് ചോരയുടെ അംശം. തളർച്ച തോന്നിയിരുന്ന കാലത്താണ് കളിക്കളത്തിൽ എല്ലാം വിസ്മരിച്ച്, ഒരു പോരാളിയുടെ വീറോടെ അയാൾ പൊരുതിയത്.

'ക്യാൻസർ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുക? ഭയം. ഞാനും അതാദ്യം കേട്ടപ്പോൾ ഭയന്നുപോയി. ക്യാൻസർ ഒരു ജീവപര്യന്തം തടവ് പോലെയാണ്. എക്കാലവും വേട്ടയാടുന്ന ഒന്നാണെന്ന തോന്നൽ നമ്മളെയാകെ ഉലച്ചുകളയും.' തന്നെ തളർത്താൻ ശ്രമിച്ച മാരകരോ​ഗത്തെ പറ്റിയുള്ള യുവിയുടെ വാക്കുകളായിരുന്നു ഇത്.

ലംഗ് ക്യാൻസർ എപ്പോഴും മാരകമാണ്‌. എന്നാൽ യുവിക്കുണ്ടായത് സാധാരണ ലംഗ് ക്യാൻസറായിരുന്നില്ല. സെമിനോമ ലംഗ് ക്യാൻസറായിരുന്നു. ഭാഗ്യവശാൽ അത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമായിരുന്നു. അമേരിക്കയിൽ ചികിത്സ തേടിയ യുവരാജ് സിംഗ് 2012 മാർച്ചിൽ തന്റെ മൂന്നാം കീമോയും കഴിഞ്ഞ് പുറത്തിറങ്ങി.

കേട്ടപ്പോൾ തോന്നിയ അമ്പരപ്പിൽ നിന്ന് ക്യാൻസറിന്റെ ഭീകരതയെ ചെറുത്തുതോൽപ്പിക്കുന്ന ചങ്കൂറ്റത്തിലേക്ക് യുവിയെ നയിച്ചത് തനിക്ക് ക്രിക്കറ്റ് കളിക്കണം എന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു. എത്രയോ മത്സരങ്ങളിൽ തന്റെ പോരാട്ടമികവ് കൊണ്ട് ഇന്ത്യൻ ടീമിനെ അവിശ്വസനീയമായി വിജയിപ്പിച്ചെടുത്ത ചരിത്രമുള്ള യുവിക്ക് മുന്നിൽ ക്യാൻസർ നിരുപാധികം വഴിമാറുകയായിരുന്നു. ആക്രമിക്കാൻ ഒരുമ്പെട്ടാൽ യുവിയൊരു തീപ്പന്തമാകുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ക്യാൻസറിന് പോലും.

ഇരുപത്തിയെട്ട് വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ക്രിക്കറ്റിന്റെ വേദിയിൽ ഇന്ത്യ രണ്ടാമതൊരു ലോകകപ്പുയർത്തിയത്. 1983 ൽ അപ്രതീക്ഷിതമായ കിരീടനേട്ടം കൊണ്ട് കപിലിന്റെ ചെകുത്താന്മാർ അമ്പരിപ്പിച്ചതിന്റെ ഓർമ മങ്ങിത്തുടങ്ങിയിരുന്നു ഇന്ത്യൻ ആരാധകർക്ക്. 2003 ൽ ഫൈനലിലെത്തിയെങ്കിലും അന്ന് കപ്പിൽ തൊടാൻ കഴിഞ്ഞില്ലായിരുന്നു. 2007 ൽ അതിദയനീയമായി പുറത്താകുകയും ചെയ്തു. അങ്ങനെ കാത്തുകാത്തിരുന്നാണ് 2011 ൽ ഇന്ത്യ കിരീടനേട്ടത്തിന്റെ വറുതിക്ക് ഒടുക്കം കുറിച്ചത്. ടൂർണമെന്റിൽ മികച്ച താരമായത് യുവരാജ് സിങ് എന്ന ചണ്ടീഗഡുകാരൻ ആയിരുന്നു. 9 കളികളിൽ നിന്ന് 362 റൺസ്, 15 വിക്കറ്റ്സ്, ഒരു സെഞ്ച്വറി, 4 അർദ്ധ സെഞ്ച്വറി ഇത്രയുമായിരുന്നു യുവരാജിന്റെ സംഭാവന.

അനായാസേന സിക്സർ പറത്താൻ കെല്പുള്ള, സ്പിന്നും ഫാസ്റ്റും ഒരു പോലെ കൈകാര്യം ചെയ്യാൻ മിടുക്കുള്ള, ഇന്ത്യൻ മധ്യനിരയുടെ ഇടിനാദത്തിന്റെ പേരായിരുന്നു യുവരാജ്‌ സിംഗ്. ഫീൽഡിങ്ങിൽ യുവി ഇന്ത്യയുടെ ജോണ്ടി റോഡ്‌സ് ആയിരുന്നു. യുവിയെ കടന്ന് ഒരു പന്തും പോകില്ലെന്നത് ഒരു മിത്ത് പോലെ ഉറച്ചുപോയതാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർ ആയ യുവി 2019 ലാണ് അന്താരാഷ്‌ട്ര കരിയറിന് വിരാമമിട്ടത്. 2000 മുതൽ 2017 വരെ നീണ്ടു നിന്ന ആ കരിയറിൽ ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങളും 304 ഏകദിനങ്ങളും 58 ടി 20 മത്സരങ്ങളും കളിച്ചു. പകരക്കാരില്ലാത്ത ആ അതുല്യ പ്രതിഭയെ രാജ്യം അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുമുണ്ട്.

മൈതാനത്ത് നിന്ന് അയാൾ ഇറങ്ങിപ്പോയിട്ടും അയാളുടെ പടുകൂറ്റൻ സിക്സറുകളും പറന്നുവീണ് കൈപ്പിടിയിലൊതുക്കുന്ന ക്യാച്ചുകളും എറിഞ്ഞുവീഴ്ത്തുന്ന റൺ ഔട്ടുകളും വിക്കറ്റിനിടയിലെ കുതിച്ചോട്ടങ്ങളും ഓരോ ആരാധകന്റെ മനസ്സിലും നിറം മങ്ങാതെ നിൽക്കുന്നത് തന്നെയാണ് അയാളുടെ പ്രസക്തി. എന്നെന്നും ഓർമിക്കപ്പെടാൻ മാത്രം ചിലതൊക്കെ മൈതാനത്ത് ബാക്കി വെച്ചാണ് ആരാധകരുടെ പ്രിയപ്പെട്ട യുവി കളം വിട്ടത്. അതെ യുവരാജ്. അതൊരു വിശ്വാസത്തിന്റെ പേരായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT