Sports

വേണ്ടടാ, എനിക്ക് കവര്‍ ഡ്രൈവ്; സ്റ്റീവ് വോയുടെ കെണിയില്‍ വീഴാത്ത സച്ചിന്റെ 241 നോട്ട് ഔട്ട്

വാട്ട് ഈസ് ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ ഷോട്ട് ഇന്‍ ക്രിക്കറ്റ്. സ്‌ട്രെയിറ്റ് ഡ്രൈവ്, പുള്‍ ഷോട്ട്, സ്വീപ് ഷോട്ട്, ഹെലിക്കോപ്റ്റര്‍ ഷോട്ട്. ഇതെല്ലാം കേട്ട് പഠിക്കുന്നതിന് മുന്നേ തന്നെ ഏതൊരു ക്രിക്കറ്റ് ആരാധകരുടെയും മനസ്സില്‍ പതിയുന്ന ഒരു ഷോട്ടുണ്ട്. ഓഫ് സൈഡിന് പുറത്ത് വരുന്ന പന്ത്, ഫ്രണ്ട് ഫുട്ടില്‍ നിന്ന് പോയിന്റിനും മിഡോണിനും ഇടയിലൂടെ പായിക്കുന്ന ബാറ്റര്‍. പന്ത് അകന്ന് ബൗണ്ടറിയിലേക്ക് പോകുന്നത് നോക്കിയെന്ന പോലെ ബാറ്റ് കൈയ്യില്‍ തന്നെ നിലനില്‍ക്കും. അതേ, കവര്‍ ഡ്രൈവ്. എത്ര കണ്ടാലും കൊതി മാറാത്ത ഷോട്ട്. ഏത് ബാറ്ററും കൊതിക്കുന്ന ഷോട്ട്. ആ കൊതി മനസില്‍ കണ്ട് ചില ബൗളര്‍മാര്‍ ബാറ്ററെ വെല്ലുവിളിക്കും, മില്ലിമീറ്ററുകളുടെ വ്യത്യാസത്തില്‍ പന്ത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ മതി, പന്ത് വിക്കറ്റ് കീപ്പറുടെയോ സ്ലിപ്പിന്റെയോ കൈയ്യിലിരിക്കും.

ക്രിക്കറ്റില്‍ കവര്‍ ഡ്രൈവ് കളിക്കാത്ത ഒരു ബാറ്ററുടെ ഇന്നിംഗ്‌സ് ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. കവര്‍ ഡ്രൈവ് കളിക്കാത്ത ഒരിന്നിംഗ്‌സിനെന്ത് പ്രസക്തി എന്ന് ആലോചിച്ചാല്‍, അതിന് കാരണം അയാളുടെ പേര് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നതാണ് എന്ന് തന്നെയാവാം. അപ്പോള്‍ വീണ്ടും സംശയം വരാം, സച്ചിന്‍ കവര്‍ ഡ്രൈവ് കളിക്കാത്ത ഇന്നിംഗ്‌സോ? എത്രയോ വട്ടം, എംആര്‍എഫ് എന്ന മൂന്ന് അക്ഷരത്തില്‍ തൊട്ട് പന്ത് കവറിലൂടെ പാഞ്ഞിരിക്കുന്നു. പിന്നെ എന്തിന് സച്ചിന്‍ അത് കളിക്കാതിരിക്കണം. അതൊരു കഥയാണ്. സിഡ്‌നിയില്‍ സച്ചിന്റെ ക്ഷമ പരീക്ഷിക്കാന്‍ ഓസീസ് പട കച്ചകെട്ടിയിറങ്ങിയ ദിവസം, പക്ഷേ കളിക്കാനിറങ്ങുന്നത് ക്രിക്കറ്റിന്റെ ദൈവത്തോടാണെന്ന് സ്റ്റീവ് വോയുടെ പട തിരിച്ചറിഞ്ഞ ദിവസം.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2004. ഇന്ത്യയുടെ എക്കാലത്തെയും ഐക്കണിക്ക് ബാറ്റിംഗ് കോമ്പോ, സേവാഗ്, സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍. ചരിത്രത്തില്‍ ആദ്യത്തെ ഇന്ത്യ തോല്‍ക്കാത്ത ഓസീസ് മണ്ണിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ആദ്യ ടെസ്റ്റ് സമനില. രണ്ടാം ടെസ്റ്റില്‍ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും രണ്ടാമത്തെ ഐതിഹാസിക കൂട്ടുകെട്ടിന്റെ ബലത്തില്‍ വിജയം. മൂന്നാം ടെസ്റ്റില്‍ പരാജയം. നാലാം ടെസ്റ്റ് വീണ്ടും സമനില. അതോടെ സീരീസും സമനിലയില്‍. സ്റ്റീവ് വോ പ്രതീക്ഷിച്ചതായിരുന്ന ആ പ്രകടനം. എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റിലും സച്ചിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓഫ് സ്റ്റംപിന് പുറത്തെ പന്തില്‍ വഴുതിയായിരുന്നു വിക്കറ്റുകള്‍. ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയും സേവാഗും എല്ലാവരും പലതവണയായി ഫോം കണ്ടെത്തിയിട്ടും സച്ചിന് അടിതെറ്റിയിരുന്നു. അങ്ങനെയാണ് നാലാം ടെസ്റ്റ് സിഡ്‌നിയിലെത്തുന്നത്.

