ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വെട്ടിയ വഴിയിലൂടെ സഞ്ചരിക്കുന്ന താരമെന്ന് ഒരാളെ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിച്ചിട്ടുള്ളു. സച്ചിനുയർത്തിയ റെക്കോർഡുകൾ പഴങ്കഥയാക്കുമെന്ന് ഒരാളെ ചൂണ്ടി മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ. കളിക്കളത്തിൽ ക്ലാസ്സും മാസ്സും സമ്മേളിക്കുന്ന ഒരു പിടി ഇന്നിങ്‌സുകൾ കൊണ്ട് ആരാധക മനസ്സുകളിൽ ഇരുപ്പുറപ്പിച്ച, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഈ ദശാബ്ദത്തിന്റെ താരമെന്ന് 2020 ൽ പ്രഖ്യാപിച്ച, കളിക്കളത്തിലെ ക്ഷുഭിത യൗവനം, വിരാട് കൊഹ്‌ലി.
ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് ക്രിക്കറ്റ് മൈതാനത്തേക്ക് നിശബ്ദമായ് നടന്നുവന്ന ആ ഇരുപതുകാരൻ പയ്യൻ പിന്നീട് ആ കളിയുടെ ചരിത്രത്തെ തന്നെ പുനർ നിർമിക്കുന്നതിനാണ് ലോകം സാക്ഷിയായത്. 2008 ൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായ കൊഹ്‌ലിയുടെ കരിയറിൽ എത്രയോ മനോഹരമായ മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. അതിൽ മികച്ച ഒരു ഇന്നിംഗ്‌സ് തിരഞ്ഞെടുക്കുക എന്നത് അത്രമേൽ ശ്രമകരവുമാണ്.
2012 ൽ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ബാങ്ക് സീരീസിൽ ശ്രീലങ്കക്കെതിരെ കോഹ്ലി നടത്തിയ പ്രകടനം ഓർക്കാത്ത ഒരു ക്രിക്കറ്റ് ആരാധകനും കാണില്ല. അന്ന് ആ സീരീസിൽ ഇന്ത്യക്ക് തുടരണമെങ്കിൽ ശ്രീലങ്കയോട് മികച്ച റൺ റേറ്റിൽ ജയിക്കണമായിരുന്നു. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചപ്പോൾ കുറഞ്ഞ റണ്ണിൽ എറിഞ്ഞിടുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ തിലകരത്നെ ദിൽഷനും കുമാര സംഗക്കാരയും ചേർന്ന് ആഞ്ഞടിച്ചപ്പോൾ സ്‌കോർ മുന്നൂറും കടന്ന് മുന്നേറി.
50 ഓവർ എറിഞ്ഞു കഴിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക പടുത്തുയർത്തിയത് 320 റൺസായിരുന്നു. സമീപകാല ക്രിക്കറ്റിൽ അതൊരു പടുകൂറ്റൻ സ്‌കോറോന്നുമല്ല. എന്നാൽ, ഇന്ത്യക്ക് ആ സീരീസിൽ തുടരാനുള്ള ബോണസ് പോയന്റ് സ്വന്തമാക്കണമെങ്കിൽ 40 ഓവറിനകത്ത് ആ സ്‌കോർ മറികടക്കണമായിരുന്നു. ലസിത് മലിങ്കയെന്ന ലോകോത്തര ബോളറുള്ള ശ്രീലങ്കക്കെതിരെ അങ്ങനെയൊരു ജയം ഏറെക്കുറെ അസാധ്യം. ആ അസാധ്യതയിലേക്കാണ് അന്ന് ഇന്ത്യ ബാറ്റുവീശിയത്.
സച്ചിനും സെവാഗും ചേർന്ന് നൽകിയ മികച്ച തുടക്കവും, പിന്നീട് ഗംഭീറിന്റെ ചെറുത്തുനിൽപ്പും ഒടുവിൽ കൊഹ്ലിയുടെയും സുരേഷ് റൈനയുടെയും വെടിക്കെട്ടും കൂടിയായപ്പോൾ അസാധ്യമെന്ന് തോന്നിയ ലക്ഷ്യം ഇന്ത്യ അനായാസേന പിന്നിട്ടു. അന്ന് കൊഹ്‌ലി നേടിയത് 133 റൺസായിരുന്നു. 86 പന്തുകൾ നേരിട്ട കൊഹ്ലി 16 ഫോറും 2 സിക്‌സറും പറത്തിയ ആ ഇന്നിംഗ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ മുപ്പത്തേഴാം ഓവറിൽ തന്നെ സ്‌കോർ മറികടന്ന് ചരിത്രം കുറിച്ചത്. ആദ്യ 50 റൺസ് നേടാൻ കൊഹ്‌ലിക്ക് അന്ന് നേരിടേണ്ടി വന്നത് 44 പന്തുകളായിരുന്നു. രണ്ടാമത്തെ 50 റൺസിന് 32 ബോളുകളും അവസാനത്തെ 33 റൺസ് എടുക്കാൻ വേണ്ടി വന്നത് വെറും 10 ബോളുകളും. മലിംഗ എറിഞ്ഞ 35 ആം ഓവറിൽ ഒരു സിക്‌സും നാല് ഫോറുമടക്കം 24 റൺസാണ് കൊഹ്‌ലി വാരിക്കൂട്ടിയത്.
