Sports

ഇനി നിയമസഭയുടെ ഗോദയില്‍; വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭയിലേക്ക് എത്തുന്നത് വെറുതെയല്ല

ഹരിയാനയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും ഇത്തവണ നിയമസഭയില്‍ അവര്‍ക്ക് നേരിടേണ്ടി വരിക വളര ശക്തമായൊരു പ്രതിപക്ഷത്തെയായിരിക്കും. 90 സീറ്റുകളില്‍ 49 സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി അധികാരം നിലനിര്‍ത്തി. എങ്കിലും വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം ബിജെപി കേന്ദ്രങ്ങളെ ഒന്ന് നടുക്കി. കര്‍ഷക സമരത്തിന്റെ ഹോട്ട്‌സ്‌പോട്ടായ ഹരിയാനയില്‍ അധികാരം നഷ്ടമാകുമെന്ന തോന്നല്‍ ഉയര്‍ന്നുവെങ്കിലും പിന്നീട് ബിജെപി ലീഡ് തിരികെപ്പിടിക്കുകയായിരുന്നു. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കിലും തിളക്കമേറിയ ചില വിജയങ്ങള്‍ കോണ്‍ഗ്രസിന് ഹരിയാന സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയമാണ്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും കന്നി മത്സരത്തില്‍ 6015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവര്‍ ബിജെപിയുടെ യോഗേഷ് ബൈരാഗിയെയും മുന്‍ ഗുസ്തി താരം കൂടിയായ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കവിത ദലാലിനെയും പരാജയപ്പെടുത്തി. സത്യം വിജയിച്ചുവെന്നായിരുന്നു ഫോഗട്ടിന്റെ ആദ്യ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഫോഗട്ട് മത്സരിച്ച ജുലാന മണ്ഡലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. വിനേഷ് ഫോഗട്ട് എന്ന കായികതാരത്തോട് ഹരിയാനക്കാരുടെ സ്‌നേഹമാണ് ഇത് തെളിയിക്കുന്നത്. വിനേഷിൻ്റെ രാഷ്ട്രീയ പ്രവേശനം വർഷങ്ങളായി തുടരുന്ന പ്രതിഷേധ സമരങ്ങളുടെ തുടർച്ച കൂടിയാണ്.

ഗുസ്തി താരങ്ങളുടെ സമരം

അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം ചെയ്തുകൊണ്ടാണ് വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും, ബജ്‌റംഗ് പൂനിയയുമൊക്കെ ബിജെപിക്ക് എതിരെ ആദ്യമായി പ്രത്യക്ഷത്തില്‍ രംഗത്തെത്തുന്നത്. ഗുസ്തി താരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് എന്ന് എംപി കൂടിയായിരുന്ന ബ്രിജ് ഭൂഷണെതിരെ പരാതികളുണ്ടായിരുന്നു. നടപടി വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ വഴങ്ങാതിരുന്നതിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സമരത്തോട് മുഖംതിരിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിമ്പിക്‌സ് മെഡലുകള്‍ അടക്കം ഗംഗയില്‍ ഒഴുക്കിക്കൊണ്ട് പ്രതിഷേധിക്കാന്‍ താരങ്ങള്‍ തയ്യാറായി. കര്‍ഷക സമര നേതാക്കള്‍ ഇടപെട്ടാണ് താരങ്ങളെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് പിന്നീട് ഈ വിഷയത്തില്‍ ഇടപെടുകയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അത്തരമൊരു ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയ താരങ്ങളെ കാണാന്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ സമരമുഖത്ത് എത്തിയിരുന്നു.

പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യത

2024 പാരീസ് ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവം രാജ്യത്ത് രാഷ്ട്രീയമായിക്കൂടി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ താരം അവസാന ഘട്ട ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലുണ്ടെന്നതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടു. ഭാരം കുറയ്ക്കുന്നതിനായി രാത്രി മുഴുവന്‍ വ്യായാമം ചെയ്ത് അവശയായ ഫോഗട്ട് നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ഒളിമ്പിക്‌സ് വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തന്നെ കാണാനെത്തിയ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷയും ബിജെപിയുടെ രാജ്യസഭാ എംപിയുമായ പി.ടി.ഉഷ തനിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് മടങ്ങുകയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പിന്നീട് ആരോപിച്ചു. ഗുസ്തി പോലെയുള്ള വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ ശരീരഭാരം പോലെയുള്ള കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതാണെന്നും ടീം ഡോക്ടര്‍ക്ക് അക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും പി.ടി.ഉഷ പറഞ്ഞതും വിവാദമായി.

വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളപ്പെടുകയും ഫൈനല്‍ വരെയെത്തിയിട്ടും മെഡല്‍ നേടാനാവാതെ താരത്തിന് മടങ്ങേണ്ടി വരികയും ചെയ്തു. രാജ്യത്ത് മടങ്ങിയെത്തിയ ഫോഗട്ടിനെ സ്വീകരിക്കാന്‍ ബിജെപിയും തയ്യാറായി നിന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളും കര്‍ഷക സമര നേതാക്കളും നല്‍കിയ സ്വീകരണത്തിലേക്കാണ് അവര്‍ പോയത്. കോണ്‍ഗ്രസ് വലിയ സ്വീകരണം അവര്‍ക്ക് നല്‍കി. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരപ്പന്തലിലും അവര്‍ പിന്നീട് എത്തി. കര്‍ഷക സംഘടനകള്‍ സ്വര്‍ണ്ണ മെഡല്‍ നല്‍കിയാണ് അവരെ സ്വീകരിച്ചത്.

രാഷ്ട്രീയ പ്രവേശം

ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് പിന്നീട് ബജ്‌റംഗ് പൂനിയയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. ഇതോടെ അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍ പരന്നു. പിന്നീട് റെയില്‍വേയിലെ ജോലി രാജിവെച്ച് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഹരിയാനയിലെ ജുലാനയില്‍ വിനേഷ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു. വിനേഷ് കോണ്‍ഗ്രസില്‍ എത്തിയതോടെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് അവരെ അധിക്ഷേപിച്ചു കൊണ്ട് പ്രസ്താവനകള്‍ നടത്തിയെങ്കിലും ബിജെപി ഇടപെട്ട് അത് നിര്‍ത്തിച്ചു.

എക്‌സിറ്റ് പോളുകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മടങ്ങിവരവ് പ്രവചിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ ദിവസം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാറ്റില്‍ പറക്കുകയും ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ലീഡിലേക്ക് എത്താന്‍ പോലും ബുദ്ധിമുട്ടിയ വിനേഷ് ഫോഗട്ട് പരാജയപ്പെടുമോ എന്നു പോലും സംശയമുയര്‍ന്നു. എങ്കിലും വോട്ടെണ്ണല്‍ പാതി പിന്നിട്ടപ്പോള്‍ ലീഡ് ഉയര്‍ത്തിയ വിനേഷിന്റെ വിജയം ഏതാണ്ട് സുനിശ്ചിതമായി. ഇനി നിയമസഭയുടെ ഗോദയിലായിരിക്കും വിനേഷിന്റെ മത്സരങ്ങള്‍. ശക്തമായ പ്രതിപക്ഷത്തെയായിരിക്കും നിയമസഭയില്‍ ബിജെപിക്ക് നേരിടേണ്ടതായി വരിക. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്നും ബിജെപി നേതാക്കളാല്‍ നയിക്കപ്പെടുന്ന കായിക സംഘടനകളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ശക്തയാക്കിയ വിനേഷ് ഫോഗട്ടിനെയും ബിജെപിക്ക് നേരിടേണ്ടി വരും. ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന കരുത്തോടെ രാഷ്ട്രീയത്തിലും വിനേഷിന് ശോഭിക്കാനായേക്കും.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT