മുന്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ മൈക്ക് ടൈസണും യൂട്യൂബറും ബോക്‌സറുമായ ജേയ്ക്ക് പോളും തമ്മില്‍ വെള്ളിയാഴ്ച നടന്ന പോരാട്ടം കോടിക്കണക്കിന് ആരാധകരാണ് കണ്ടത്. പ്രായാധിക്യം മൂലം റിഫ്‌ളക്‌സുകള്‍ കുറഞ്ഞ ടൈസണും ജേയ്ക്കുമായുള്ള പോരാട്ടം പക്ഷേ എട്ട് റൗണ്ടുകള്‍ നീണ്ടു. ജേയ്ക്കിനോട് പരാജയപ്പെട്ടിട്ടും ടൈസണ്‍ പ്രതികരിച്ചത് ഇത് തന്റെ വിജയമാണെന്നാണ്. 'പരാജയപ്പെട്ടാലും വിജയിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്, അതിലൊന്നാണ് ഈ മത്സരം. കഴിഞ്ഞ രാത്രിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവസാനമായി ഒരു വട്ടം കൂടി റിംഗിലേക്ക് മടങ്ങിയെത്തിയതില്‍ എനിക്ക് യാതൊരു സങ്കടവുമില്ല', ടൈസണ്‍ എക്‌സില്‍ കുറിച്ചു. ജൂണില്‍ താന്‍ മരണത്തിന്റെ വക്കോളം എത്തിയതാണെന്ന് ടൈസണ്‍ തുടരുന്നു. എട്ടു തവണ രക്തം സ്വീകരിക്കേണ്ടി വന്നു. ശരീരത്തിലെ രക്തം പകുതിയോളം നഷ്ടപ്പെട്ടു. ആശുപത്രിയില്‍ കഴിയുമ്പോള്‍ 11 കിലോയോളം ശരീരഭാരം കുറഞ്ഞു. ആരോഗ്യം തിരികെ കിട്ടാന്‍ തനിക്ക് പോരാടേണ്ടി വന്നു. അതുകൊണ്ട് ഇതെന്റെ വിജയമാണ്, ടൈസണ്‍ പറയുന്നു. നിറഞ്ഞുകവിഞ്ഞ ഡാലസ് കൗബോയ് സ്‌റ്റേഡിയത്തില്‍ എന്റെ പകുതി മാത്രം പ്രായമുള്ള, പ്രതിഭാധനനായ ഒരു ഫൈറ്ററുടെ മുന്നില്‍ നേര്‍ക്കുനേര്‍ നിന്ന് എട്ട് റൗണ്ട് പോരാടിയത് എന്റെ കുട്ടികള്‍ക്ക് കാണാനായി എന്ന് ടൈസണ്‍ പറയുന്നു.
എന്താണ് ടൈസണ് സംഭവിച്ചത്?
ജെയ്ക്ക് പോള്‍ ഇതിനു മുന്‍പ് മത്സരിച്ചവരൊക്കെ പല മേഖലകളില്‍ പ്രശസ്തരായവരാണ്. യുഎഫ്‌സി താരം ബെന്‍ ആസ്‌കേണ്‍, മറ്റൊരു യൂട്യൂബറായ കെഎസ്‌ഐ, റിയാലിറ്റി ടിവി താരം ടോമി ഫ്യൂറി തുടങ്ങിയവരുമായി പോല്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മൈക്ക് ടൈസണ്‍ പോളിനെ സംബന്ധിച്ച് വലിയൊരു എതിരാളിയായിരുന്നു. കഴിഞ്ഞ ജൂലൈ 20ന് ഇവര്‍ തമ്മിലുള്ള മത്സരം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചു. ടൈസന്റെ അനാരോഗ്യമായിരുന്നു കാരണമായി പറഞ്ഞത്. ടൈസണ്‍ തന്നെ തന്റെ രോഗത്തെക്കുറിച്ച് ന്യൂയോര്‍ക്ക് മാഗസിനില്‍ പറയുന്നുണ്ട്. മത്സരത്തിനായി താന്‍ പരിശീലനം നടത്തി വരികയായിരുന്നു.
പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങി. ട്രെയിനറോട് ഇക്കാര്യം പറഞ്ഞെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. മത്സരത്തിനായി ടെക്‌സാസിലേക്ക് പോകുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചു. രക്തം ഛര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ഒരു വലിയ അള്‍സറാണ് ഇതിന് കാരണമെന്ന് വ്യക്തമായി. രണ്ടര ഇഞ്ച് നീളമുള്ള ആ അള്‍സര്‍ മൂലം രക്തം ഏറെ നഷ്ടമായിരുന്നു. പിന്നീട് എട്ടു തവണ രക്തം സ്വീകരിക്കേണ്ടി വന്നു. ശരീരത്തിലെ രക്തത്തില്‍ പകുതിയോളവും നഷ്ടമായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ജൂണില്‍ നടന്ന ഈ സംഭവത്തിന് ശേഷം മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവരവ് നടത്താന്‍ ടൈസണ് കഴിഞ്ഞു. 1990കളിലേതിനേക്കാള്‍ മികച്ച നിലയിലാണ് തന്റെ ശരീരമെന്നാണ് ചികിത്സയ്ക്ക് ശേഷം ടൈസണ്‍ പ്രതികരിച്ചത്. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തിയതിന് ശേഷം മതി മത്സരമെന്ന് ടൈസണും പോളും തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഡാലസ് കൗബോയ് സ്‌റ്റേഡിയത്തില്‍ നടന്ന എട്ട് റൗണ്ട് നീണ്ട മത്സരത്തില്‍ പോള്‍ വിജയിച്ചു. മത്സരം തുടങ്ങുന്നതിന് മുന്‍പ് ടൈസണ്‍ തന്റെ സ്വന്തം ശൈലിയില്‍ പോളിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണെന്ന കുറ്റപ്പെടുത്തല്‍ പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നെങ്കിലും നെറ്റ്ഫ്‌ളിക്‌സ് ലൈവ്സ്ട്രീം ചെയ്ത ടൈസൻ്റെ 58-ാം വയസിലെ മടങ്ങിവരവ് മത്സരം 60 ദശലക്ഷത്തിലധികം കാണികള്‍ കണ്ടുവെന്നാണ് കണക്ക്. സ്റ്റേഡിയത്തില്‍ 72,000ലേറെ കാണികള്‍ പോരാട്ടം നേരിട്ട് കണ്ടു. നന്ദി മൈക്ക്, ഇതൊരു ബഹുമതിയാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രചോദനമാണ് എന്നായിരുന്നു ടൈസണിന്റെ ട്വീറ്റിന് ജേയ്ക്ക് മറുപടി നല്‍കിയത്.