തകർച്ചയുടെ പാതാളക്കുഴികളിൽ നിന്ന് ഇന്ത്യയെ സ്വന്തം ചുമലിലേറ്റി വിജയതീരത്തെത്തിച്ച കഥകൾ ഇനിയുമൊരുപാടുണ്ട് കോഹ്‌ലിയുടെ കരിയറിൽ. 2022 ൽ ടി 20 ലോകകപ്പിൽ പാക്കിസ്ഥാനോട് നാണം കെട്ട് തോറ്റുപോകുമെന്ന നിലയിൽ നിന്ന് ഇന്ത്യയെ ജയിപ്പിച്ചെടുത്തത് കോഹ്‌ലിയുടെ ഇന്നിംഗ്‌സായിരുന്നു. പാക്കിസ്ഥാൻ ഉയർത്തിയ 159 റൺസ് ചെയ്സ് ചെയ്ത ഇന്ത്യ ഏഴാം ഓവറിൽ എത്തി നിൽക്കുമ്പോൾ 31 റൺസ് മാത്രം സ്‌കോർ ചെയ്ത് 4 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ 53 പന്തിൽ കൊഹ്‌ലി നേടിയ 82 റൺസായിരുന്നു ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്.
ക്രിക്കറ്റിന്റെ പല ബഹുമതികളും ഇതിനോടകം തന്നെ കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ അതിവേഗത്തിൽ 9000 റൺസ് സ്‌കോർ ചെയ്ത ലോക റെക്കോർഡ് കോഹ്‌ലിയുടെ പേരിലാണ്. 2010 ലും 11 ലും 12 ലും ഇന്ത്യക്കായി ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്ത കൊഹ്‌ലി 2012 ൽ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2014 ലും 2016 ലും ടി 20 ലോകകപ്പുകളിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2008 ൽ ഏകദിനത്തിലും 2011 ൽ ടെസ്റ്റിലും അരങ്ങേറിയ കൊഹ്‌ലി 2013 ൽ ഏകദിനത്തിലെ ബാറ്റർമാരുടെ പട്ടികയിലും 2018 ൽ ടെസ്റ്റ് ബാറ്ററുടെ പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി. ഒരു ദശാബ്ദത്തിൽ 20,000 അന്താരാഷ്‌ട്ര റൺസ് അടിച്ചുകൂട്ടിയ ഏക കളിക്കാരനെന്ന റെക്കോർഡ് നേടിയെടുത്തത് 2019 ലായിരുന്നു.
കരിയറിൽ ഇതുവരെ കളിച്ച 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ചുറികളും 28 അർദ്ധസെഞ്ചുറികളും 7 ഡബിൾ സെഞ്ചുറിയും കൊഹ്‌ലി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 271 മത്സരങ്ങളിൽ 46 സെഞ്ചുറിയും 64 അർദ്ധസെഞ്ചുറിയും നേടി. ടി 20യുടെ കാര്യമെടുത്താൽ 115 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും 37 അർദ്ധസെഞ്ചുറികളുമാണ് കൊഹ്‌ലി സ്വന്തം പേരിൽ കുറിച്ചിട്ടത്. 223 ഐപിഎൽ മത്സരത്തിൽ കളിച്ച കൊഹ്‌ലി 5 സെഞ്ചുറിയും 44 അർദ്ധസെഞ്ചുറികളും കരസ്ഥമാക്കിയിട്ടുണ്ട്.
ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും നിറഞ്ഞാടുന്ന കൊഹ്‌ലി തന്റെ അഗ്രസ്സീവായ ബാറ്റിങ് ശൈലി കൊണ്ടും സാങ്കേതിക തികവ് കൊണ്ടും അനന്യനാണ്. വേഗതയാർന്ന ഫുട് വർക്കും സമ്മർദങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ചങ്കൂറ്റവും സ്പിന്നിനെയും ഫാസ്റ്റിനെയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് കൊഹ്‌ലിയെ മറ്റാരേക്കാളും മികച്ച ക്രിക്കറ്ററാക്കുന്നത്. പന്തുകളെ ഫ്ലിക്ക് ചെയ്യുന്നതിൽ വൈദഗ്ദ്യം കാണിക്കുന്ന കോഹ്‌ലിയുടെ കവർ ഡ്രൈവുകൾ അതിമനോഹരമാണ്. ക്ലാസ്സും മാസും ആക്രമണോത്സുകതയും ഒത്തുചേരുമ്പോൾ എതിരാളിയുടെ ഏത് സുരക്ഷിത കോട്ടയിലും ഒറ്റയ്ക്ക് വിനാശം വിതക്കാൻ കോഹ്‌ലിക്ക് കഴിയും. 2013 ൽ അർജുന അവാർഡും 2017 ൽ പദ്മശ്രീയും 2018 ൽ ഖേൽ രത്ന അവാർഡും നൽകി രാജ്യം വിരാട് കൊഹ്‌ലിയെ ആദരിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ഒരു യുദ്ധമാകുമ്പോൾ അയാൾ സൈന്യാധിപനാണ്. ഏത് വലിയ ശത്രുവിനെയും അയാൾ നിവർന്നുനിന്ന് നേരിടും, അപ്രാപ്യമായ ഏത് ലക്ഷ്യത്തിലേക്കും അയാൾ സധൈര്യം മുന്നേറും. എതിരാളികൾ അയാളെ സമ്മർദങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴാണ് അയാളൊരു പോരാളിയാവുക. കളിക്കളത്തിൽ അയാളൊരു പോരുകാളയാണ്. നാലുദിക്കിൽ നിന്ന് പാഞ്ഞടുത്താലും പിടിച്ചുകെട്ടുക പ്രയാസമാണ്.