2003 സച്ചിന് ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര നല്ല വര്‍ഷമല്ലായിരുന്നു. ഏകദേശം പതിനഞ്ച് മുന്‍ ഇന്നിംഗ്‌സുകള്‍ കണക്കിലെടുത്താല്‍ പോലും രണ്ടോ മൂന്നോ അര്‍ധ സെഞ്ചുറി മാത്രം. ഒറ്റയക്കത്തിന് ഔട്ടായത് നിരവധി തവണ. ഓസീസ് മണ്ണില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്ത സമയം. സിഡ്‌നി ടെസ്റ്റില്‍ അന്ന് സച്ചിന്റെ ജേഷ്ഠന്‍ സച്ചിനോട് പുറത്താകാതെ നില്ക്കാന്‍ വേണ്ടി സച്ചിനെ ചാലഞ്ച് ചെയ്തിരുന്നു. അത് സമ്മതിച്ച സച്ചിന്‍ തീരുമാനിച്ചതോ തന്നെ പുറത്താക്കുന്ന ഓഫ് സ്റ്റംപിന് വെളിയിലെ പന്ത് കളിക്കാതിരിക്കുക. അഥവാ എത്ര പ്രലോഭനങ്ങളുണ്ടായാലും കവര്‍ ഡ്രൈവുകള്‍ വേണ്ട എന്ന തീരുമാനമായിരുന്നു. എന്നാല്‍ സ്റ്റീവ് വോയുടെ ബൗളിംഗ് പടയുടെ സച്ചിനെ പുറത്താക്കാനുള്ള തന്ത്രം മുഴുവന്‍ ആ കവര്‍ ഡ്രൈവില്‍ ഒതുങ്ങിയിരുന്നു. ബ്രെറ്റ് ലീയും, ഗില്ലസ്പിയും നഥാന്‍ ബ്രാക്കനും ഫീല്‍ഡ് സെറ്റ് ചെയ്ത് സച്ചിനെ കുരുക്കാന്‍ വേണ്ടി പന്തെറിഞ്ഞു. സച്ചിന്‍ പക്ഷേ കവര്‍ ഡ്രൈവ് കളിച്ചില്ല. സ്‌ട്രെയിറ്റ് ഡ്രൈവും, ഫ്‌ളിക്കും, സ്വീപ്പുമെല്ലാം കളിച്ചിട്ടും കവര്‍ ഡ്രൈവ് സച്ചിന്‍ കളിച്ചില്ല.

ഡ്രൈവിങ്ങില്‍ നമ്മള്‍ ചിലപ്പോള്‍ മുന്നിലൊരാള്‍ പെട്ടന്ന് വന്ന് നില്‍ക്കുമ്പോള്‍ ബ്രേക്ക് പിടിക്കില്ലേ, അത് ഒരു തരം റിഫ്‌ളക്‌സാണല്ലോ, ബ്രൂസ്‌ലീയെ ഇടിക്കാന്‍ ശ്രമിച്ചാല്‍ അയാളറിയാതെ തന്നെ കൈകള്‍ പ്രതികരിക്കില്ലേ? അങ്ങനെയല്ലേ മനുഷ്യര്‍? അതുപോലെ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഒരു ഷോട്ട്. അത് കളിക്കാതിരിക്കാന്‍ ഒരു ബാറ്റര്‍ക്ക് എങ്ങനെ കഴിയും? അവസരം കിട്ടിയാല്‍ അയാള്‍ കളിക്കും, അറിയാതെ പന്തിലേക്ക് ബാറ്റ് തനിയെ ചെന്ന് പോകില്ലേ. ഏതൊരു ബാറ്ററെയും പോലെ സ്റ്റീവ് വോ അതായിരിക്കും ആലോചിച്ചിട്ടുണ്ടാകുക. പക്ഷേ സച്ചിന്‍ ഏതൊരു ബാറ്ററെയും പോലെയല്ലെന്ന് സ്റ്റീവ് മറന്ന് പോയിരുന്നു. ക്ഷമകെട്ട് അവസാനം സച്ചിന്‍ കവര്‍ ഡ്രൈവിന് ശ്രമിക്കുന്ന നിമിഷത്തിന് വേണ്ടി അവര്‍ കാത്തിരിക്കുന്നുവെന്ന് സച്ചിനും മനസിലായി. തന്റെ ക്ഷമ പരീക്ഷിക്കാനാണോ അവര്‍ ശ്രമിക്കുന്നത്. ഞാനോ അതോ നിങ്ങള്‍ പതിനൊന്നോ, ആരുടെ ക്ഷമ ആദ്യം തീരുമെന്ന് നമുക്കിന്ന് അറിയാം. അതായിരുന്നു സച്ചിന്റെ തീരുമാനം. വിജയവും അവിടെ സച്ചിനൊപ്പം തന്നെ.

സിഡ്‌നിയുടെ ഔട്ട്ഫീല്‍ഡില്‍ അന്ന് പന്തുകള്‍ ഒഴുകി നടന്നു. ബൗണ്ടറികള്‍, സിംഗിളുകള്‍, ഡബിളുകള്‍.. പക്ഷേ എല്ലാം ലെഗ് സൈഡിലാണെന്ന് മാത്രം., അന്നത്തെ സച്ചിന്റെ വാഗണ്‍വീല്‍ പരിശോധിച്ചാല്‍ കാണാം, പിച്ചിന് ഇടത് വശം അഥവാ ഓഫ് സൈഡില്‍ പ്രത്യേകിച്ചും പോയിന്റിന് താഴേക്ക് റണ്‍സ് ഒന്നുമില്ലെന്ന്. ബൗണ്ടറികള്‍ പോയിട്ട് സിംഗിളുകള്‍ പോലുമില്ല. ഓഫ് സൈഡിലെ പുല്ലില്‍ പുല്‍ച്ചാടികള്‍ കൂടുകൂട്ടിയിട്ടുണ്ടാകണം. കെണിയൊരുക്കിയ സ്റ്റീവ് വോയും ഫീല്‍ഡര്‍മാരും നിന്ന് കാല് കഴിച്ചിട്ടുണ്ടാകും. കെണിയില്‍ വീഴുമെന്ന് വിചാരിച്ച ബൗളര്‍മാരുടെ മനസ് മരവിച്ചിട്ടുണ്ടാകണം. എന്തായാലും അത് ഓസീസ് തിരിച്ചറിഞ്ഞപ്പോഴേക്കും അവരുടെ ക്ഷമ നശിച്ചിട്ടുണ്ടായിരുന്നു. സച്ചിന്‍ സ്‌കോര്‍ ബോര്‍ഡില്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും എഴുതിച്ചേര്‍ത്തിട്ടുമുണ്ടായിരുന്നു.

436 പന്തുകള്‍, അതായത് 72 ഓവറുകള്‍, അതില്‍ നിന്ന് നേടിയത് തന്റെ കരിയറിലെ നാലാം ഡബിള്‍ സെഞ്ചുറി. സീരീസ് വിജയിക്കാമെന്ന് വിചാരിച്ചിരുന്ന സ്റ്റീവ് വോ, ഇനി സമനില ലക്ഷ്യമിട്ടാല്‍ മതി എന്ന് മനസിലാക്കിയ ഇന്നിംഗ്‌സ്. സച്ചിന്‍ അന്ന് സെഞ്ചുറി നേടുമ്പോള്‍ കമന്റേറ്റര്‍മാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു, ഇതിനെ കംബാക്ക് എന്ന് വിളിക്കാമോ എന്ന്. തന്റെ ടീമിന് ആവശ്യമുള്ളപ്പോള്‍ എതിരാളികളുടെ സര്‍വ പ്ലാനും തെറ്റിച്ച ആ പെര്‍ഫോര്‍ന്‍സ് കംബാക്കാണോ, അറിയില്ല. എന്നാല്‍ 241 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുമ്പോള്‍, ഗാംഗുലി ആ ഇന്നിംഗ്‌സ് 705 റണ്‍സിന് റിട്ടയര്‍ ചെയ്യുമ്പോള്‍ സിഡ്‌നിയിലെ ജനക്കൂട്ടം അയാളെ അഭിനന്ദിച്ച് എഴുന്നേറ്റ് കൈയ്യടിച്ചുകൊണ്ടിരുന്നു. കാരണം അന്ന് അവര്‍ കണ്ടത് വെറുമൊരു ഡബിള്‍ സെഞ്ചുറി അല്ലായിരുന്നു. കമന്റേറ്റര്‍മാര്‍ പറഞ്ഞു, ഇറ്റ് വാസ് ഇന്നിംഗ്‌സ് ഓഫ് കാരക്ടര്‍ ആന്‍ഡ് ഗ്രേറ്റ് കോണ്‍സന്‍ട്രേഷന്‍. അതെ സച്ചിന് മാത്രം കഴിയുന്ന ഇന്നിംഗ്‌സ്, സച്ചിനെ സച്ചിനാക്കുന്ന കവര്‍ ഡ്രൈവില്ലാത്ത സുന്ദരമായ ഇന്നിംഗ്‌സ്.

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

SCROLL FOR NEXT